പാറ്റ്ന: അഗ്നിപഥ് പ്രതിഷേധത്തിൽ ഇന്നും കുറവില്ല. ബിഹാറിൽ ഒരു ട്രെയിനിന് കൂടി തീയിട്ടു. നളന്ദയിലാണ് സംഭവം. ഇസ്ലാംപൂർ – ഹാതിയ എക്സ്പ്രസിനാണ് പ്രതിഷേധക്കാർ തീയിട്ടത്. മൂന്ന് എസി കോച്ചുകൾ പൂർണമായും കത്തി നശിച്ചു. നിരവധി കോച്ചുകൾ അടിച്ചുതകർത്തിട്ടുണ്ട്. ദില്ലി – ആഗ്ര ദേശീയപാതയിലും ശക്തമായ പ്രതിഷേധമുണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ചില വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. ഇവിടെ ഗതാഗതം ഇപ്പോള്‍ സാധാരണ നിലയിലായെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ അഗ്നിപഥ് പ്രതിഷേധം ഇതുവരെ ഇരുനൂറ് ട്രെയിൻ സർവീസുകളെ ബാധിച്ചതായി ഇന്ത്യൻ റെയിൽവെ അറിയിച്ചിട്ടുണ്ട്. 35 ട്രെയിനുകള്‍ റദ്ദാക്കിയെന്നും 13 ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയെന്നും റെയിൽവെ അറിയിച്ചു. അക്രമം നടത്തുന്നതിൽ നിന്ന് പ്രതിഷേധക്കാർ വിട്ടുനിൽക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ആവശ്യപ്പെട്ടു. റെയിൽവേ വസ്തുവകകൾ നശിപ്പിക്കരുതെന്നും ട്രെയിനുകൾക്ക് നേരെ വ്യാപക ആക്രമണം നടക്കുന്ന സാഹചര്യത്തിൽ മന്ത്രി അഭ്യർത്ഥിച്ചു.
അഗ്നിപഥ് പദ്ധതിയിൽ രണ്ട് ദിവസത്തിനുള്ളിൽ റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം പുറത്തിറങ്ങുമെന്ന് കരസേന മേധാവി വ്യക്തമാക്കി. ഈ വർഷം ഡിസംബറോടെ പരിശീലനം തുടങ്ങുമെന്നും ജനറൽ പാണ്ഡെ പറഞ്ഞു. 2023 പകുതിയോടെ ഇവർ സേനയിൽ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പദ്ധതി ഇന്ത്യയിലെ യുവാക്കൾക്ക് വലിയ അവസരമാണെന്ന് വിദേശകാര്യ മന്ത്രി ജയശങ്കർ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി അഗ്നിവീർ അംഗങ്ങളുടെ പ്രായപരിധി ഉയർത്തിയതോടെ കൊവിഡ് മഹാമാരിയിൽ ഇനി ഈ സ്വപ്നം യാഥാർത്ഥ്യമാകില്ലെന്ന് കരുതിയ പലർക്കും സൈന്യത്തിന്റെ ഭാഗമാകാമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.