KeralaNews

പിണറായിയുടെ കൈവശം 10,000 രൂപ, ഭാര്യയുടെ കൈയ്യില്‍ 2,000; ആകെ ആസ്തി 86.95 ലക്ഷം രൂപ

കണ്ണൂര്‍: കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ നിന്നുമാണ് ഇത്തവണയും അദ്ദേഹം ജനവിധി തേടുന്നത്.

അതേസമയം, പിണറായി വിജയനും ഭാര്യ കമലക്കുമായി ആകെയുള്ള സ്വത്ത് വിവരങ്ങള്‍ നാമനിര്‍ദേശ പത്രികക്കൊപ്പമുള്ള അഫിഡവിറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം പിണറായി വിജയന്റെ കൈയ്യിലുള്ളത് 10,000 രൂപയാണ്. റിട്ട. അധ്യാപിക കൂടിയായ ഭാര്യ കമലയുടെ കൈയ്യില്‍ 2000 രൂപയും മാത്രമാണുള്ളത്.

ഇതിന് പുറമേ തലശ്ശേരി എസ്ബിഐയില്‍ പിണറായി വിജയന് 78,048.51 രൂപയും പിണറായി സര്‍വ്വീസ് സഹകരണ ബാങ്കില്‍ 5400 രൂപയും നിക്ഷേപമുണ്ട്. കൈരളി ചാനലില്‍ 10,000 രൂപയുടെ 1000 ഷെയറും, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍ 500 രൂപയുടെ ഒരു ഷെയറും 100 രൂപ വില വരുന്ന ഒരു ഷെയര്‍ പിണറായി ഇന്‍ഡസ്ട്രിയല്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലുമുണ്ട്. ഇതിന് പുറമേ കിയാലില്‍ ഒരു ലക്ഷം രൂപയുടെ ഷെയറുമുണ്ട്.

സ്വന്തമായി സ്വര്‍ണാഭരണങ്ങളൊന്നും ഇല്ലെന്നാണ് അഫിഡവിറ്റില്‍ വ്യക്തമാക്കുന്നത്. ബാങ്ക് നിക്ഷേപവും ഷെയറുമടക്കം ആകെ 2,04,048.51 രൂപയുടെ നിക്ഷേപമുണ്ട്. ഇതിന് പുറമേ പിണറായിയില്‍ 8.70 ലക്ഷം രൂപ വിലവരുന്ന വിട് ഉള്‍പ്പെടുന്ന 58 സെന്റ് സ്ഥലവും പാതിരിയാട് 7.90 ലക്ഷം വില വരുന്ന 20 സെന്റ് സ്ഥലവും സ്വന്തമായുണ്ട്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ശമ്പളവും വരുമാനവുമാണ് പിണറായി വിജയന്റെ വരുമാനം. കമലക്ക് ആകെ 29,76,717.61 രൂപയുടെ സമ്പത്താണുള്ളത്.

സുപ്രീം കോടതിയിലുള്ള ലാവ്‌ലിന്‍ കേസ് അടക്കം മൂന്ന് കേസുകള്‍ മുഖ്യമന്ത്രിക്കെതിരെയുണ്ട്. പിണറായി വിജയന്‍ ടി നന്ദകുമാറിനെതിരെ നല്‍കിയ നഷ്ടപരിഹാര കേസുമായി ബന്ധപ്പെട്ട് നന്ദകുമാര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത അനുബന്ധ കേസും റോഡ് തടഞ്ഞതുമായി ബന്ധപ്പെട്ട മറ്റൊരു കേസുമാണ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker