കണ്ണൂര്‍: മട്ടന്നൂരില്‍ എസ്.എഫ്.ഐ പ്രതിഷേധത്തെ തുടര്‍ന്ന വാഹനത്തില്‍ നിന്നും റോഡിലിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായെത്തിയതിന് പിന്നാലെയാണിത്. തുടര്‍ന്ന് തന്റെ അടുത്തേക്കുവരാന്‍ എസ്.എഫ്.ഐക്കാരെ അദ്ദേഹം വെല്ലുവിളിച്ചു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.
ഗോ ബാക്ക് മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് പ്രവർത്തകർ ഗവർണർക്കെതിരെ പ്രതിഷേധിച്ചത്. ഇതോടെ തന്റെയടുത്തേക്ക് വരാന്‍ ഗവര്‍ണര്‍ ഇവരെ വെല്ലുവിളിച്ചു. ഗവര്‍ണറോട് വാഹനത്തില്‍ കയറാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. തന്റെ വാഹനത്തിന് നേരെ ആരെങ്കിലുമെത്തിയാൽ താൻ റോഡിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് സംഘര്‍ഷാവസ്ഥയായതോടെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയായിരുന്നു എസ്.എഫ്.ഐ പ്രതിഷേധം.
വയനാട്ടിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാകുന്നതെല്ലാം ചെയ്യുമെന്ന് ഗവർണർ മാനന്തവാടിയിൽ പറഞ്ഞു. ജില്ലയിലെ പ്രശ്‌നങ്ങളുടെ ഗൗരവം തിരിച്ചറിഞ്ഞ ഉടന്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്നു. രണ്ട് ദിവസം മുമ്പ് ജില്ലയിലെത്തണമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍, ജനങ്ങളുടെ പ്രതിഷേധം മൂലം യാത്ര വൈകിപ്പിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
അവരുടെ കണ്ണീരൊപ്പാന്‍
നമുക്ക് സാധിക്കില്ല. എന്നാല്‍, ഇത്തരമൊരു വിഷമഘട്ടത്തിൽ കുടുംബത്തോടൊപ്പമാണ് നമ്മുടെ ഹൃദയമെന്ന് പറയാനാകും. വയനാട്ടിലെ ജനങ്ങളോടൊപ്പം താനുണ്ടെന്നും ഗവർണർ പറഞ്ഞു.