KeralaNews

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. പവന് 560 രൂപയാണ് കൂടിയത്. ഇന്നത്തെ സ്വര്‍ണ വില പവന് 38720 രൂപ. ഗ്രാം വില 70 രൂപ ഉയര്‍ന്ന് 4880 ആയി. ഇന്നലെ പവന്‍ വില 320 രൂപ കൂടിയിരുന്നു. രണ്ടു ദിവസത്തിനിടെയുണ്ടായ വര്‍ധന 880 രൂപ.

യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. മുംബൈ ഓഹരി വിപണി ഇന്നലെ എണ്ണൂറോളം പോയിന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയിലുണ്ടായ നഷ്ടം 252 പോയിന്റ്.മൂലധന വിപണി അനിശ്ചിതത്വം പ്രകടിപ്പിക്കുന്നതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ത്തിലേക്കു തിരിയുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഫെബ്രുവരി ഒന്ന്, രണ്ട് തിയതികളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 35,920 രൂപയായിരുന്നു വില. ഇതായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഫെബ്രുവരി 24-ാം തിയതി സ്വര്‍ണ വില പവന് 37,800 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒറ്റ മാസം കൊണ്ട് സ്വര്‍ണ വിലയില്‍ പവന് 1,680 രൂപയുടെ വര്‍ധനയാണുണ്ടായത്.

റഷ്യ – യുക്രൈന്‍ ആശങ്കകള്‍ വീണ്ടും ഉയര്‍ന്നതോടെയാണ് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ വില പെട്ടന്ന് വര്‍ദ്ധിച്ചത്. യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 3.02 ശതമാനത്തോളം വര്‍ദ്ധിച്ചിരുന്നു.

യുദ്ധ ഭീതിയുടെ തുടക്കത്തില്‍ വില ഉയര്‍ന്നെങ്കിലും പിന്നീട് ഔണ്‍സിന് 1,854.05 ഡോളറിന് താഴേക്ക് വില ഇടിഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും വില കുതിക്കുന്നുണ്ട്. 2022 ജനുവരി ആദ്യം മുതല്‍ തന്നെ കൂടിയും കുറഞ്ഞും അസ്ഥിരമായിരുന്നു സ്വര്‍ണവില.

ജനുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 36,360 രൂപയായിരുന്നു വില. പിന്നീട് വില ഇടിഞ്ഞ് ജനുവരി 10-ാം തിയതി പവന് 35,600 രൂപയായി മാറിയിരുന്നു. ജനുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതേ സമയം ജനുവരി 26-ാം തിയതി പവന് 36,720 രൂപയായി വില ഉയര്‍ന്നിരുന്നു. പിന്നീട് വില ഇടിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button