അമേഠി: വിവാഹത്തിന് മുമ്പ് വരന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നറിഞ്ഞതിന് പിന്നാലെ വരനെ വീട്ടിലേക്ക് വിളിച്ച് വരുത്തി ബന്ദിയാക്കി വധുവിന്‍റെ കുടുംബം. ഉത്തർപ്രദേശിലെ അമേഠിയിൽ ആണ് സംഭവം. വരന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വധുവിന്‍റെ വീട്ടുകാർ വിവാഹം നിർത്തിവച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അയോധ്യയിൽ നിന്നുള്ള സോഹൻലാൽ യാദവിനെയും കുടുംബത്തെയയുമാണ് വധുവിന്‍റെ വീട്ടുകാർ ബന്ദികളാക്കിയത്.
10 മാസം മുമ്പാണ് സോഹൻലാലുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വിവാഹത്തിന് നാല് ദിവസം മുമ്പ് സോഹൻ ലാലിനെ കാണാതായി. സോഹൻലാലിനെ കാണാതായതിന് പിന്നാലെ ഇയാളുടെ കുടുംബം പൊലീസിൽ മിസ്സിംഗ് പരാതിയും നൽകിയിരുന്നു. പിന്നാലെ ഇയാളുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ യുവാവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് മനസിലായി. ഒടുവിൽ പൊലീസിന്‍റെ സഹായത്തോടെയാണ് സോഹൻ ലാലിനെ തിരികെ വീട്ടിലെത്തിച്ചത്.
ഇക്കാര്യങ്ങൾ അറിയാതെ വധുവും കുടുംബവും വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തി. പന്തലും ഭക്ഷണവുമൊക്കെ ഒരുക്കി വരനെയും കൂട്ടരെയും കാത്തിരുന്നുവെങ്കിലും എത്തിയില്ല. തുടർന്ന് പൊലീസിൽ അന്വേഷിച്ചപ്പോഴാണ് വരനെ കാണാതായ വിവരവും മറ്റൊരു യുവതിയുമായുള്ള ബന്ധവും വധുവിന്‍റെ വീട്ടുകാർ അറിയുന്നത്. പൊലീസ് ഇടപെട്ടാണ് വരനും കൂട്ടരും വധുവിന്‍റെ വീട്ടിലേക്കെത്തിയത്. ഞായറാഴ്ച പുലർച്ചെ 2.30 ഓടെ വിവാഹ ഘോഷയാത്രയുമായി വധുവിന്‍റെ വീട്ടിലെത്തി. അപ്പോഴേക്കും വധുവിന്‍റെ വീട്ടുകാർ വരന്‍റെ ബന്ധത്തെക്കുറിച്ച് മനസ്സിലാക്കിയിരുന്നു. ഇതറിഞ്ഞതോടെ വധുവും കുടുംബവും വിവാഹത്തിൽ നിന്നും പിന്മാറി.
പിന്നീട് വധുവും കുടുംബവും സോഹൻലാലിനെയും സംഘത്തെയും ബന്ദിയാക്കുകായിരുന്നു. വിവാഹ ചെലവിനുള്ള നഷ്ടപരിഹാരം നൽകിയതിന് ശേഷം മാത്രമേ വരനെയും സംഘത്തെയും വിടൂ എന്നായിരുന്നു വധുവിന്‍റെ വീട്ടുകാരുടെ തീരുമാനം. തിരികെ പോകാൻ കാറിൽ കയറിയ വരനെ വധുവിന്‍റെ സംഘം വളഞ്ഞു. വരന് വിവാഹത്തിൽ താൽപ്പര്യമില്ലായിരുന്നുവെന്നും ചടങ്ങുകൾ കഴിഞ്ഞപ്പോൾ കല്യാണത്തിന് സമ്മതമില്ലെന്നും കാർ വേണമെന്നും ആവശ്യപ്പെട്ടു. കാർ നൽകാമെന്ന് പറഞ്ഞപ്പോൾ കാറല്ല, പണം വേണമെന്ന് പറഞ്ഞു. ഇതോടെയാണ് വിവാഹം വേണ്ടെന്ന് വച്ചതെന്ന് വധുവിന്‍റെ കുടുംബം പറഞ്ഞു.
എന്നാൽ താൻ വിവാഹത്തിന് തയ്യാറായിരുന്നുവെന്നും തന്നെ കാണാതിയിട്ടില്ലെന്നുമാണ് സോഹൻലാൽ പറയുന്നത്. വിവാഹത്തിന് നാല് ദിവസം മുമ്പ് ഞാൻ ലഖ്‌നൗവിലായിരുന്നു. അവിടെ വെച്ച് മൊബൈൽ ഫോൺ ഓഫായി. ഫോൺ ഓണായപ്പോൾ പൊലീസിന്‍റെ കോൾ വന്നു, അത് പ്രകാരം പൊലീസ് സ്റ്റേഷനിൽ എത്തി. മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും സോഹൻലാൽ പറഞ്ഞു.