FeaturedHome-bannerInternationalNews

രാജ്യംവിടാന്‍ കാബൂള്‍ വിമാനത്താവളത്തില്‍ തിക്കുംതിരക്കും; അഞ്ചുപേര്‍ മരിച്ചു

കാബൂൾ:അഫ്ഗാനിസ്ഥാനിൽനിന്നുള്ള ജനങ്ങളുടെ കൂട്ടപ്പലായനത്തിനിടെ കാബൂളിൽ അഞ്ച് മരണം. വിമാനത്തിൽ കയറിപ്പറ്റാനുള്ള തിക്കിലും തിരക്കിലും പെട്ടാണ് അഞ്ചുപേർ മരിച്ചതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ വിമാനത്താവളത്തിൽനിന്ന് വെടിയൊച്ചകൾ കേട്ടതായും ചില മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. വെടിവെപ്പിലാണോ മരണം സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല.

രാജ്യം താലിബാന്റെ നിയന്ത്രണത്തിലാവുകയും പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യംവിടുകയും ചെയ്തതിന് പിന്നാലെ പരിഭ്രാന്തരായ ജനങ്ങൾ വിമാനത്താവള ടെർമിനലിലേക്ക് ഇരച്ചെത്തുകയായിരുന്നു. കൈക്കുഞ്ഞുങ്ങൾ അടക്കമുള്ളവരുമായി ആയിരക്കണക്കിന് ജനങ്ങൾ എത്തിയത് വിമാനത്താവളത്തിൽ വലിയ തിക്കുംതിരക്കും സൃഷ്ടിച്ചു. പരിഭ്രാന്തരായ ജനങ്ങൾ വിമാനത്തിൽ തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് അഞ്ച് പേർ മരിച്ചതെന്നാണ് റിപ്പോർട്ട്.

കാബൂൾ വിമാനത്താവളത്തിൽ വെടിവെപ്പുണ്ടായതായും വിമാനത്താവളത്തിൽനിന്ന് പ്രാദേശിക പത്രപ്രവർത്തകർ പകർത്തിയ ദൃശ്യങ്ങളിൽ ചിലതിൽ വെടിയൊച്ചകൾ കേൾക്കാമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. വിമാനത്താവളത്തിലെ ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ അമേരിക്കൻ സേന ആകാശത്തേക്ക് വെടിയുതിർത്തതാണെന്ന് ചില വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ വ്യോമസേനയുടെ ഏതാനും വിമാനങ്ങൾ കബൂൾ വിമാനത്താവളത്തിൽ ഉണ്ട്.

അഫ്ഗാന്റെ വ്യോമമാർഗം അടച്ചതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് വൈമാനികർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അമേരിക്കയിൽനിന്ന് എത്തിയ വിമാനങ്ങൾ ഇതോടെ വഴിതിരിച്ചുവിട്ടതായി അധികൃതർ വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള ചിക്കാഗോ-ന്യൂഡൽഹി (AI-126), സാൻഫ്രാൻസിസ്കോ-ന്യൂഡൽഹി (AI-174) വിമാനങ്ങളാണ് ഗൾഫ് മേഖലയിലൂടെ വഴിതിരിച്ചുവിട്ടത്. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമം ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചതിന് പിന്നാലെ രാജ്യം വിട്ട പ്രസിഡന്റ് അഷ്റഫ് ഗനിക്ക് പ്രവേശനാനുമതി നിഷേധിച്ച് താജിക്കിസ്താൻ.അതോടെ അഷ്റഫ് ഗനി ഒമാനിൽ ഇറങ്ങി.അദ്ദേഹം അമേരിക്കയിലേക്ക് പോയേക്കുമെന്നാണ് റിപ്പോർട്ടുകൾ. താലിബാൻ കാബൂളിൽ പ്രവേശിച്ചതോടെയാണ് ഗനിയും അദ്ദേഹത്തോട് അടുത്ത ഏതാനും പേരും രാജ്യം വിട്ടത്.

കാബൂളിലേക്ക് താലിബാൻ ഭീകരർ പ്രവേശിച്ചതോടെ അധികാരമൊഴിയാൻ തയ്യാറാണെന്ന് അഷ്റഫ് ഗനി വ്യക്തമാക്കിയിരുന്നു. അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും അഫ്ഗാൻ ആഭ്യന്തരമന്ത്രി അബ്ദുൾ സത്താർ മിർസാക്ക്വൽ പറഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ പരിഭ്രാന്തരാവരുതെന്നും കാബൂൾ നഗരത്തിൽ ആക്രമണങ്ങൾ നടക്കില്ലെന്നും സമാധാനപരമായി ഇടക്കാല സർക്കാരിന് അധികാരം കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ അഫ്ഗാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി രാജ്യം വിട്ടിട്ടില്ല. തന്റെ പെൺകുട്ടികളോടൊപ്പം കാബൂളിലുണ്ടെന്ന് കർസായി പറഞ്ഞിരുന്നു. ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വീഡിയോ സന്ദേശത്തിൽ ഹമീദ് കർസായി താലിബാനോട് അഭ്യർത്ഥിച്ചിരുന്നു. ജനങ്ങളോട് സംയമനം പാലിച്ച് വീടുകളിൽ തന്നെ കഴിയണമെന്ന് അഭ്യർത്ഥിച്ച കർസായി രാഷ്ട്രീയ നേതൃത്വത്തോട് പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും അഭ്യർത്ഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button