InternationalNews

അഫ്ഗാനില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചവരുടെ ജീവിതം ഇന്ന് മരണത്തിന്റെ നിഴലില്‍,കരലളലിയ്ക്കുന്ന കുറിപ്പ്

ലണ്ടൻ:എന്നും രാത്രി കാബൂളിലെ സ്ത്രീകളും പുരുഷൻമാരും എനിക്ക് മെസ്സേജുകൾ അയക്കും, ഇവിടെ സ്ഥിതി ഗുരുതരമാണും ഞങ്ങൾ ആശങ്കയിലാണെന്നും പറയും, പ്രാർത്ഥിക്കാൻ ആവശ്യപ്പെടും. എന്തെങ്കിലും രക്ഷയുണ്ടോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്’- യാൾഡ ഹക്കീം

ആരെങ്കിലും ഞങ്ങളെയൊന്ന് രക്ഷിക്കൂ എന്നുപറഞ്ഞ് നിലവിളികൂട്ടുകയാണ് അഫ്ഗാനിലെ സ്ത്രീകൾ. സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചവരുടെ ജീവിതം ഇന്ന് മരണത്തിന്റെ നിഴലിലാണ്. ബിബിസിയുടെ കാബൂളിലെ റിപ്പോർട്ടർ യാൾഡ ഹക്കീമിന്റെവാക്കുകളിലേക്ക്-

താലിബാൻ ഓരോ നഗരങ്ങളും കീഴടക്കുമ്പോൾ നടുങ്ങി കഴിയുകയാണ് കാബൂൾ നിവാസികൾ. അഫ്ഗാനിസ്ഥാനിലെ 18 പ്രവിശ്യകളും താലിബാൻ ഇതിനോടകം പിടിച്ചടക്കി കഴിഞ്ഞു. ഇനി അവരുടെ ലക്ഷ്യം കാബൂളാണെന്ന് അവിടെ എല്ലാവർക്കും അറിയാം.

”എനിക്ക് ഇവിടുന്ന് പുറത്ത് കടക്കണം സഹായിക്കാമോ? സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി, അഫ്ഗാനിസ്ഥാനിൽ ജനാധിപത്യം നിലനിൽക്കുന്നതിന് വേണ്ടി നിരവധി പ്രവത്തനങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. കൊല്ലപ്പെടുമെന്ന് ഞാൻ ഭയക്കുന്നു” -കാബൂളിൽ നിന്നും ലേഖികയ്ക്ക് ലഭിച്ച സന്ദേശം

അഫ്ഗാനിസ്ഥാനിൽ നിന്ന് വർഷങ്ങളായി ഞാൻ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ എനിക്കറിയാം. മിക്കവരും അടുത്ത സുഹൃത്തുക്കളാണ്. അമേരിക്കൻ സഖ്യസേനയുടെ പിന്തുണയിൽ പടുത്തുയർത്തിയ അഫ്ഗാൻ ഭരണകൂടത്തിന് കീഴിൽ വളർന്നുവന്ന ഒരു തലമുറ ഇവിടെയുണ്ട്. എല്ലാ സ്വാതന്ത്ര്യങ്ങളും അനുഭവിച്ച് വളർന്ന ഒരു തലമുറ. അവരിന്ന് സ്വാതന്ത്ര്യത്തിൽ നിന്ന് അകലെയാണ്.

”നിലവിലെ സ്ഥിതി ഭയജനകമാണ്. ഞാൻ താമസിക്കുന്ന പ്രദേശത്ത് ഇന്ന് രാത്രി താലിബാൻ സേന എത്തുമെന്നാണ് അഭ്യൂഹങ്ങൾ, ഞങ്ങൾക്ക് പേടിയാകുന്നു” -കാബൂളിൽ നിന്നും ലേഖികയ്ക്ക് ലഭിച്ച സന്ദേശം

കാബൂളിൽവെച്ച് താലിബാന്റെ ഒരു കമാൻഡറുമായി സംസാരിച്ചിരുന്നു. അവർ പറയുന്നത് ശരീഅത്ത് നിയമം അഫ്ഗാനിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നാണ് ശരീഅത്ത് നിയമം അവരെ പേടിപ്പെടുത്തുന്നു. ഈ നിയമപ്രകാരമുള്ള ശിക്ഷകൾ ഭീകരമാണ്. വിവാഹേതര ബന്ധത്തിന് കല്ലെറിഞ്ഞ് കൊല്ലും, കളവ് ചെയ്താൽ കൈ മുറിച്ച് മാറ്റും, 12 വയസ്സ് കഴിഞ്ഞാൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അവകാശം നൽകില്ല. അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ, യുവതീയുവാക്കൾ ആഗ്രഹിക്കുന്ന ജീവിതം ഇതല്ല. താലിബാന് കീഴിൽ ശ്വാസംമുട്ടിക്കഴിയുന്ന അഫ്ഗാനിസ്ഥാനല്ല അവരുടെ സ്വപ്നം. എന്നാൽ താലിബാൻ കാബൂളിൽ പിടിമുറുക്കുമ്പോൾ അവർക്ക് ഓടിയൊളിക്കാൻ സ്ഥലമില്ല.

”ഞാനൊരു ആക്ടിവിസ്റ്റാണ് വിദ്യാസമ്പന്നയായ യുവതിയാണ്. എന്നേയും എന്റെ കുടുംബത്തേയും താലിബാൻ ഇല്ലാതാക്കും. ഞാനാരാണെന്ന് ഇവിടെ എല്ലാവർക്കും അറിയാം”- കാബൂളിൽ നിന്നും ലേഖികയ്ക്ക് ലഭിച്ച സന്ദേശം

”വീടിന് താഴെ ഭൂഗർഭ അറയുണ്ടാക്കി അതിലാണ് ഞങ്ങൾ ഇപ്പോൾ താമസം. എല്ലാ രേഖകളും ഞങ്ങൾ ഒളിപ്പിച്ചിരിക്കുകയാണ്. എല്ലാ കാലവും ഇങ്ങനെ ഒളിച്ചിരിക്കാനാവില്ല എന്നറിയാം. പാതിരാത്രി ചീറിപ്പാഞ്ഞ് വരുന്ന മിസൈലുകളിൽ നിന്നും ബുള്ളറ്റുകളിലിൽ നിന്നും താത്കാലിക രക്ഷമാത്രമാണിത്. താലിബാൻ തീവ്രവാദികൾ വീടുവീടാന്തരം കയറി പരിശോധിക്കുന്ന ദിവസംവരെ ഞങ്ങൾ സുരക്ഷിതരായിരിക്കുമെന്ന് കരുതുന്നു” -കാബൂളിൽ നിന്ന് ലേഖികയ്ക്ക് ലഭിച്ച സന്ദേശം

അമേരിക്കയുമായും സർക്കാരുമായും എന്തെങ്കിലും ബന്ധമുള്ള എല്ലാവരേയും താലിബാൻ കൊലപ്പെടുത്തുമെന്നാണ് ഇവിടെ എല്ലാവരും പറയുന്നത്. ഞങ്ങൾ പേടിച്ചാണ് ജീവിക്കുന്നത്- ചിലർ എന്നോട് പറഞ്ഞു. എന്നാൽ ഇവരുടെ നിലവിളികൾ ആര് കേൾക്കും? അമേരിക്കയ്ക്കും സഖ്യസേനയ്ക്കും ഇവരോട് എന്താണ് പറയാനുള്ളത്, ഈ മൗനം മാത്രമാണോ അവർക്കുള്ള മറുപടി?

കാബൂളിന് 50 കിലോ മീറ്റര്‍ അടുത്ത് താലിബാന്‍ എത്തിയതോടെ എംബസികളില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്‍വലിച്ച് ലോക രാജ്യങ്ങള്‍. കാണ്ഡഹാര്‍ ഉള്‍പ്പെടെ താലിബാന്‍ പിടിച്ചടക്കിയതിന് പിന്നാലെ ഒഴിപ്പിക്കല്‍ നടപടികള്‍ സുഗമമാക്കാന്‍ 3000 യുഎസ് സൈനികരാണ് അഫ്ഗാനില്‍ വീണ്ടും എത്തിയത്. ബ്രിട്ടണ്‍, ജര്‍മനി, ഡെന്മാര്‍ക്ക്, സ്പെയിന്‍ അടക്കമുള്ള രാജ്യങ്ങളും തങ്ങളുടെ പ്രതിനിധികളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എംബസികളിലെ അതീവ പ്രാധന്യമുള്ള രേഖകള്‍ താലിബാന്റെ കൈവശം എത്താതിരിക്കാന്‍ അവ നശിപ്പിക്കാന്‍ രാജ്യങ്ങള്‍ കാബൂളിലെ നയതന്ത്ര പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിനിടെ കാണ്ഡഹാറിലെ റേഡിയോ സ്റ്റേഷന്‍ പിടിച്ചടക്കിയ ഭീകരര്‍ സംഗീത സംപ്രേഷണം നിരോധിച്ചതായും വാര്‍ത്തകളുണ്ട്.

സേന പിന്‍മാറ്റത്തിന് പിന്നാലെ ഡ്രോണുകളടക്കമുള്ള അമേരിക്കയുടെ വന്‍ ആധുനിക ആയുധ ശേഖരവും വാഹനങ്ങളും താലിബാന്റെ കൈവശം എത്തിചേര്‍ന്നതാണ് അഫ്ഗാന്‍ സൈന്യത്തിന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. പിന്‍മാറ്റത്തിന് പിന്നാലെ വലിയ തോതില്‍ ആയുധങ്ങള്‍ അമേരിക്ക ഉപേക്ഷിച്ചിരുന്നു. അഫ്ഗാന്‍ സൈന്യത്തെ അറിയിക്കാതെയാണ് പല സൈനിക കേന്ദ്രങ്ങളും യുഎസ് സൈന്യം ഉപേക്ഷിച്ചത്. താലിബാന് ഇത് ഗുണം ചെയ്തു എന്നാണ് വിലയിരത്തപ്പെടുന്നത്.

അതേ സമയം രാജിവെക്കില്ലെന്നും താലിബാനെതിരെ സേനയുടെ പുനര്‍വ്യന്യാസത്തിനാണ് മുഖ്യപരിഗണനയെന്നും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷറഫ് ഗാനി പറഞ്ഞു. ജനങ്ങള്‍ക്ക് മേല്‍ യുദ്ധം അടിച്ചേല്‍പ്പിക്കാനോ, കൂടുതല്‍ മരണങ്ങള്‍ക്കോ ആഗ്രഹിക്കുന്നില്ല. അഫ്ഗാന്‍ ജനതയ്ക്കു സമാധാനം ഉറപ്പാക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായും അദേഹം പറഞ്ഞു. എന്നാല്‍ പ്രസിഡന്റ് രാജി വെച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് സാധ്യതയൊള്ളു എന്നതാണ് താലിബാന്റെ നിലപാട്.

തലസ്ഥാനം ലഷ്യമാക്കിയുള്ള താലിബാന്‍ മുന്നേറ്റം തുടരുമ്പോള്‍ ഒട്ടും ആശ്വാസ്യകരമല്ല അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വാര്‍ത്തകള്‍. ഇതുവരെ 18 പ്രവിശ്യകള്‍ താലിബാന്റെ പൂര്‍ണ നിയന്ത്രണത്തിലായി കഴിഞ്ഞു. ഭീകരര്‍ നിയന്ത്രിക്കുന്ന മേഖലകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ നടക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളാണെന്നായിരുന്നു യുഎന്‍ ജനറല്‍ സെക്രട്ടറി ആന്റേണിയോ ഗുട്ടറാസിന്റെ പ്രതികരണം. അഫ്ഗാനില്‍ നിന്നും വരുന്നത് ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്ന് ലോകരാജ്യങ്ങളോട് ഗുട്ടറാസ് അഭ്യര്‍ഥിച്ചു. താലിബാന്‍ നിയന്ത്രിത മേഖലകളില്‍ നിന്നും ജനങ്ങളുടെ കൂട്ട പലായനം തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button