കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ പോലീസിന് കൈമാറില്ലെന്ന പ്രതി ദിലീപിന്റെ നിലപാടിനെ വിമര്‍ശിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ദിലീപ് എന്ന വ്യക്തി നിയമത്തിനു മുകളില്‍ ആണോയെന്നും കേരളത്തിലെ പൊലീസും കോടതിയുമൊക്കെ ഇയാളുടെ കാല്‍ക്കീഴിലാണോയെന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. ഫോണ്‍ കണ്ടെത്തി തെളിവ് ശേഖരിക്കാന്‍ സി.ആര്‍.പി.സി 438 ലെ ഒരപേക്ഷ പരിഗണിക്കുന്ന കോടതിയുടെയോ പ്രതിയായ ദിലീപിന്റെയോ ഔദാര്യം പൊലീസിന് വേണ്ടെന്നും ജനാധിപത്യ മര്യാദ കൊണ്ടാണ് പൊലീസ് അത് ചെയ്യാത്തതെന്നും ഹരീഷ് പറഞ്ഞു.
ഒരു പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്ന സമയം നിര്‍ണ്ണായകമാണ്, എപ്പോഴെങ്കിലും പ്രതിയെ കസ്റ്റഡിയില്‍ കിട്ടിയാല്‍ പോരാ. കേസ് അന്വേഷണത്തോട് തെളിവ് കൊടുത്തു സഹകരിക്കാതെ ഇരിക്കാനുള്ള, പൂര്‍ണ്ണമായി മൗനം പാലിക്കാനുള്ള എല്ലാ അവകാശവും പ്രതിക്കുണ്ട്.
എന്നാല്‍, പൊലീസ് അന്വേഷിക്കുന്ന നിര്‍ണ്ണായക തെളിവ് താന്‍ മാനിപുലേറ്റ് ചെയ്യുന്നു എന്നു കോടതിയോടും പൊലീസിനോടും പറയാന്‍ ദിലീപിനെപ്പോലെ സ്വാധീനമുള്ള ഒരു പ്രതിക്ക് മാത്രമേ സാധിക്കൂ.
സി.ആര്‍.പി.സി 91 അനുസരിച്ചു നോട്ടീസ് കൊടുത്താല്‍ ഹാജരാക്കേണ്ട വസ്തുവാണ് മൊബൈല്‍ ഫോണ്‍. അത് ഇന്ന് കസ്റ്റഡിയില്‍ കിട്ടുന്നതും നാളെ കിട്ടുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. തെളിവ് നശിപ്പിക്കും മുന്‍പ് വേണം അത് കിട്ടാന്‍. ഇത്രയും പരിഗണന കോടതിയില്‍ നിന്ന് മറ്റേത് പ്രതിക്ക് കിട്ടുന്നുണ്ട്? ദിലീപിന്റെ അറസ്റ്റ് വൈകിച്ചത് ഹൈക്കോടതി ഉത്തരവാണ്. അതിനു തികച്ചും ന്യായമുണ്ടായിരുന്നു. എന്നാല്‍ ആ സമയം കൊണ്ട് തെളിവ് നശിപ്പിക്കാന്‍ ദിലീപ് സ്വകാര്യ ലാബിനെ സമീപിച്ചു എന്ന ഒറ്റ കാരണത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളേണ്ടതാണെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ദിലീപ് നിയമത്തിനു മുകളില്‍ ആണോ??
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേസുകളില്‍ ഒന്നിലെ പ്രതി പറയുകയാണ് പൊലീസ് അന്വേഷിക്കുന്ന ഡിജിറ്റല്‍ തെളിവ് താന്‍ കൊടുക്കില്ല, അതിലെ തെളിവ് താന്‍ തന്നെ സ്വകാര്യ ലാബില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു എന്ന്.
കേരളത്തിലെ പൊലീസും കോടതിയുമൊക്കെ ഇയാളുടെ കാല്‍ക്കീഴിലാണോ? സി.ആര്‍.പി.സി 438 ലെ ഒരപേക്ഷ പരിഗണിക്കുന്ന കോടതിയുടെയോ പ്രതിയായ ദിലീപിന്റെയോ ഔദാര്യം വേണോ പൊലീസിന് ആ തെളിവ് ശേഖരിക്കാന്‍? വേണ്ട. ജനാധിപത്യ മര്യാദ കൊണ്ടാണ് പോലീസ് അത് ചെയ്യാത്തത്.
ഒരു പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്ന സമയം നിര്‍ണ്ണായകമാണ്, എപ്പോഴെങ്കിലും കസ്റ്റഡിയില്‍ കിട്ടിയാല്‍ പോരാ. കേസ് അന്വേഷണത്തോട് തെളിവ് കൊടുത്തു സഹകരിക്കാതെ ഇരിക്കാനുള്ള, പൂര്‍ണ്ണമായി മൗനം പാലിക്കാനുള്ള എല്ലാ അവകാശവും പ്രതിക്കുണ്ട്.
എന്നാല്‍, പോലീസ് അന്വേഷിക്കുന്ന നിര്‍ണ്ണായക തെളിവ് താന്‍ മാനിപുലേറ്റ് ചെയ്യുന്നു എന്നു കോടതിയോടും പൊലീസിനോടും പറയാന്‍ ദിലീപിനെപ്പോലെ സ്വാധീനമുള്ള ഒരു പ്രതിക്ക് മാത്രമേ സാധിക്കൂ. സി.ആര്‍.പി.സി 91 അനുസരിച്ചു നോട്ടീസ് കൊടുത്താല്‍ ഹാജരാക്കേണ്ട വസ്തുവല്ലേ മൊബൈല്‍ ഫോണ്‍? അത് ഇന്ന് കസ്റ്റഡിയില്‍ കിട്ടുന്നതും നാളെ കിട്ടുന്നതും തമ്മില്‍ വലിയ വലിയ വ്യത്യാസമില്ലേ? തെളിവ് നശിപ്പിക്കും മുന്‍പ് വേണ്ടേ കിട്ടാന്‍?
ഇത്രയും പരിഗണന കോടതിയില്‍ നിന്ന് മറ്റേത് പ്രതിക്ക് കിട്ടുന്നുണ്ട്? ദിലീപിന്റെ അറസ്റ്റ് വൈകിച്ചത് ഹൈക്കോടതി ഉത്തരവാണ്. അതിനു തികച്ചും ന്യായമുണ്ടായിരുന്നു. എന്നാല്‍ ആ സമയം കൊണ്ട് തെളിവ് നശിപ്പിക്കാന്‍ ദിലീപ് സ്വകാര്യ ലാബിനെ സമീപിച്ചു എന്ന ഒറ്റ കാരണത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളേണ്ടതാണ്.
Not to arrest order തെളിവ് നശിപ്പിക്കാനുള്ള മറയായി ഉപയോഗിക്കാന്‍ ബഹു ഹൈക്കോടതി നിന്ന് കൊടുക്കാന്‍ പാടില്ലാ.
ഇതൊരു അഭിഭാഷകന്റെ അവശ്യമല്ല, നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുള്ള ഒരു പൗരന്റെ തുറന്ന ചിന്ത മാത്രമാണ്.