KeralaNews

കുഞ്ഞിന്റെ ഡി.എന്‍.എ സാംപിളുകള്‍ ശേഖരിച്ചു; തിരിമറിക്ക് സാധ്യതയെന്ന ആരോപണവുമായി അനുപമ

തിരുവനന്തപുരം: അനധികൃത ദത്തുകേസിലെ കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചു. രാജീവ് ഗാന്ധി ഇന്‍സ്റ്റ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയില്‍ നിന്നുള്ള വിദഗ്ദ്ധര്‍ കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിര്‍മല ശിശുഭവനിലെത്തിയാണ് സാമ്പിള്‍ ശേഖരിച്ചത്. എന്നാല്‍ അനുപമയുടേയും അജിത്തിന്റേയും സാമ്പിളുകള്‍ എന്ന് ശേഖരിക്കുമെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച അറിയിപ്പ് അനുപമക്ക് നല്‍കിയിട്ടില്ല.

ഇതിനിടയില്‍ ഡിഎന്‍എ പരിശോധയില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ആശങ്കപ്പെടുന്നതായി കേസിലെ പരാതിക്കാരി അനുപമ എസ്. ചന്ദ്രന്‍ ആരോപിച്ചു.തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടവര്‍ക്ക് വീണ്ടും പരിശോധനയുടെ ഉത്തരവാദിത്വം കൊടുക്കുന്നത് തന്നെ മര്യാദകേടാണെന്ന് അനുപമ പറഞ്ഞു. അവര്‍ക്ക് തന്നെ വീണ്ടും ഉത്തരവാദിത്വം കൊടുത്താല്‍ പ്രതികാര മനോഭാവത്തോടെയാകും പെരുമാറുക.

എന്തുകൊണ്ടാണ് സാമ്പിളുകള്‍ ഒരുമിച്ച് എടുക്കാത്തത് നേരത്തെ, ഒരു കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തിയതാണ്. അന്ന് ഒരുമിച്ചാണ് സാമ്പിള്‍ ശേഖരിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി.ഡിഎന്‍എ പരിശോധനക്കായി എന്ന് സാമ്പിള്‍ എടുക്കും, എപ്പോള്‍ എടുക്കും, എങ്ങനെ എടുക്കും ഇങ്ങനെ ഒന്നിലും ഔദ്യോഗികമായ അറിയിപ്പ് തന്നിട്ടില്ലെന്ന് അനുപമ ആരോപിച്ചു. ഡിഎന്‍എ പരിശോധക്കായി സാമ്പിള്‍ നല്‍കാന്‍ ഹാജരാകാന്‍ ഇതുവരെ അറിയിപ്പ് നല്‍കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

‘ഞങ്ങള്‍ക്ക് ഉത്കണ്ഠ ഉണ്ടാകില്ലെ കുഞ്ഞിന്റെ കാര്യത്തില്‍ ഡിഎന്‍എ സാമ്പിള്‍ എടുക്കാന്‍ കൊണ്ടുവരുന്ന കുഞ്ഞ് എന്റെ തന്നെയാണോ എന്ന കാര്യത്തില്‍ എന്തെങ്കിലും ഉറപ്പുണ്ടോ വേറെ കുഞ്ഞിനെയല്ല കൊണ്ടുവരുന്നതെന്ന് എന്ത് ഉറപ്പ് സാമ്പിള്‍ യോജിച്ചില്ലെങ്കില്‍ ആര് ഉത്തരവാദിത്വം ഏറ്റെടുക്കും ഇക്കാര്യത്തിലെല്ലാം വലിയ വിഷമുണ്ടെന്ന് അനുപമ പറഞ്ഞു. നേരത്തെ, ദത്തുവിവാദത്തില്‍ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ജില്ലാ ശിശുക്ഷേമസമിതി നിയോഗിച്ച പ്രത്യേകസംഘം ആന്ധ്രയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു.

ഞായറാഴ്ച രാത്രി 8.28-നാണ് കുഞ്ഞുമായി സംഘം വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. പതിനഞ്ചുമിനിറ്റിനകം കുഞ്ഞിനെ കുന്നുകുഴിയിലുള്ള നിര്‍മല ശിശുഭവനിലെത്തിച്ചു. ഡി.എന്‍.എ. പരിശോധന നടത്തുംവരെ ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ സംരക്ഷണയിലായിരിക്കും കുഞ്ഞ്. അതിനുശേഷം സംരക്ഷിക്കാന്‍ കഴിയുന്നയാളെ കണ്ടെത്തി കൈമാറും.

വന്‍ പോലീസ് സുരക്ഷയാണ് കുഞ്ഞിനെ കൊണ്ടുവരുന്നതിനായി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്. കനത്ത സുരക്ഷയില്‍ത്തന്നെ കുഞ്ഞിനെയും കൊണ്ടുവന്ന സ്ത്രീയെയും പ്രത്യേക കാറില്‍ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോയി. ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനുള്‍പ്പെടെ മൂന്നുപോലീസുകാരും ഒരു സാമൂഹികപ്രവര്‍ത്തകയുമാണ് സംഘത്തിലുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button