26.6 C
Kottayam
Saturday, May 18, 2024

അനുപമ നിരാഹരസമരം അവസാനിപ്പിച്ചു,അസാധാരണവും സങ്കീർണവുമായ കേസെന്ന് വീണ ജോർജ്

Must read

തിരുവനന്തപുരം:അമ്മ (anupama) എതിർത്തിട്ടും കുഞ്ഞിനെ ദത്തെടുത്ത(adoption) കൊടുത്ത സംഭവത്തിൽ വകുപ്പ് തല അന്വേഷണം തുടങ്ങിയതായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ്ജ് (veena george) അറിയിച്ചു. അനുപമ വിഷയത്തിൽ സ്റ്റേറ്റ് അഡോപ്ഷൻ ഏജൻസി മുഖാന്തിരം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ട്.ഈ വിഷയത്തിൽ നിയമപരമായ സങ്കീർണ്ണത ഇല്ലാതാക്കാനാണ് കോടതിയെ സമീപിച്ചത്.

കുഞ്ഞിനെ ദത്തെടുത്ത് നൽകിയതിൽ ശിശുക്ഷേമ സമിതിക്ക് വീഴ്ച പറ്റിയോയെന്ന് സമഗ്രമായി അന്വേഷിക്കുമെന്നും അന്വേഷണത്തിൻ്റെ പ്രാഥമിക റിപ്പോർട്ട് നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീണ ജോർജ് പറഞ്ഞു. ധാരാളം സങ്കീർണതകളുള്ള അസാധാരണമായ ഒരു കേസാണിത്. പക്ഷേ പ്രതിബന്ധങ്ങളെന്തൊക്കെയുണ്ടെങ്കിലും അമ്മയ്ക്ക് കുഞ്ഞിനെ ലഭിക്കണമെന്നാണ് സർക്കാരിൻ്റെ നിലപാടെന്നും വീണ ജോർജ്ജ് പറഞ്ഞു.

അതേസമയം സർക്കാർ കോടതിയിൽ നിലപാട് മാറ്റുമെന്ന് വ്യക്തമായതോടെ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്ന നിരാഹാര സമരം അനുപമ അവസാനിപ്പിച്ചു. കുഞ്ഞിനെ തിരികെ കിട്ടുമെന്ന പ്രതീക്ഷ ഇപ്പോൾ ഉണ്ടെന്നും കൂടെ നിന്നവർക്കെല്ലാം ഈ ഘട്ടത്തിൽ നന്ദി പറയുന്നതായും അനുപമ പറഞ്ഞു. ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുന്ന കാര്യം അഭിഭാഷകനുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും അനുപമ വ്യക്തമാക്കി.

അനുപമ വിഷയത്തിൽ സാമൂഹികനീതി, ശിശുക്ഷേമ വകുപ്പ് മന്ത്രിമാർക്കെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തു വന്നു. ആറ് മാസമായി ഈ പെൺകുട്ടി (അനുപമ) സ്വന്തം കുഞ്ഞിനായി സ‍ർക്കാർ ഓഫീസുകൾ കേറിയിറങ്ങുകയാണ്. ഈ സമയത്തൊക്കെ എവിടെയായിരുന്നു വനിതാ ശിശുക്ഷേമമന്ത്രി വീണ ജോർജ്, എവിടെയായിരുന്നു സാമൂഹിക നീതി മന്ത്രി ആർ.ബിന്ദു, എവിടെയായിരുന്നു ശിശുക്ഷേമസമിതി. സർക്കാർ സംവിധാനങ്ങളെ അട്ടിമറിച്ചു കൊണ്ട് പാ‍ർട്ടി പ്രവ‍ർത്തിച്ചതോടെയാണ് കുഞ്ഞിനെ അമ്മയുടെ താത്പര്യത്തിന് വിരുദ്ധമായി ദത്തു പോകുന്ന അവസ്ഥയുണ്ടായത് – വിഡി സതീശൻ പറഞ്ഞു.

മാതാപിതാക്കളുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ അനുപമയ്ക്കും അജിത്തിനും എതിരെ അജിത്തിന്റെ ആദ്യഭാര്യ നസിയ രംഗത്തെത്തിയിരുന്നു.അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയതെന്ന് നസിയ മാധ്യമങ്ങളോട് പറഞ്ഞു. നിര്‍ബന്ധമായാണ് ഡിവോഴ്സ് ചെയ്യിപ്പിച്ചത്. ഒരുകാരണവശാലും ഡിവോഴ്സ് നല്‍കില്ല എന്ന് താന്‍ പറഞ്ഞതിന് ശേഷമാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് നല്‍കാന്‍ അനുപമ തയ്യാറായത്.

അബോധാവസ്ഥയില്‍ അനുമതി എഴുതിവാങ്ങി എന്നത് തെറ്റാണ്. ആ സമയത്ത് അനുപമയ്ക്ക് ബോധമുണ്ടായിരുന്നു. താന്‍ പോയി കണ്ടതാണ്’-നസിയ പറഞ്ഞു. അതേസമയം, ആരോപണം നിഷേധിച്ച് അനുപമ രംഗത്തുവന്നു. ‘തന്നില്‍ നിന്ന് സമ്മതപത്രം എഴുതിവാങ്ങിയ സമയത്ത് അജിത്തിന്റെ ആദ്യ ഭാര്യ അവിടെ ഉണ്ടായിരുന്നില്ല. അജിത്തിന്റെ മുന്‍ ഭാര്യയുടെ കാര്യമല്ല, കുഞ്ഞിന്റെ വിഷയമാണ് ഉയര്‍ത്തുന്നത്. വിഷയത്തില്‍ നിന്ന് മാറ്റാനാണ് നസിയയെ ഇതിലേക്ക് വലിച്ചിടുന്നത്.അജിത്തിന് ഡിവോഴ്സ് കൊടുക്കരുതെന്ന് തന്റെ മാതാപിതാക്കള്‍ പലപ്പോഴും നസിയയോട് പറഞ്ഞിരുന്നു.’അനുപമ പറഞ്ഞു.

കുഞ്ഞിനെ വിട്ടുകിട്ടാനായുള്ള അനുപമയുടെ സമരത്തിന് പൂര്‍ണ പിന്തുണയെന്ന് സിപിഎം. അനുപമയ്ക്ക് ആവശ്യമായ നിയമസഹായം നല്‍കും. പ്രശ്‌നം പാര്‍ട്ടിക്ക് പരിഹരിക്കാനാവില്ല. നിയമപരമായി പരിഹാരം കാണേണ്ട വിഷയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തേണ്ടതില്ല.ഒരു തെറ്റിനെയും സിപിഎം പിന്താങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ സഹായിക്കേണ്ട സമയത്ത് പാര്‍ട്ടിയില്‍ ആരും സഹായിച്ചില്ലെന്ന് അനുപമ പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടിക്ക് എത്രമാത്രം സഹായിക്കാന്‍ കഴിയുമെന്ന് അറിയില്ല. എ വിജയരാഘവന് പരാതി നല്‍കിയിരുന്നു. നേരില്‍ കണ്ടും പരാതി ബോധിപ്പിച്ചു. ഒരു നടപടിയും ഉണ്ടായില്ലെന്നും അനുപമ പറഞ്ഞു.

സ്വന്തം കുഞ്ഞിനെ വീണ്ടുകിട്ടണമെന്ന അനുപമയുടെ പരാതി പരിഹരിക്കാന്‍ കഴിയാത്തതില്‍ തനിക്കു കുറ്റബോധമുണ്ടെന്ന് മുന്‍ മന്ത്രി പി കെ ശ്രീമതി പറഞ്ഞു. അനുപമയുടെ പരാതി അറിഞ്ഞത് വൃന്ദ കാരാട്ടിലൂടെയാണ്. വീണ്ടും പരാതി നല്‍കണമെന്ന് അനുപമയോടു പറഞ്ഞു. കോടിയേരി ബാലകൃഷ്ണനെ സമീപിക്കാനും നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും ഇക്കാര്യം അറിയിച്ചിരുന്നു. അനുപമയ്ക്ക് ഒപ്പമാണ് പാര്‍ട്ടിയും സര്‍ക്കാരുമെന്നും പി കെ ശ്രീമതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week