തിരുവനന്തപുരം:ദത്ത് കേസില്‍ കേരളത്തില്‍ നിന്നുപോയ ഉദ്യോഗസ്ഥ സംഘം കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു. ഉദ്യോഗസ്ഥ സംഘം കുഞ്ഞിനെ ഇന്നലെ ഏറ്റുവാങ്ങിയിരുന്നു. ആന്ധ്രാപ്രദേശ് ദമ്പതികളില്‍ നിന്നുമാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്.
മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഒരു ശിശുക്ഷേമസമിതി ഉദ്യോഗസ്ഥയുമാണ് ഉദ്യോഗസ്ഥ സംഘത്തിലുള്ളത്.അഞ്ചു ദിവസത്തിനുള്ളില്‍ കുഞ്ഞിനെ സംസ്ഥാനത്ത് എത്തിക്കണമെന്ന് കഴിഞ്ഞ ദിവസം സിഡബ്ല്യുസി ശിശുക്ഷേമ സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടിയെ ഏറ്റെടുക്കുന്നതിനായി ഉദ്യോഗസ്ഥ സംഘം ആന്ധ്രയിലേക്ക് പോയത്.
ഡിഎന്‍എ പരിശോധന നടക്കുന്നത് വരെ കുഞ്ഞിന്റെ സംരക്ഷണ ഉത്തരവാദിത്തം ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ്.ഫലം പോസിറ്റീവായാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുഞ്ഞിനെ വിട്ടുകൊടുക്കുന്ന നടപടിയിലേക്ക് കടക്കുമെന്നാണ് വിവരം.