KeralaNews

,കേരളത്തിൻ്റെ തലസ്ഥാനം കൊച്ചിയിലേക്ക്’; ഹൈബിയുടെ ആവശ്യം അപ്രായോ​ഗികം, അനവസരത്തിലുള്ളത്; വിമർശിച്ച് അടൂർ പ്രകാശ്

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യത്തിനെതിരെ കോൺ​ഗ്രസ് നേതാവും എംപിയുമായ അടൂർ പ്രകാശ്. ഹൈബിയുടെ ആവശ്യം അപ്രായോ​ഗികവും അനവസരത്തിലുള്ളതുമാണെന്ന് അദ്ദേഹം വിമർശിച്ചു. പാർട്ടി വേദിയിൽ ചർച്ച ചെയ്യാതെ പറഞ്ഞ അഭിപ്രായമാണത്. ഹൈബിയുടെ ആവശ്യം നടപ്പിലാക്കുക എന്നത് ഭീമമായ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുന്ന കാര്യമാണെന്നും അടൂർ പ്രകാശ് പറഞ്ഞു.

കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ സംസ്ഥാന സർക്കാർ ഈ ആവശ്യം തളളി. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റുകയെന്നത് പ്രായോ​ഗികമല്ലെന്നാണ് സർക്കാർ പറഞ്ഞത്.

കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടിയതിന് പിന്നാലെയായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രതികരണം. ഇക്കാര്യത്തിൽ അടിയന്തരമായി മറുപടി അറിയിക്കണമെന്ന് കേന്ദ്രം സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ പ്രതികരണം ലഭിച്ചാൽ മാത്രമേ തുടർ നടപടികൾ സ്വീകരിക്കാൻ സാധിക്കുകയുളളൂവെന്നും കത്തിൽ പറഞ്ഞിരുന്നു.

സംസ്ഥാന രൂപീകരണം മുതൽ തലസ്ഥാനം തിരുവനന്തപുരമാണ്. അവിടെ അതിനുളള എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

കൊച്ചിയെ സംബന്ധിച്ചിടത്തോളം മഹാന​ഗരമെന്ന നിലയിൽ ഇനിയും വികസിക്കാനുളള സാധ്യതകൾക്ക് സ്ഥലപരിമിതിയുണ്ട്. ഒരു കാരണവുമില്ലാതെ തലസ്ഥാന ന​ഗരം മാറ്റുന്നത് അതിഭീമമായ സാമ്പത്തിക ബാധ്യതയുണ്ടാക്കും. തലസ്ഥാന ന​ഗരം മാറ്റേണ്ട യാതൊരു ആവശ്യവും ഇപ്പോൾ ഇല്ലെന്നും സർക്കാർ വിലയിരുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button