തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ദിനത്തില്‍ നടിയെ ആക്രമിച്ച കേസില്‍ അഭിപ്രായം പ്രകടനം നടത്തി പുലിവാല്‍ പിടിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. രാവിലെ ദിലീപിന് അനുകൂലമായി നിലപാട് സ്വീകരിച്ച അടൂര്‍ പ്രകാശ് മണിക്കൂറുകള്‍ക്കകം മലക്കംമറിഞ്ഞു.
ദിലീപിന് നീതി ലഭ്യമായെന്നും അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്ന യുഡിഎഫ് കണ്‍വീനറുടെ നിലപാടിനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നതോടെയാണ് തിരുത്തലുമായി അദ്ദേഹം രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതൃത്വുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയായിരുന്നു അടൂര്‍പ്രകാശിന്റെ മലക്കം മറിച്ചില്‍. മുഖ്യമന്ത്രി പിണറായി വിജയനക്കം അടൂര്‍ പ്രകാശിന്റെ പ്രസ്താവന ആയുധമാക്കി രംഗത്തെത്തിയതോടെയാണിത്.
ദിലീപിനെ കോടതി വെറുതെ വിട്ടതില്‍ അദ്ദേഹത്തിന് നീതി ലഭ്യമായി എന്നുള്ളതാണ് എനിക്ക് പറയാനുള്ള വ്യക്തിപരമായ അഭിപ്രായം. താന്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല, അദ്ദേഹവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന ഒരു വ്യക്തി കൂടിയാണെന്നും ദിലീപിന് നീതി ലഭ്യമായെന്നും അടൂര്‍ പ്രകാശ് ആവര്‍ത്തിച്ചു. കോടതി തന്നെ ദിലീപിന് നീതി ലഭ്യമാക്കി നല്‍കി. ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ കുറെ പോലീസുകാര്‍ ഉണ്ടാക്കിയെടുത്ത കേസാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ നിരീക്ഷണം നടത്തേണ്ടതാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
സര്‍ക്കാര്‍ രാഷ്ട്രീയ നേതൃത്വത്തിനു വേണ്ടി അറസ്റ്റ് ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, വിധി വന്നപ്പോള്‍ പല തരത്തിലുമുള്ള അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ തനിക്കും അങ്ങനെയൊക്കെ തോന്നി എന്ന് അദ്ദേഹം മറുപടി നല്‍കി.
സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് അടൂര്‍ പ്രകാശിന്റെ മറുപടി ഇങ്ങനെയായിരുന്നു, സര്‍ക്കാരിന് വേറെ ഒരു ജോലിയുമില്ലല്ലോ. ഏത് കേസ് കിട്ടിയാലും ഏതൊക്കെ തരത്തില്‍ ആരെ ഉപദ്രവിക്കാന്‍ കഴിയും എന്ന് നോക്കി കാണുന്ന ഒരു സര്‍ക്കാരാണ് ഇവിടെയുള്ളത്. എന്ത് കേസുകളും കെട്ടിച്ചമച്ചു ഉണ്ടാക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു സര്‍ക്കാരാണ് ഇവിടെ നിലവിലുള്ളത്.
ഇതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നതോടെ അടൂര്‍ പ്രകാശ് പതിനൊന്നരയോടെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.
ഞാന്‍ പറഞ്ഞ എല്ലാ കാര്യങ്ങളും സംപ്രേക്ഷണം ചെയ്തില്ല. അതിജീവിതയ്ക്ക് നീതി കിട്ടിയില്ല എന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്. നീതിന്യായ കോടതിയില്‍നിന്നും ഒരു വിധിയുണ്ടാകുമ്പോള്‍ കോടതിയെ തള്ളി പറയുക എന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. അതീജീവിതയ്ക്ക് നീതി കിട്ടാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കണം. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയ്ക്ക് സര്‍ക്കാര്‍ ഉരുണ്ട് കളിക്കുകയാണ്. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അത് പറയണം. അതീജിവിതയോടൊപ്പം തന്നെയാണ് കോണ്‍ഗ്രസും യുഡിഎഫും. അപ്പീല്‍ ഒരു കള്ളക്കളിയാണെന്നാണ് ഞാന്‍ സൂചിപ്പിച്ചത്- അടൂര്‍ പ്രകാശ് പറഞ്ഞു.


