പത്തനംതിട്ട: പട്ടാഴിമുക്കിലെ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അപകടത്തിൽ മരിച്ച അദ്ധ്യാപിക അനുജയും ബസ് ഡ്രൈവറായ ഹാഷിമും ഏറെ നാളായി അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. ഇരുവരും തമ്മിലുള്ള സൗഹൃദം ബന്ധുക്കൾ അറിയുകയും അത് പിന്നീട് കുടുംബ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്തെന്നും വിവരമുണ്ട്. വിനോദ യാത്ര കഴിഞ്ഞ് മടങ്ങുന്ന വാഹനത്തിൽ നിന്നാണ് അനുജയെ ഹാഷിം കൂട്ടിക്കൊണ്ടു പോകുന്നത്.
വാഹനത്തിൽ നിന്നും ഇറങ്ങുന്നതിന് മുമ്പ് അനുജ സഹഅദ്ധ്യാപരോട് ഞങ്ങൾ അത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞിരുന്നതായി അദ്ധ്യാപകർ പറയുന്നു. തിരുവനന്തപുരത്തേക്കാണ് അനുജ സഹഅദ്ധ്യാപകരോടൊപ്പം വിനോദ യാത്ര പോയത്. വിനോദ യാത്ര പോയ വാഹനത്തിന്റെ വാതിൽ വലിച്ചു തുറന്നാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് അദ്ധ്യാപകർ പറഞ്ഞു. എന്നാൽ മറ്റ് അസ്വഭാവികതകളൊന്നും തോന്നിയില്ലെന്നും അദ്ധ്യാപകർ പറയുന്നു.
അപകടത്തിൽപ്പെട്ട കാറിൽ മദ്യക്കുപ്പിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അമിതവേഗത്തിലെത്തിയ കാർ എതിർദിശയിൽ നിന്ന് വന്ന കണ്ടെയിനർ ലോറിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. കാർ അമിത വേഗത്തിലായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
വാഹനം ഓടിച്ചിരുന്നത് ഹാഷിമായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുൻസീറ്റിലിരുന്ന അനുജ പിൻസീറ്റിലേക്ക് തെറിച്ചുവീണു. പൂർണമായും തകർന്ന കാർ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.