കൊച്ചി:നടി അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ ഭർത്താവും നടനുമായ ആദിത്യൻ ജയനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഹൈക്കോടതിയുടെ നിർദേശപ്രകാരമായിരുന്നു നടപടി. തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യന്‍ ഭീഷണിപ്പെടുത്തിയെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ച് അമ്പിളിദേവി നല്‍കിയ പരാതിയില്‍ ചവറ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാൻ ആദിത്യൻ ശ്രമിച്ചുവെന്ന് അമ്പിളി ദേവി ആരോപിച്ചിരുന്നു. നടൻ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആദിത്യന് ഹൈക്കോടതി കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
അമ്പിളിദേവിയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് താക്കീത് നല്‍കിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആദിത്യൻ ചൊവ്വാഴ്ച ചവറ സ്റ്റേഷനിൽ ഹാജരാകണമെന്നും, അറസ്റ്റ് രേഖപ്പെടുത്തിയാൽ അന്നുതന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.
നേരത്തെ അമ്പിളിദേവി നല്‍കിയ പരാതിയില്‍ ആദിത്യനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ സമയപരിധി ജൂലൈ ഏഴുവരെ നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് വീണ്ടും പരിഗണിച്ചതും മുന്‍കൂര്‍ ജാമ്യം നല്‍കിയതും. സ്ത്രീധനമാവശ്യപ്പെട്ട് നിരന്തരം മാനസികവും ശാരീരകവുമായ പീഡനങ്ങള്‍ ആദിത്യന്‍ ജയന്‍ ഏല്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ചവറ പൊലീസിലാണ് അമ്പിളിദേവി പരാതി നല്‍കിയത്. തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു.
ആദിത്യന്‍ ജയന് 13 വയസുള്ള കുട്ടിയുടെ അമ്മയായ യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് അമ്പിളിദേവി രംഗത്തെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം ഉലഞ്ഞത്. തൃശൂരില്‍ ആദിത്യന്‍ ജയന്‍ വാടകയ്ക്ക് താമസിയ്ക്കുന്ന വീടിനടുത്തുള്ള യുവതിയുമായി അടുപ്പത്തിലാണെന്നായിരുന്നു ആരോപണം. പിന്നീട് വിവാഹമോചനത്തിനായി ആദിത്യന്‍ തന്നെ നിര്‍ബന്ധിയ്ക്കുന്നതായും നടി ആരോപിച്ചിരുന്നു.
പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് ഇരുവരും സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള വാക്‌പ്പോര് തുടരുന്നതിനിടെ ആദിത്യന്‍ ജയന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് വാര്‍ത്തയായിരുന്നു. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ ഞരമ്പു മുറിച്ചായിരുന്നു ആത്മഹത്യാശ്രമം. അമ്പിളി ദേവിയുടെ വീട്ടിലെത്തി നടന്‍ കത്തികാട്ടി അക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
സംഭവത്തെക്കുറിച്ച് അമ്പിളി ദേവി പറഞ്ഞതിങ്ങനെ: ഞങ്ങളുടെ വീട്ടിലുള്ളവരെ എല്ലാം കത്തി കാട്ടി ഭീഷണിപ്പെടുത്തി. കുത്തും വെട്ടും കൊല്ലും എന്നൊക്കെ പറഞ്ഞു. അപ്പുവിനു വേണ്ടി വാങ്ങിക്കൊണ്ടുവന്ന വസ്ത്രവും വലിച്ചെറിഞ്ഞു. ‘നിങ്ങള്‍ എന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെങ്കിൽ, ആ ചെറുക്കന്റെ അണ്ണാക്കിൽ അത് ഞാൻ കുത്തിക്കേറ്റി കൊടുത്തിട്ടുണ്ട്.’ഇങ്ങനെ അയാൾ പറഞ്ഞത് എന്നിൽ വളരെ വിഷമമുണ്ടാക്കി.’–അമ്പിളി ദേവി പറഞ്ഞു.
‘സ്നേഹത്തോടുകൂടി കൊടുക്കുന്ന കാര്യത്തെ പിന്നീട് ഇങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ തോന്നി. അയാളുടെ കടങ്ങളുടെ കാരണം കുഞ്ഞുങ്ങൾക്കും എനിക്കും വസ്ത്രങ്ങൾ വാങ്ങി തന്നതുകൊണ്ടാണെന്ന് പറഞ്ഞു. ആദ്യ ഭർത്താവിൽ ഉണ്ടായ മകന്, അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു,,, അതൊക്കെ അയാളുെടെ കാശ് ആണ്, അങ്ങനെ പൈസ പോയി എന്നൊക്കെ പറഞ്ഞപ്പോൾ വിഷമമുണ്ടായി.’–അമ്പിളി ദേവി പറഞ്ഞു. ഈ സംഭവങ്ങൾക്ക് പിന്നാലെയായിരുന്നു ആത്മഹത്യാശ്രമം.എ ന്നാല്‍ ആത്മഹത്യാശ്രമം ആദിത്യന്റെ നാടകമാണെന്നായിരുന്നു അമ്പിളിദേവിയുടെ പ്രതികരണം.
കഴിഞ്ഞ ആറുമാസത്തിനിടയില്‍ മാത്രം അരഡസനോളം തവണ ആത്മഹത്യാ നാടകം നടത്തിയെന്നായിരുന്നു അമ്പിളിദേവിയുടെ ആരോപണം. വിവാഹത്തിന് ശേഷം മാത്രമാണ് നടന്റെ യഥാര്‍ത്ഥ സ്വഭാവം വെളിവായതെന്ന് അവര്‍ പറഞ്ഞു. തന്റെയും മാതാപിതാക്കളുടെയും മുന്നില്‍ നല്ലവനായി അഭിനയിച്ചു അതുകൊണ്ടാണ് വിവാഹം നടന്നത്. വിവാഹശേഷം തനിയ്ക്ക് പലരുമായും ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കാന്‍ ആദിത്യനെ വെല്ലുവിളിയ്ക്കുകയാണ്. ആത്മഹത്യ ശ്രമമടക്കമുള്ള അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കും. ആദിത്യന്റെയും സുഹൃത്തിന്റെയും ഫോണ്‍ വിളി വിശദാംശങ്ങള്‍ പരിശോധശോധിയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സകൂൾ കലോത്സവ വേദികളിലൂടെ കലാരംഗത്ത് സജീവമായ അമ്പിളി ദേവി ഏതാനും സിനിമകളില്‍ അഭിയിച്ച ശേഷം സീരിയല്‍ രംഗത്ത് സജീവമാവുകയായിരുന്നു. നിരവധി സീരിയലുകളിലൂടെ ടെലിവിഷൻ രംഗത്ത് തിരക്കുള്ള താരമായിരുന്നു ആദിത്യന്‍ ജയന്‍. സീരിയല്‍ വഴിയുള്ള അടുപ്പമാണ് പിന്നീട് വിവാഹത്തിലേക്ക് എത്തിച്ചത്.