NationalNews

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: എട്ടംഗ സമിതിയിൽ നിന്ന് അധിർ രഞ്ജൻ ചൗധരി പിൻമാറി

ന്യൂഡൽഹി:: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം പഠിക്കാൻ നിയോഗിച്ച എട്ടംഗ സമിതിയിൽ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി അംഗമാകില്ല. പാനലിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി. കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം. മല്ലികാർജ്ജുൻ ഖർഗെയെ സമിതിയിൽ ഉൾപ്പെടുത്താത്തത് കോൺഗ്രസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അധിർ രഞ്ജൻ ചൗധരിയുടെ പിന്മാറ്റം.

മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിലേക്ക് ഇല്ലെന്നാണ് നിലപാട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച മുൻ കശ്മീർ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻകെ സിങ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കേന്ദ്ര നിയമ സഹമന്ത്രി അർജുൻ രാം മേഘ്‌വാൾ സമിതിയിലെ പ്രത്യേക ക്ഷണിതാവും കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെ സ്ഥിരം സെക്രട്ടറിയുമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ കൂടി നടത്താനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ലോക് സഭ നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പും നടത്താനാകുമോ? എത്ര ഘട്ടങ്ങളിലൂടെ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും, സമയ ചട്ടക്കൂട് എങ്ങനെയാകണം? ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമത്തിലും വരുത്തേണ്ട ഭേദഗതികള്‍ എന്തൊക്കെയാണ്?

83, 85, 172, 174, 365  വകുപ്പുകളില്‍ ആവശ്യമായ ഭേദഗതികളെന്തൊക്കെ? ഭരണഘടന ഭേദഗതിക്ക് സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമുണ്ടോ? തൂക്ക് സഭ, അവിശ്വാസ പ്രമേയത്തിലൂടെ സഭ പിരിച്ചുവിടല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ എന്ത് നടപടി സ്വീകരിക്കണം?

വിവി പാറ്റ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍  അടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ എങ്ങനെയാവണം,  ഒരുമിച്ച് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഒറ്റവോട്ടര്‍ പട്ടികയും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കുന്നതിലുള്ള സാധ്യത തുടങ്ങിയ കാര്യങ്ങളാണ് സമിതി പരിശോധിക്കേണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker