ആറു വയസുകാരന്റെ കൊലപാതകം; പ്രതി പദ്ധതിയിട്ടത് കുടുംബത്തെ മുഴുവന്‍ വകവരുത്താന്‍

അടിമാലി: ആനച്ചാല്‍ ആമകണ്ടത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് ആറ് വയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പദ്ധതിയിട്ടത് കുടുംബത്തെ ആകെ വകവരുത്താന്‍. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി ഷാന്‍ എന്ന സുനില്‍കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

റിയാസ്-സഫിയ ദമ്പതികളുടെ മകന്‍ അബ്ദുള്‍ ഫത്താഖ് ആണ് മരിച്ചത്. കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭര്‍ത്താവാണ് അറസ്റ്റിലായ സുനില്‍കുമാര്‍. ഭാര്യ തന്നോട് പിണങ്ങിപ്പോയതിന് കാരണം സഹോദരിയും ഭാര്യാമാതാവും ആണെന്ന സംശയമാണ് കൃത്യം നടത്താന്‍ പ്രതിയെ പ്രേരിപ്പിച്ചത്. ആദ്യ വിവാഹം വേര്‍പെടുത്തിയാണ് ഇയാള്‍ മരിച്ച കുട്ടിയുടെ മാതാവിന്റെ സഹോദരിയെ വിവാഹം ചെയ്തിരുന്നത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറംലോകമറിയുന്നത്. മരിച്ച കുട്ടിയും മാതാവും ഒരു വീട്ടിലും കുട്ടിയുടെ സഹോദരിയും വല്യമ്മയും തൊട്ടടുത്ത വീട്ടിലുമാണ് അന്തിയുറങ്ങിയിരുന്നത്. പ്രതി പുലര്‍ച്ചെ ആറ് വയസുകാരനെയും മാതാവിനെയും ആദ്യം ആക്രമിച്ച ശേഷം തൊട്ടടുത്ത വീട്ടില്‍ കടന്നും ആക്രമണ ശ്രമം നടത്തി.

ഇവിടെ നിന്നും ഇറങ്ങിയോടി മരിച്ച കുട്ടിയുടെ സഹോദരിയാണ് വിവരം പ്രദേശവാസികളെ അറിയിച്ചത്. പരിക്കേറ്റ സഫിയയും മാതാവ് സൈനബയും ആശുപത്രിയില്‍ ചികിത്സയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News