അടിമാലി: ഇടുക്കി അടിമാലി ടൗണിലെ പ്രമുഖ ഹോട്ടലായ ജെന്ന റസിഡൻസിയിൽ തിങ്കളാഴ്ച അർദ്ധരാത്രിയോടെ വിനോദസഞ്ചാരികളും ജീവനക്കാരും തമ്മിൽ സിനിമകളെ വെല്ലുന്ന രീതിയിൽ തെരുവ് യുദ്ധം അരങ്ങേറി. ഓർഡർ ചെയ്ത അൽഫാം ചിക്കന്റെ ക്വാണ്ടിറ്റി (അളവ്) കുറഞ്ഞുപോയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വൻ കയ്യാങ്കളിയിലും ഹോട്ടൽ അടിച്ചുതകർക്കുന്നതിലും കലാശിച്ചത്. സംഭവത്തിൽ കടുത്ത പരിക്കേറ്റ ഹോട്ടൽ സൂപ്പർവൈസർ മന്നാങ്കാല ചെറിയാനിക്കൽ നിഷാദ് (44) നിലവിൽ ആലുവയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ആക്രമണത്തിൽ നിഷാദിന് പുറമെ ഹോട്ടൽ ജീവനക്കാരായ ചെറുതോണി കൊച്ചു തുണ്ടിയിൽ അനന്ദു (27), പശ്ചിമ ബംഗാൾ സ്വദേശിയായ അതിഥിത്തൊഴിലാളി മുർഷിദുൽ ഇസ്ലാം (25) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. ഹോട്ടൽ അധികൃതർ നൽകിയ കൃത്യമായ പരാതിയുടെയും സി.സി.ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പാലക്കാട് ഒറ്റപ്പാലം അപ്പക്കാട്ട് അരുൺ സോമൻ (24), ലക്കിടി നെച്ചിങ്ങത്തൊട്ടി അലി അക്ബർ (19), പാലപ്പുറം കരിക്കലേത്ത് മുഹമ്മദ് റിസാൻ (19) എന്നിവരെ അടിമാലി പോലീസ് അതിവേഗം അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. മൂന്നാർ മലനിരകൾ സന്ദർശിച്ച് പാലക്കാട്ടേക്ക് മടങ്ങുകയായിരുന്ന 22 പേരടങ്ങുന്ന വലിയ ടൂറിസ്റ്റ് സംഘമാണ് അടിമാലിയിലെ ജെന്ന റസിഡൻസിയിൽ അത്താഴം കഴിക്കാനായി കയറിയത്. ഒരു പ്രമുഖ ടൂർ പാക്കേജ് ഏജൻസി വഴിയാണ് ഇവർക്കായി ഭക്ഷണവും മറ്റ് യാത്രാ സൗകര്യങ്ങളും മുൻകൂട്ടി ക്രമീകരിച്ചിരുന്നത്. സഞ്ചാരികൾക്കായി ഏജൻസി ഹോട്ടലിൽ അൽഫാം ചിക്കൻ അടക്കമുള്ള വിഭവങ്ങൾ നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു.
എന്നാൽ മേശപ്പുറത്തെത്തിയ അൽഫാമിന്റെ അളവ് പ്രതീക്ഷിച്ചതിലും കുറവാണെന്ന് ആരോപിച്ച് വിനോദസഞ്ചാരികൾ ടൂർ ഏജൻസിയുമായി ഫോണിൽ തർക്കിക്കാൻ തുടങ്ങി. ഈ തർക്കത്തിലേക്ക് ഹോട്ടൽ ജീവനക്കാർ കൂടി ഇടപെട്ടതോടെ കാര്യങ്ങൾ കൈവിട്ടുപോയി. തുടർന്ന് കഴിച്ച ഭക്ഷണത്തിന്റെ ബിൽ തുക അടയ്ക്കില്ലെന്ന് വിനോദസഞ്ചാരികൾ വാശിപിടിച്ചതോടെ തർക്കം രൂക്ഷമാവുകയും, ടൂറിസ്റ്റ് സംഘത്തിലെ യുവാക്കൾ ചേർന്ന് കൗണ്ടറിലിരുന്ന സൂപ്പർവൈസർ നിഷാദിനെയും തടയാൻ വന്ന മറ്റ് ജീവനക്കാരെയും മാരകമായി ആക്രമിക്കുകയുമായിരുന്നു.
ഹോട്ടലിലെ കസേരകളും പ്ലേറ്റുകളും ഉപയോഗിച്ചായിരുന്നു അക്രമിസംഘം ജീവനക്കാരെ നേരിട്ടത്. അടിമാലി പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും പ്രതികൾ അക്രമം നടത്തി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. പൊതുസ്ഥലത്ത് ക്രമസമാധാന ലംഘനം നടത്തൽ, മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, ഹോട്ടൽ വസ്തുക്കൾ നശിപ്പിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് മൂന്ന് യുവാക്കൾക്കെതിരെയും അടിമാലി പോലീസ് കേസ് എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് സബ് ജയിലിലേക്ക് അയച്ചു.
English Summary
A violent clash erupted between tourists and hotel staff at Jenna Residency in Adimali, Idukki, over the quantity of ‘Alpham’ chicken served. A 22-member tourist group from Palakkad, returning from a Munnar trip, unleashed the attack near midnight following a dispute over food bills and portions pre-booked via a tour agency. The hotel supervisor, Nishad (44), sustained severe injuries and is currently hospitalized in Aluva, while two other staff members were also hurt. Following the incident, the Adimali police arrested three youth from Palakkad—Arun Soman (24), Ali Akbar (19), and Muhammed Rizan (19). They have been booked under non-bailable offences and remanded into judicial custody by the local court.


