നവകേരള ‘രക്ഷാപ്രവര്‍ത്തനം’ അട്ടിമറി ആരോപണങ്ങള്‍ തള്ളി എഡിജിപി എം.ആര്‍ അജിത്കുമാര്‍; ഗണ്‍മാന്മാര്‍ കോടതിയില്‍

‘രക്ഷാപ്രവർത്തന’ കേസിൽ മുൻമുഖ്യമന്ത്രിയുടെ അംഗരക്ഷകരടക്കം അഞ്ചുപേർ പ്രതികൾ; SIT റിപ്പോർട്ട് കോടതിയിൽ

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച കേസില്‍ തനിക്ക് പങ്കില്ലെന്ന നിലപാടില്‍ എഡിജിപി എം ആര്‍ അജിത്കുമാര്‍. രേഖകള്‍ തിരുത്താന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അജിത്കുമാര്‍ നല്‍കുന്ന വിശദീകരണം. കേസിലെ രേഖകള്‍ തിരുത്താന്‍ താന്‍ ആര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും, കേസില്‍ ഇടപെടാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് അജിത് കുമാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അനൗദ്യോഗിക വിശദീകരണം നല്‍കിയിരിക്കുന്നത്.

കേസില്‍ തന്റെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ അത് അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും തനിക്ക് ഇതുമായി ബന്ധമില്ലെന്നുമാണ് അജിത്കുമാറിന്റെ വിശദീകരണം. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച പുനരന്വേഷണത്തിലാണ് എഡിജിപിയുടെ ഇടപെടലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. ആലപ്പുഴയിലെ മര്‍ദനക്കേസ് അട്ടിമറിക്കാന്‍ എഡിജിപി കൃത്യമായ ഇടപെടല്‍ നടത്തിയെന്ന് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥര്‍ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

മര്‍ദിച്ച ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിയെടുക്കണമെന്ന നിര്‍ദേശം അവഗണിക്കപ്പെട്ടതും എഡിജിപിയുടെ നിര്‍ദേശപ്രകാരമാണെന്ന് അന്നത്തെ ഡിവൈഎസ്പി മൊഴി നല്‍കിയിട്ടുണ്ട്. അട്ടിമറി സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചിട്ടുമുണ്ട്. അതേസമയം, കേസ് അട്ടിമറിക്കാന്‍ ഫയലുകള്‍ ഉള്‍പ്പെടെ തിരുത്താന്‍ ശ്രമിച്ച എഡിജിപിയുടെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്.ഐമാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തും.

അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിനും കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഡിവൈഎസ്പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കുമെതിരെ ആഭ്യന്തര വകുപ്പിന്റെ അച്ചടക്ക നടപടി ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. നിലവില്‍ രമേശ് ചെന്നിത്തല തലവനായുള്ള ആഭ്യന്തര വകുപ്പ് എഡിജിപിക്കെതിരെ ശക്തമായ വകുപ്പുതല നടപടികളിലേക്ക് നീങ്ങാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ് രാഷ്ട്രീയ ലക്ഷ്യം വച്ചെന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തങ്ങള്‍ക്കെതിരെയുള്ള കേസ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ചുള്ളതാണെന്നും കേസിന് പിന്നില്‍ രാഷ്ട്രീയ-വ്യക്തി വിരോധമാണെന്നും ഗണ്‍മാന്‍മാര്‍ കോടതിയെ ബോധിപ്പിച്ചു.

മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന് നേരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ച് വരികയും വാഹനത്തില്‍ ഇടിക്കുകയും ചെയ്തു. ഇസ്സെഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് ഇടപെട്ടത്. നടന്നത് ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രമാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിച്ചതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. ആദ്യ അന്വേഷണ റിപ്പോര്‍ട്ടിലും തങ്ങള്‍ ചെയ്തത് ഔദ്യോഗിക കൃത്യനിര്‍വഹണമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

തങ്ങള്‍ക്ക് യാതൊരുവിധ ക്രിമിനല്‍ പശ്ചാത്തലവുമില്ല. ഔദ്യോഗിക ജീവിതം തകര്‍ക്കാനും പൊതുസമൂഹത്തില്‍ അപമാനിതരാക്കാനും ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. കേസില്‍ ഒളിവില്‍ പോകുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്യില്ല. അറസ്റ്റ് ചെയ്താല്‍ അക്രമിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ഉടന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ പരാമര്‍ശം.

ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി തയാറാക്കിയ കേസ് ഡയറി തിരുത്തി ഗണ്‍മാനടക്കമുള്ളവര്‍ക്കു രക്ഷപ്പെടാന്‍ പഴുതൊരുക്കിയ എഡിജിപിയുടെ ഓഫിസ്, തിരുത്തിയ റിപ്പോര്‍ട്ടാണു കോടതിയിലെത്തുന്നതെന്നും ഉറപ്പാക്കിയെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം അതിന്റെ ഫയല്‍ നമ്പര്‍ അറിയിക്കണമെന്ന് എഡിജിപിയുടെ ഓഫിസ് ഉദ്യോഗസ്ഥര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി.

2024 ഓഗസ്റ്റ് 16ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ അന്നുതന്നെ എഡിജിപിയുടെ ഓഫിസിനെ നമ്പര്‍ അറിയിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ഡിവൈഎസ്പി മൊഴി നല്‍കി. റിപ്പോര്‍ട്ട് തിരുത്തിയ എഡിജിപിയുടെ ഓഫിസ്, തുടര്‍ന്നുള്ള നടപടികള്‍ക്കു നേരിട്ടു മേല്‍നോട്ടം വഹിച്ചെന്നു തെളിയിക്കുന്ന നിര്‍ണായക മൊഴിയാണിത്. തിരുത്തിയ റിപ്പോര്‍ട്ട് ഡിവൈഎസ്പിക്കു കൈമാറിയ എഡിജിപിയുടെ ഓഫിസിലെ 2 ഗ്രേഡ് എസ്‌ഐമാരുടെ പേരുകള്‍ എസ്‌ഐടിക്കു ലഭിച്ചിട്ടുണ്ട്. ഗണ്‍മാന്‍ അടക്കമുള്ളവരുടെ വീഴ്ച ചൂണ്ടിക്കാട്ടി ആലപ്പുഴ എസ്പി ആയിരിക്കെ ചൈത്ര തെരേസ ജോണ്‍ നല്‍കിയ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയതിനു പിന്നാലെയായിരുന്നു എഡിജിപിയുടെ ഇടപെടല്‍. ചൈത്രയ്‌ക്കെതിരായ പരാമര്‍ശവും എഡിജിപിയുടെ ഓഫിസില്‍ നിന്നുണ്ടായതായി മൊഴിയിലുണ്ട്.

സുരക്ഷാസംഘത്തെ രക്ഷിക്കാന്‍ മുന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അജിത്കുമാര്‍ കേസില്‍ ഇടപെട്ടതെന്നു സൂചനയുണ്ട്. ഈ വര്‍ഷം ജൂലൈയില്‍ ഡിജിപി റാങ്ക് ലഭിക്കാനിരിക്കെയാണ് അജിത്കുമാറിനു മേല്‍ കുരുക്കുമുറുകുന്നത്. അതിക്രമത്തിനു നേതൃത്വം നല്‍കിയ ഗണ്‍മാന്‍ അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അമര്‍ഷമുണ്ട്. എസ്‌ഐടിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അനില്‍കുമാറടക്കം പ്രതിപ്പട്ടികയിലുള്ള 5 പേരെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുമെന്നാണു വിവരം.

ADGP M.R. Ajith Kumar has denied allegations of tampering with case diaries and intervening to protect former Chief Minister Pinarayi Vijayan’s gunmen in the Navakerala Sadas assault case. Meanwhile, the accused gunmen have approached the Alappuzha District Sessions Court seeking anticipatory bail, claiming the case is politically motivated. Under the newly formed UDF government’s Special Investigation Team, disciplinary actions and suspensions are reportedly imminent for the involved police officers.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News