തിരുവനന്തപുരം: വിവാദങ്ങൾ കനക്കുന്നതിനിടെ ക്രമസമാധന ചുമതലയുള്ള എ ഡി ജി പി എം ആർ അജിത് കുമാർ അവധിയിൽ. സ്വകാര്യ ആവശ്യത്തിനായി കുറച്ച് നാൾ മുൻപ് നൽകിയ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പ് അവധിക്ക് അനുമതി നൽകിയത്. നാല് ദിവസത്തേക്കാണ് അവധിയിൽ പ്രവേശിച്ചിരിക്കുന്നത്. സെപ്റ്റംബർ 14 മുതൽ 17 വരെയാണ് നാല് ദിവസത്തെ അവധി.
എ ഡി ജി പി എം ആർ അജിത്തിനെതിരായ അന്വേഷണത്തിന് സർക്കാർ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ഡി ജി പി ഷെയ്ഖ് ദർവേഷ് സാഹിബാണ് ആരോപണങ്ങൾ അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഷെയ്ക്ക് ദർവേസ് സാഹിബ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
ഇരുവരും തമ്മിലുള്ള ചർച്ച ഒരു മണിക്കൂറോളം നീണ്ടു. ക്രൈം ബ്രാഞ്ച് എ ഡി ജി പി എച്ച് വെങ്കിടേശിനെ യോഗത്തിലേക്ക് വിളിച്ചുവരുത്തി. യോഗത്തിൽ പൊളിറ്റിക്കൽ പി ശശി എം പി ജോൺബ്രിട്ടാസ് എന്നിവർ പങ്കെടുത്തതായാണ് റിപ്പോർട്ട്. എ ഡി ജി പി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു യോഗം. അജിത് കുമാറിനും പോലീസ് ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങൾ ഡി ജി പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. സംഘം ഒരു മാസത്തിനകം റിപ്പോർട്ട് നൽകും.
എ ഡി ജി പി എം ആർ അജിത് കുമാർ ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. ആർ എസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എ ഡി ജി പിയും സമ്മതിച്ചിരുന്നു. സ്വകാര്യ സന്ദർശനം ആണെന്ന് ഇക്കാര്യം അന്വേഷിച്ച മുഖ്യമന്ത്രിയുടെ ഓഫീസിനോട് എ ഡി ജി പി വിദശീകരണം നൽകിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എം ആർ അജിത് കുമാർ മുഖ്യമന്ത്രിക്ക് വേണ്ടി ആർ എസ് എസ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന ആരോപണവുമായി വി ഡി സതീശൻ രംഗത്ത് വന്നിരുന്നു. ദത്താത്രേയ ഹൊസബാളെ തൃശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം എ ഡി ജി പി എം ആർ അജിത് കുമാർ അവിടെ എത്തിയിരുന്നതായി അടുത്ത ദിവസം തന്നെ കേരള പോലീസ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു എന്നാണ് വിവരം.