26.7 C
Kottayam
Wednesday, May 29, 2024

ലഹരിയ്ക്കടിമ; വീട്ടിൽ വഴക്ക് പതിവ്, ബഹളമുണ്ടാകുമ്പോൾ അമ്മ വാതിലടയ്ക്കും

Must read

കൊല്ലം: സാംദീപ് മദ്യപിക്കാനുള്ള പണത്തിനായി വീട്ടില്‍ ബഹളമുണ്ടാക്കിയിരുന്നതായി നാട്ടുകാര്‍. വീട്ടില്‍ അമ്മയും മകനും മാത്രമായിരുന്നു താമസിച്ചിരുന്നത്. ബഹളമുണ്ടാകുമ്പോള്‍ അമ്മ അകത്തുകയറി വാതിലടയ്ക്കും.

ഇടയ്ക്ക് സാംദീപ് വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ക്കും. വഴക്ക് പതിവായിരുന്നതിനാല്‍ ഒത്തുതീര്‍പ്പിനായി ആരും വീട്ടിലെത്തിയിരുന്നുമില്ല. അധ്യാപക ദമ്പതിമാരുടെ മകനായ ഇയാള്‍ നാട്ടുകാരോട് തികഞ്ഞ മര്യാദയോടെയാണ് ഇടപെട്ടിരുന്നത്. മാസങ്ങള്‍ക്കുമുമ്പ് ലഹരിവിമുക്ത കേന്ദ്രത്തിലായിരുന്നു. മടങ്ങിയെത്തിയശേഷം മദ്യപാനം നിര്‍ത്തിയെന്ന് മറ്റുള്ളവരെ അറിയിച്ചെങ്കിലും മദ്യപിച്ച് നടക്കുന്നത് പതിവായിരുന്നു. ഭാര്യയുമായി പിണക്കത്തിലായിരുന്നു. സാംദീപിന്റെ സഹോദരനും അധ്യാപകനാണ്.

സംരക്ഷിത അധ്യാപകനായി ജോലിചെയ്തിരുന്ന നെടുമ്പന സ്‌കൂളിലെ അധ്യാപകര്‍ക്ക് മോശം അഭിപ്രായമില്ല. വിലങ്ങറ യു.പി. സ്‌കൂളിലാണ് സാംദീപ് ഇപ്പോള്‍ ജോലിചെയ്യുന്നത്. ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ചിരുന്നെങ്കിലും ഇയാള്‍ക്കെതിരേ കേസൊന്നുമില്ല.

ബുധനാഴ്ച പുലര്‍ച്ചെ സമീപത്തെ ഒരു വീടിനടുത്തെത്തി ബഹളമുണ്ടാക്കിയിരുന്നു. മതില്‍ചാടിക്കടന്നപ്പോള്‍ കാലിന് പരിക്കേറ്റു. സാംദീപ് തന്നെയാണ് 112 നമ്പറില്‍ വിളിച്ച് തന്നെ ആരോ കൊല്ലാന്‍വരുന്നെന്ന് പരാതിപ്പെട്ടത്. തിരിച്ചുവിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു മൊബൈല്‍. പിന്നെ മറ്റൊരു നമ്പറില്‍നിന്ന് വീണ്ടും വിളിച്ചു. അതുപ്രകാരമാണ് പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തിയത്. സാംദീപ് ആവശ്യപ്പെട്ടതുപ്രകാരമാണ് ഗ്രേഡ് എസ്.ഐ. ബേബി, ബിജീഷ്, ഹോം ഗാര്‍ഡ് അലക്സ് എന്നിവര്‍ ചേര്‍ന്ന് സാംദീപിനെ കൊട്ടാരക്കര ആശുപത്രിയില്‍ എത്തിച്ചത്.

മൂന്നാഴ്ചയേ ആയുള്ളു അസീസിയ മെഡിക്കല്‍ കോളേജില്‍നിന്നുള്ള 22 അംഗ ജൂനിയര്‍ ഡോക്ടര്‍മാര്‍ പരിശീലനത്തിനായി താലൂക്കാശുപത്രിയില്‍ എത്തിയിട്ട്.

രണ്ടാഴ്ച ഗൈനക്കോളജി വിഭാഗത്തില്‍ പരിശീലനത്തിനു ശേഷമാണ് ഒരാഴ്ചമുമ്പ് സര്‍ജറി വിഭാഗത്തിലെത്തിയത്. മിടുക്കിയായ ജൂനിയര്‍ ഡോക്ടറെന്നാണ് ആശുപത്രിയിലെ സ്‌പെഷ്യല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. വാസുദേവന്‍ വന്ദനയെ വിശേഷിപ്പിക്കുന്നത്. ഒരുരോഗിയെ ഏല്‍പ്പിച്ചാല്‍ കൃത്യമായി വിവരങ്ങള്‍ പഠിക്കുകയും പറയുകയും ചെയ്യുന്നതില്‍ മിടുക്കിയായിരുന്നു. -ഡോക്ടര്‍ പറഞ്ഞു.രോഗികളോടെല്ലാം അങ്ങേയറ്റം സ്‌നേഹത്തോടെയാണ് ഇടപെട്ടിരുന്നതെന്ന് ചികിത്സ തേടിയെത്തിയവരും പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week