ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തെ അഭിനന്ദിച്ച് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തതിന് പിന്നാലെ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കും ഗ്രൂപ്പിലെ മറ്റ് ഉന്നതര്‍ക്കുമെതിരെ യുഎസില്‍ കൈക്കൂലി, തട്ടിപ്പ് കേസുകളില്‍ കുറ്റപത്രം. സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് പ്രധാന ആരോപണം.
ഗൗതം അദാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നു യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റും വ്യക്തമാക്കി. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ഉള്‍പ്പടെയുള്ള ഏഴ് പേര്‍ക്കെതിരെയാണ് കുറ്റാരോപണം. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ 20 ശതമാനംവരെ തകര്‍ച്ച നേരിട്ടു.
അഴിമതി, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയാണ് ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കും ഗ്രൂപ്പിലെ മറ്റ് ഉന്നതര്‍ക്കുമെതിരെ കേസ് എടുത്തത്. കേസില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെ ഹിന്‍ഡന്‍ബര്‍ഗിനേക്കാള്‍ വലിയ കുരുക്കാണ് ഇന്ത്യന്‍ വ്യവസായിക്ക് മുറുകുന്നത്.
യുഎസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമാണ് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ കുറ്റാരപോണം. അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്സിക്യുട്ടീവുകള്‍, അസുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ എക്സിക്യുട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനക്കും വഞ്ചനയ്ക്കുമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. മള്‍ട്ടി ബില്യണ്‍ ഡോളര്‍ പദ്ധതികള്‍ വാഗ്ദാനം ചെയ്ത് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകള്‍ നടത്തി യുഎസ് നിക്ഷേപകരെയും ആഗോള ധനകാര്യ സ്ഥാപനങ്ങളെയും കബളിപ്പിച്ചതായി ആരോപിക്കുന്നു.
കേസും അറസ്റ്റ് വാറന്റും അദാനിക്കെതിരെയാണെങ്കിലും, അദാനി ഗ്രൂപ്പിന് ‘വഴിവിട്ട’ സഹായങ്ങള്‍ ചെയ്തുവെന്ന ആരോപണമുനയിലുള്ള നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയാണ് ആരോപണത്തിന്റെ അമ്പ് പതിക്കുന്നതെന്നതാണു വിമര്‍ശനം. മോദി സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കി അദാനി ഗ്രൂപ്പ് കരാറുകള്‍ സ്വന്തമാക്കിയെന്നാണു യുഎസിലെ കുറ്റപത്രത്തിലുള്ളത്.
അദാനി ഗ്രീന്‍ എനര്‍ജിക്കായി മൂന്ന് ബില്യണ്‍ ഡോളറിലധികം വായ്പയെടുക്കാന്‍ ഗൗതം അദാനി, സാഗര്‍ അദാനി, വിനീത് ജെയ്ന്‍ എന്നിവര്‍ വായ്പക്കാരില്‍നിന്നും നിക്ഷേപകരില്‍നിന്നും കൈക്കൂലിക്കാര്യം മറച്ചുവെച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. വിദേശ വ്യാപാര ഇടപാടുകളിലെ കൈക്കൂലിക്കെതിരായ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ടിന്റെ കീഴിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.
ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിന് അദാനി ഗ്രീനിനുള്ള കരാറുകളില്‍ ഏര്‍പ്പെടാന്‍ പ്രേരണ നല്‍കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് ഡോളര്‍ കൈക്കുലി നല്‍കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തുവെന്നാണ് പ്രധാന ആരോപണം. പവര്‍ പ്ലാന്റ് പദ്ധതിയുമായി ബന്ധപ്പെട്ട മറ്റൊരു കമ്പനിയായ അസുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡ് കോഴയില്‍ ഒരു ഭാഗം നല്‍കാന്‍ സമ്മതിച്ചതായും സെക്യൂരിറ്റീസ് എസ്‌ക്ചേഞ്ച് കമ്മീഷന്‍ ആരോപിക്കുന്നു.
അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി നേരിട്ട് ഇടപെട്ട് കേന്ദ്രസര്‍ക്കാരില്‍നിന്ന് അനധികൃതമായി വിവിധ കരാറുകള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചുവെന്ന് കുറ്റപത്രം സൂചിപ്പിക്കുന്നു. അദാനി ഗ്രീന്‍ എനര്‍ജിക്കും മറ്റൊരു കമ്പനിക്കും 12 ഗിഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതിക്ക് കരാര്‍ ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ക്ക് 25 കോടി ഡോളര്‍ (ഏകദേശം 2,100 കോടി രൂപ) കൈക്കൂലി കൊടുത്തെന്നും ഈ പദ്ധതിവഴി 2 ദശാബ്ദം കൊണ്ട് 200 കോടി ഡോളര്‍ (ഏകദേശം 16,000 കോടി രൂപ) ലാഭമുണ്ടാക്കാന്‍ ഉന്നമിട്ടെന്നുമാണു മുഖ്യ ആരോപണം. മാത്രമല്ല, കൈക്കൂലി നല്‍കിയതും കരാര്‍ അനധികൃതമായി നേടിയതും മറച്ചുവച്ചും കള്ളം പറഞ്ഞും യുഎസ് നിക്ഷേപകരില്‍നിന്നും രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളില്‍നിന്നും 300 കോടി ഡോളര്‍ (ഏകദേശം 25,000 കോടി രൂപ) സമാഹരിച്ചെന്നും ആരോപണമുണ്ട്.
ഗൗതം അദാനി, അനന്തരവനും അദാനി ഗ്രീന്‍ എനര്‍ജി എക്‌സിക്യുട്ടീവ് ഡയറക്ടറുമായ സാഗര്‍ അദാനി, കമ്പനിയുടെ സിഇഒ വിനീത് ജെയ്ന്‍, യുഎസ് കമ്പനിയായ അസ്യൂര്‍ പവര്‍ ഗ്ലോബലിന്റെ മുന്‍ എക്‌സിക്യുട്ടീവുമാരായ രഞ്ജിത് ഗുപ്ത, രൂപേഷ് അഗര്‍വാള്‍, കനേഡിയന്‍ നിക്ഷേപകരായ സിറിള്‍ കബേയ്ന്‍സ്, സൗരഭ് അഗര്‍വാള്‍, ദീപക് മല്‍ഹോത്ര എന്നിവര്‍ക്കെതിരെയാണു കേസ്. കബേയ്ന്‍സ്, സൗരഭ് അഗര്‍വാള്‍, മല്‍ഹോത്ര, രൂപേഷ് എന്നിവര്‍ യുഎസ് ഫെഡറല്‍ ക്രിമിനല്‍ ആന്‍ഡ് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് കമ്മിഷനെ കബളിപ്പിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.
കൈക്കൂലി കൊടുത്തെന്ന് ആരോപണമുള്ളത് ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണെങ്കിലും ഗൗതം അദാനിയും ഗ്രൂപ്പിലെ ഉന്നതരും അതുവഴി ലക്ഷ്യമിട്ടത് യുഎസില്‍ ഊര്‍ജപദ്ധതിയും അതു ചൂണ്ടിക്കാട്ടി യുഎസ് നിക്ഷേപകരില്‍നിന്ന് മൂലധന സമാഹരണവുമാണ്. ഇതുസംബന്ധിച്ച ഇടപാടുകള്‍ ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് പരിധിയിലാണു നടന്നതെന്നതിനാലാണു യുഎസ് കേസ് എടുത്തത്. വ്യാജരേഖകള്‍ ചമച്ചാണു യുഎസില്‍ കടപ്പത്രങ്ങളിറക്കി (ബോണ്ട്) മൂലധന സമാഹരണം നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്. കുറ്റാരോപിതരില്‍ കബേയ്ന്‍സ് ഒഴികെയുള്ളവരെല്ലാം ഇന്ത്യയിലാണുള്ളത്. കബേയ്ന്‍സ് ഓസ്ട്രിലേയന്‍-ഫ്രഞ്ച് സ്വദേശിയാണ്. യുഎസ് നിക്ഷേപകരെ കബളിപ്പിച്ച് 17.5 കോടി ഡോളര്‍ (1,500 കോടി രൂപ) സമാഹരിച്ചുവെന്ന് കാട്ടി യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ സിവില്‍ കേസും അദാനിക്കെതിരെ സമര്‍പ്പിച്ചിട്ടുണ്ട്.
2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ കടുത്ത ആരോപണങ്ങളുമായി യുഎസ് ഷോര്‍ട്ട്‌സെല്ലര്‍മാരും നിക്ഷേപ ഗവേഷണസ്ഥാപനവുമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് രംഗത്തെത്തിയത്. വിദേശത്തെ കടലാസ് കമ്പനികള്‍ വഴി അദാനി ഗ്രൂപ്പ് സ്വന്തം ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിലേക്കു നിക്ഷേപം ഒഴുക്കിയെന്നും അതുവഴി ഓഹരിവില കൃത്രിമമായി പെരുപ്പിച്ചശേഷം അവ ഈടുവച്ച് അനധികൃത നേട്ടമുണ്ടാക്കിയെന്നുമാണ് ഹിന്‍ഡന്‍ബര്‍ഗ് പ്രധാനമായും ആരോപിച്ചത്. ഹിന്‍ഡന്‍ബര്‍ഗ് ആഞ്ഞടിച്ചതിനു പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളുടെ മൂല്യത്തില്‍നിന്ന് 15,000 കോടി ഡോളറോളം (ഏകദേശം 12 ലക്ഷം കോടി രൂപ) കൊഴിഞ്ഞുപോയി.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ അദാനിക്കും സെബി മേധാവി മാധബി പുരി ബുച്ചിനുമെതിരെ ഹിന്‍ഡന്‍ബര്‍ഗ് വീണ്ടും ആരോപണമുന്നയിച്ചു. അദാനിയുടെ വിദേശത്തെ കടലാസ് കമ്പനികളില്‍ മാധബിക്കും കുടുംബത്തിനും നിക്ഷേപപങ്കാളിത്തമുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍, വ്യക്തമായ തെളിവുകള്‍ ഇതുസംബന്ധിച്ച് ഇല്ലായിരുന്നെന്നത് ഒരുപരിധിവരെ ആരോപണങ്ങളുടെ മുനയൊടിച്ചു. എന്നാല്‍, നിലവില്‍ യുഎസ് എടുത്തകേസ് കൂടുതല്‍ കുരുക്കാവുന്നതാണ്. അദാനിക്കെതിരെ ചിത്രം, മൊബൈല്‍ഫോണ്‍ രേഖകള്‍, എക്‌സല്‍, പവര്‍പോയിന്റ് ഫയലുകള്‍ തുടങ്ങിയ വ്യക്തമായ തെളിവുകളുണ്ടെന്നു യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
265 മില്യണ്‍ ഡോളര്‍ (2237 കോടി രൂപ) കൈക്കൂലി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു. ഇരുപത് വര്‍ഷത്തിനുള്ളില്‍ ഈ കരാറുകളില്‍നിന്ന് 200 കോടി ഡോളര്‍ ലാഭമുണ്ടാക്കാന്‍ ഉന്നമിട്ടു. അദാനിയെ പരാമര്‍ശിക്കാന്‍ ‘ന്യൂമെറെ യുണോ’, ‘ദി ബിഗ് മാന്‍’ തുടങ്ങിയ കോഡുകളാണ് ഉപയോഗിച്ചിരുന്നതെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ അദാനി പ്രതികരിച്ചിട്ടില്ല.