കൊച്ചി:തമിഴ് സിനിമയ്ക്ക് എന്നും പ്രിയപ്പെട്ട നടനാണ് വിജയകാന്ത്. രജനികാന്ത്, കമല്‍ ഹാസന്‍ തുടങ്ങി ഒട്ടനവധി താരാരാജാക്കന്മാര്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന കാലത്തും തന്റേതായ ട്രാക്കിലൂടെ വിജയക്കൊടി പാറിക്കാന്‍ വിജയകാന്തിന് സാധിച്ചിരുന്നു. ഇക്കാര്യം ആര്‍ക്കും നിഷേധിക്കാനാവില്ല. ക്യാപ്റ്റനായി എന്നും ആരാധകരുടെ മനസില്‍ നിറഞ്ഞ് നിന്ന നടന്റെ മരണത്തിന് ശേഷമാണ് പലരും അദ്ദേഹത്തിന് ഇത്ര വലിയ ആരാധകരുള്ളത് പോലും തിരിച്ചറിയുന്നത്.
നല്ല നടന്‍ എന്നതിലുപരി നല്ല രാഷ്ട്രീയ നേതാവും നല്ല മനുഷ്യനാണെന്നും അദ്ദേഹം തെളിയിച്ചു. താരത്തിന്റെ വിയോഗം തമിഴ് സിനിമയ്ക്ക് മാത്രമല്ല ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ തീരാനഷ്ടമാണെന്ന് പറയാം. ചികിത്സയിലിരിക്കെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28 നാണ് വിജയ്കാന്ത് അന്തരിക്കുന്നത്.
പിന്നാലെ സിനിമാ മേഖലയില്‍ നിന്നും അനുശോചനങ്ങളുടെ പ്രവാഹമായിരുന്നു. ഇപ്പോഴും സെലിബ്രിറ്റികളടക്കമുള്ളവര്‍ പല അഭിമുഖങ്ങളിലൂടെയും വിജയകാന്തിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ്. കൂട്ടത്തില്‍ നടി ഉര്‍വശി പങ്കുവെച്ച ചില കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്.
പാ. രഞ്ജിത്ത് നിര്‍മ്മിച്ച് സുരേഷ് മാരി സംവിധാനം ചെയ്യുന്ന ‘ജയ് ബേബി’ എന്ന സിനിമയില്‍ അഭിനയിക്കുകയാണ് ഉര്‍വശിയിപ്പോള്‍. സിനിമയിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും നടിയാണ്. ഈ സിനിമ മാര്‍ച്ച് എട്ടിന് റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ പ്രമോഷന്‍ ജോലികളുമായി ബന്ധപ്പെട്ട തിരക്കിലാണ് നടിയിപ്പോള്‍. ഇതിന്റെ ഭാഗമായി ഒരു അഭിമുഖത്തില്‍ സംസാരിക്കവേയാണ് ക്യാപ്റ്റന്‍ വിജയകാന്തിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഉര്‍വശി പങ്കുവെച്ചത്.
‘തന്നെ എല്ലായിപ്പോഴും തങ്കച്ചി എന്നായിരുന്നു വിജയകാന്ത് വിളിക്കാറുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ എന്നോടൊപ്പം റൊമാന്റിക് സീനുകളില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ചില സിനിമകളില്‍ ഞങ്ങള്‍ രണ്ടാളും ഒന്നിച്ചഭിനയിച്ചിരുന്നു. എന്നാല്‍ അയ്യോ ഈ പെണ്ണിന് അഭിനയിക്കാന്‍ പോലും പറ്റില്ല. ഞാന്‍ അവളെ തങ്കച്ചി, എന്നാണ് വിളിക്കാറ്. അതുകൊണ്ട് തന്നെ എല്ലാ ലവ് സീനുകളും ചെയ്യുമെങ്കിലും പ്രണയരംഗങ്ങള്‍ ചെയ്യില്ലെന്നും പറഞ്ഞിരുന്നു.’
ഇക്കാരണം കൊണ്ട് തന്നെ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമേ അദ്ദേഹത്തിനൊപ്പം ചെയ്തിട്ടുള്ളൂ. അദ്ദേഹം ഒരുപാട് കഷ്ടപ്പെടുന്ന സ്വഭാവക്കാരനാണ്. മാത്രമല്ല നീ ഇത്ര വെളുത്തതെങ്ങനെയാണെന്ന് ചോദിച്ച് തന്നെ അദ്ദേഹം കളിയാക്കാറുണ്ടായിരുന്നു എന്നും ഉര്‍വശി പറയുന്നു.
ഭക്ഷണം ഉണ്ടാക്കുന്ന കാര്യത്തിലും അദ്ദേഹം മിടുക്കനാണ്. വിജയ്കാന്തിന്റെ അവസാനമായി നിര്‍മ്മിച്ച ‘തെന്നവന്‍’ എന്ന ചിത്രത്തിലാണ് ഞാന്‍ അഭിനയിച്ചത്. ആ ലൊക്കേഷനില്‍ പല തരത്തില്‍ ഭക്ഷണം വരും. നമ്മുടെ ഗ്രാമങ്ങളിലെ പോലെയുള്ള ഭക്ഷണം വരെ അതിലുണ്ടാവും.
അതുപോലെ, മതവിശ്വാസികളുമായി അദ്ദേഹം ഇടപഴകുന്ന രീതി വളരെ സുരക്ഷിതമായിട്ടാണ്. ഏത് സ്ഥലത്ത് പോയാലും അദ്ദേഹം ഒരു നേതാവാണ്, എല്ലാവരെയും സംരക്ഷിക്കുന്ന വ്യക്തിയാണ് വിജയ്കാന്തെന്നും ഉര്‍വശി പറയുന്നു.
എണ്‍പതുകള്‍ മുതലാണ് തമിഴ് സിനിമയിലെ മുന്‍നിര നടനായി വിജയകാന്ത് ശ്രദ്ധേയനാവുന്നത്. പിന്നീട് നിരവധി സിനിമകളില്‍ നായകനായിട്ടും മറ്റും അഭിനയിച്ചു. ഇതിനിടയിലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ഇതോടെ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിര്‍ത്തി, മുഴുവന്‍ സമയം രാഷ്ട്രീയത്തിലേക്കായി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ നടന്റെ ആരോഗ്യനില വളരെ മോശമായി മാറിയിരുന്നു. ഇതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം.