EntertainmentFeaturedHome-bannerKeralaNews

നടി സുബി സുരേഷ് അന്തരിച്ചു

കൊച്ചി: സിനിമാ- സീരിയല്‍ താരം സുബി സുരേഷ് (42) അന്തരിച്ചു.ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്.  തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെ രേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം.അച്ഛന്‍: സുരേഷ്, അമ്മ:  അംബിക, സഹോദരന്‍ : എബി സുരേഷ്.

പുരുഷമേല്‍ക്കോയ്മയുള്ള കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് സുബി സുരേഷ്. സ്‌റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. ടെലിവിഷന്‍ ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്.അടുത്തകാലത്തായി യൂട്യൂബില്‍ അടക്കം സജീവമായിരുന്നു സുബി.കൊറോണ കാലത്തിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. 

സ്‌കൂള്‍ പഠനകാലത്ത് ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് കലാരംഗത്തേക്ക് എത്തിയത്.   വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി വളരെ ജനപ്രിയമായിരുന്നു.

രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button