കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി നടി ശ്രീലേഖ മിത്ര സിപിഎമ്മില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍പ് പരസ്യമായി ഇടതുപക്ഷ ആഭിമുഖ്യം പ്രകടിപ്പച്ച ശ്രീലേഖ മിത്ര അടുത്തിടെ സിപിഎം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടത്. നടി ഉടന്‍ തന്നെ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയേക്കുമെന്നാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള ഇംഗ്ലീഷ് ദിനപത്രമായ ദ സ്റ്റേറ്റ്സ്മാന് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വടക്കന്‍ കൊല്‍ക്കത്തയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിനു പിന്നാലെയാണ് അഭ്യൂഹങ്ങല്‍ ആരംഭിച്ചതിന്. ഇതേപ്പറ്റി മാധ്യമങ്ങള്‍ ശ്രീലേഖയോടു ചോദിച്ചപ്പോള്‍ പ്രതികരണം ഇങ്ങനെയായിരുന്നു – ‘അങ്ങനെ തോന്നുന്നുണ്ടോ? എങ്കില്‍ അങ്ങനെ ഇരിക്കട്ടെ.’ ഇപ്പോള്‍ മാത്രമല്ല എക്കാലത്തും താന്‍ അടിയുറച്ച ഇടതുപക്ഷ പ്രവര്‍ത്തകയാണെന്നും നടി വ്യക്തമാക്കി.
‘ഞാന്‍ ഉറച്ച ഇടതുപക്ഷക്കാരിയാണ്. ഇന്നു മാത്രമല്ല, എപ്പോഴും. ഞാന്‍ ഒരു ഡിജിറ്റല്‍ പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു ഇക്കാര്യം മനസ്സിലായത്. എനിക്കറിയാവുന്ന ഇടതുപക്ഷ നേതാക്കളുടെയും പിന്തുണ എനിക്കുണ്ട്.’ ബംഗാളി ദിനപത്രമായ അനന്ദ് ബസാര്‍ പത്രികയ്ക്ക് നല്കിയ അഭിമുഖത്തില്‍ നടി പറഞ്ഞു.
ബംഗാളി ചിലച്ചിത്രമേഖലയില്‍ നിന്നുള്ള മിക്ക താരങ്ങളും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനും ശേഷക്കുന്നവര് ബിജെപിയ്ക്കും പിന്തുണ പ്രഖ്യാപിക്കുമ്പോഴാണ് 45കാരിയായ ശ്രീലേഖ മിത്ര കൂടുതല്‍ ഇടതുപക്ഷത്തോട് അടുക്കുന്നത്. ‘ഒരാള്‍ക്ക് പെട്ടെന്നൊരു ദിവസം ചെങ്കൊടിയെ പിന്തുണയ്ക്കാന്‍ കഴിയില്ല.’ അവര്‍ പറഞ്ഞു. ഇടതുപക്ഷക്കാരിയാകാന് നല്ല വിദ്യാഭ്യാസം വേണം. കാരണം പാര്‍ട്ടിയ്ക്ക് മികച്ച വിദ്യാഭ്യാസമുണ്ട്. അവര്‍ പറഞ്ഞു.
അതേസമയം, ഇടതുപക്ഷ പാര്‍ട്ടികളുടെ വോട്ടുവിഹിതം രാജ്യത്ത് കുറയുകയാണെന്ന ചോദ്യത്തിനും അവര്‍ മറുപടി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രാജ്യത്ത് പതിയെ ഉണരുകയാണെന്നും കൊവിഡ് കാലത്തും അതിനു ശേഷവും നടത്തിയ മനുഷ്യാവകാശപരമായ സമീപനങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ സഹായിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
20 രൂപയ്ക്ക് ഭക്ഷണം നല്കുന്ന ശ്രമജീബി ക്യാന്റീന് സിപിഎം പശ്ചിമ ബംഗാളില്‍ തുടക്കമിട്ടിട്ടുണ്ട്. കൊല്‍ക്കത്തയില്‍ ആരംഭിച്ച പദ്ധതി സംസ്ഥാനത്ത് പലയിടത്തും വ്യാപിച്ചിട്ടുണ്ട്. കൂടാതെ വിപണി വിലയെക്കാള്‍ കുറഞ്ഞ വിലയില്‍ പച്ചക്കറികളും പലവ്യഞ്ജനവും ലഭ്യമാക്കുന്ന കടകളും ആരോഗ്യപരിപാലനത്തിനായി ക്ലിനിക്കുകളും സിപിഎം നടത്തുന്നുണ്ട്.പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായ 34 വര്‍ഷം ഭരിച്ച സിപിഎം തൃണമൂല്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയോടെയാണ് ദുര്‍ബലമായത്.