കൊച്ചി: ബിഗ് ബോസ് താരം ഫിറോസ് ഖാനെതിരെ മുന്‍ഭാര്യ സജ്‌ന നൂര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ തള്ളി, സംഭവത്തില്‍ ഉള്‍പ്പെട്ട നടി തന്നെ നേരിട്ട് രംഗത്ത്. സജ്‌നയുടെ വാദങ്ങള്‍ പച്ചക്കള്ളമാണെന്നും, താന്‍ ഫിറോസ് ഖാന്റെ അതിക്രമത്തിന് ഇരയാവുകയായിരുന്നുവെന്നുമാണ് നടിയുടെ വെളിപ്പെടുത്തല്‍. ബാത്‌റൂമിനുള്ളില്‍ വച്ച് ഫ്രഞ്ച് കിസ്സ് ചെയ്തുവെന്ന സജ്നയുടെ വാദം നടി പാടെ നിഷേധിച്ചു. താന്‍ ബാത്‌റൂമിനുള്ളില്‍ കയറിയിട്ടുപോലുമില്ലെന്നും പുറത്തുനിന്ന തന്നെ ഫിറോസ് തന്നെ കടന്നുപിടിച്ച് ചുംബിക്കുകയായിരുന്നുവെന്നുമാണ് നടിയുടെ പക്ഷം. ‘ഇറ്റ്സ് മി കൈസ്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് താരം അന്നത്തെ സംഭവങ്ങളുടെ സത്യാവസ്ഥ വിവരിച്ചത്. കൊറോണ കാലത്തിന് മുന്‍പ് ചെന്നൈയില്‍ നടന്ന ഒരു ടെലിവിഷന്‍ പ്രോഗ്രാമിനിടെയുണ്ടായ സംഭവമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സജ്‌ന തന്റെ ലൈവ് വീഡിയോയിലൂടെ ഒരു നടിയെ ഫിറോസ് ഖാന്‍ ബാത്ത്‌റൂമില്‍ വെച്ച് ചുംബിച്ചുവെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായും വളച്ചൊടിച്ചതാണെന്ന് നടി വ്യക്തമാക്കുന്നു.
ഷൂട്ടിംഗിന് ശേഷം കുറച്ച് സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്ന് നടിയുടെ മുറിയില്‍ ഒരു പാര്‍ട്ടി സംഘടിപ്പിച്ചു. പുതുമുഖമായതിനാല്‍ തനിക്ക് അത് എതിര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് നടി പറയുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ മദ്യവും സിഗരറ്റും ഉപയോഗിച്ചിരുന്നു. സിഗരറ്റിനുള്ളില്‍ കറുത്ത നിറത്തിലുള്ള ലഹരിവസ്തുക്കള്‍ നിറച്ച് അവര്‍ ഉപയോഗിക്കുന്നത് കണ്ടതായും താരം ആരോപിക്കുന്നു. ‘റൂമിലെ ലൈറ്റുകള്‍ അണച്ച് ഡിജെ ലൈറ്റുകള്‍ ഇട്ട് ഒരു പൂരപ്പറമ്പ് പോലെയായിരുന്നു അവിടം. എന്നെ പലതവണ അവര്‍ മദ്യപിക്കാനും സിഗരറ്റ് വലിക്കാനും നിര്‍ബന്ധിച്ചു, പക്ഷേ ഞാന്‍ വഴങ്ങിയില്ല’ എന്ന് നടി പറയുന്നു.
ബാത്ത്‌റൂമില്‍ വെച്ച് ഫ്രഞ്ച് കിസ്സ് ചെയ്തുവെന്ന സജ്നയുടെ വാദം നടി പാടെ നിഷേധിച്ചു. താന്‍ ബാത്ത്‌റൂമിനുള്ളില്‍ കയറിയിട്ടുപോലുമില്ലെന്നും, ബാത്ത്‌റൂമിന് പുറത്തുനില്‍ക്കുകയായിരുന്ന തന്റെ കൈകളില്‍ ഫിറോസ് ഖാന്‍ കടന്നുപിടിക്കുകയും ബലമായി ചുംബിക്കുകയുമായിരുന്നുവെന്ന് താരം വെളിപ്പെടുത്തി. ഈ സംഭവമെല്ലാം സജ്‌ന ബാത്ത്‌റൂമിനുള്ളിലെ കണ്ണാടിയിലൂടെ കാണുന്നുണ്ടായിരുന്നു. തന്റെ ഭര്‍ത്താവ് മറ്റൊരു പെണ്‍കുട്ടിയോട് മോശമായി പെരുമാറുന്നത് കണ്ടിട്ടും സജ്‌ന അന്ന് പ്രതികരിച്ചില്ലെന്ന് നടി കുറ്റപ്പെടുത്തുന്നു. സംഭവത്തിന് ശേഷം മാനസികമായി തകര്‍ന്ന തന്നെ ട്രാന്‍സ് വ്യക്തികളായ ദീപ്തി കല്യാണിയും ഹരിണിയുമാണ് ആശ്വസിപ്പിച്ചത്. അവരുടെ മുറിയില്‍ അഭയം നല്‍കിയാണ് തന്നെ സഹായിച്ചതെന്നും നടി പറഞ്ഞു. അന്ന് നടന്ന കാര്യങ്ങള്‍ക്ക് ദീപ്തിയും ഹരിണിയും സാക്ഷികളാണെന്നും തന്റെ പക്കല്‍ ആവശ്യമായ തെളിവുകളുണ്ടെന്നും താരം വ്യക്തമാക്കി.
സജ്‌നയുടെ ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടന്‍ ജിഷിന്‍ മോഹന്‍, പ്രമോദ് എന്നിവരെ വിളിച്ചിരുന്നുവെന്നും, ‘അവള്‍ക്ക് ഭ്രാന്താണ്, അങ്ങനെയൊന്നും നടന്നിട്ടില്ലല്ലോ’ എന്നാണ് അവര്‍ പ്രതികരിച്ചതെന്നും താരം വെളിപ്പെടുത്തി. സജ്‌നയും ഫിറോസും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നും, ഒരാളെ മോശമായി ചിത്രീകരിച്ച് സഹതാപം നേടാനാണ് സജ്‌ന ശ്രമിക്കുന്നതെന്നും താരം ആരോപിച്ചു. ഈ സംഭവത്തോടെ സജ്നയുടെ മറ്റ് ആരോപണങ്ങളുടെ വിശ്വാസ്യതയും സംശയത്തിലാണെന്നും താരം വ്യക്തമാക്കുന്നു
”ആ സ്ത്രീ ലൈവില്‍ പറഞ്ഞ ഒരു വിഡിയോ ഞാന്‍ യാദൃച്ഛികമായി യൂട്യൂബില്‍ കണ്ടതാണ്. വിഡിയോയുടെ അവസാന 10 മിനിറ്റിനുള്ളില്‍ അവര്‍ ടെലിവിഷന്‍ പ്രോഗ്രാമിനെക്കുറിച്ച് ഒരു സംഭവം പറഞ്ഞു. കൊറോണയ്ക്ക് മുമ്പ് ടിവിയില്‍ ടെലികാസ്റ്റ് ചെയ്തിരുന്ന പരിപാടിയാണ് അത്. ആ സംഭവം പറയുമ്പോള്‍ അവര്‍ പറഞ്ഞത് കേട്ടപ്പോള്‍, ”ആള്‍ ഞാന്‍ തന്നെയാണ്” എന്നുറപ്പായി. അതുകൊണ്ട് തന്നെ എനിക്ക് എന്റെ വേര്‍ഷന്‍ പറയേണ്ട ആവശ്യം തോന്നി. വിഡിയോ കാണുന്നതുവരെ ആ രണ്ട് വ്യക്തികളോടും എനിക്ക് വ്യക്തിപരമായി വലിയ താല്‍പര്യം ഒന്നുമില്ലായിരുന്നു. പ്രോഗ്രാം ആരംഭിച്ചപ്പോള്‍ അവര്‍ ഒരു കപ്പിള്‍ എന്ന നിലയില്‍ എനിക്ക് ഇഷ്ടമുണ്ടായിരുന്നു. പക്ഷേ ആ സംഭവത്തിനു ശേഷം ഞാന്‍ അവരെ പൂര്‍ണമായും അവഗണിച്ചു. ഇപ്പോള്‍ അവര്‍ പറഞ്ഞത് ആ സംഭവം തന്നെ വളച്ചൊടിച്ച രീതിയിലാണ്.
ആ സമയത്ത് ഷൂട്ടിങ് ചെന്നൈയില്‍ സ്റ്റുഡിയോയില്‍ ആയിരുന്നു. ഞങ്ങള്‍ സ്റ്റുഡിയോയ്ക്ക് അടുത്തുള്ള ഹോട്ടലില്‍ താമസിച്ചിരുന്നു. രണ്ട് പേര്‍ വീതം റൂം ഷെയര്‍ ചെയ്യേണ്ടി വന്നിരുന്നു. ഞാന്‍ മറ്റൊരു പെണ്‍കുട്ടിയുമായി റൂം ഷെയര്‍ ചെയ്തിരുന്നു. ഞങ്ങള്‍ രണ്ടുപേരും മദ്യമോ സിഗരറ്റോ യാതൊരു ലഹരിപദാര്‍ത്ഥങ്ങളും ഉപയോഗിക്കാത്തവരാണ്. ഷൂട്ട് വളരെ ഹെക്ടിക് ആയിരുന്നു. ചില സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഷൂട്ടിന് ശേഷം ”റിലാക്‌സ് ചെയ്യാന്‍” ഒരു പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചു. അതിന് അവര്‍ ഞങ്ങളുടെ റൂം തിരഞ്ഞെടുക്കുകയായിരുന്നു. അന്ന് ഞങ്ങള്‍ പുതുമുഖങ്ങളായതിനാല്‍ ”നോ” പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല.
ഇന്നായിരുന്നെങ്കില്‍ ഞാന്‍ തീര്‍ച്ചയായും നിരസിച്ചേനേ. പാര്‍ട്ടിയില്‍ മദ്യപാനവും സിഗരറ്റ് വലിയും ഉണ്ടായിരുന്നു. സിഗരറ്റിനുള്ളില്‍ ആയുര്‍വേദ ഗുളിക പോലെ കറുത്ത നിറത്തിലുള്ള എന്തോ ഒരു സാധനം പൊടിച്ചു ചേര്‍ത്ത് ഇവര്‍ മാറി മാറി വലിക്കുന്നുണ്ടായിരുന്നു. റൂമിലെ ലൈറ്റുകള്‍ ഓഫ് ചെയ്ത് ഡിജെ ലൈറ്റുകള്‍ ഇട്ട് ഒരു പൂരപ്പറമ്പ് പോലെയായിരുന്നു അവിടം. പറയുമ്പോള്‍ എല്ലാം പറയണമല്ലോ, എല്ലാം തുറന്നു പറയുന്നവര്‍ ചിലതു മാത്രം ഒളിച്ചുവച്ചിട്ട് കാര്യമില്ല. ഇവര്‍ സിഗററ്റിനുള്ളില്‍ ഗുളിക പോലെ എന്തോ പൊടിച്ചിട്ട് ചുരുട്ടി വലിക്കുന്നത് ഞാന്‍ കണ്ടതാണ്. റൂമിലെ ലൈറ്റുകള്‍ ഓഫ് ചെയ്ത് ഡിജെ ലൈറ്റ് പോലെ ലൈറ്റിംഗ് ഒരുക്കി, മ്യൂസിക് വച്ച് ഡാന്‍സ് ചെയ്തുകൊണ്ടുള്ള ഒരു പാര്‍ട്ടിയായിരുന്നു. ഞാനും എന്റെ റൂംമേറ്റും അതില്‍ പങ്കെടുത്തില്ല. ഞങ്ങള്‍ ബെഡില്‍ ഇരിക്കുകയായിരുന്നു. എന്നെ പലതവണ മദ്യപിക്കാനും സിഗരറ്റ് വലിക്കാന്‍നും നിര്‍ബന്ധിച്ചു പക്ഷെ ഞാന്‍ നിരസിച്ചു.
ഈ വ്യക്തികള്‍ തമ്മില്‍ വളരെയധികം ഇന്റെഇമേറ്റായി പെരുമാറുന്നുണ്ടായിരുന്നു. ഞാന്‍ അതൊന്നും ശ്രദ്ധിക്കാതെ നിസംഗമായി ഇരിക്കുകയായിരുന്നു. ഇതിനിടയില്‍ വിഡിയോ ഇട്ട വ്യക്തിയുടെ ഭര്‍ത്താവ് എന്നോട് മദ്യപിക്കാനും സിഗരറ്റ് വലിക്കാനും നിര്‍ബന്ധിച്ചു. ഞാന്‍ അത് കടുത്ത ഭാഷയില്‍ നിരസിച്ചു. സമയത്ത് അവിടെ ദീപ്തി കല്യാണി, ഹരിണി ചന്ദന എന്നി ട്രാന്‍സ് വ്യക്തികളും അവിടെ ഉണ്ടായിരുന്നു. അവര്‍ ട്രാന്‍സ് എന്ന നിലയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നതാണ്. ഈ സമയത്ത് എനിക്ക് ബാത്റൂമില്‍ പോകണം എന്ന് തോന്നി, പക്ഷേ ബാത്‌റൂമിലേക്ക് അടുക്കാന്‍ വയ്യ, ബാത്റൂമില്‍ നിന്ന് ഇവര്‍ പുക വലിച്ചിട്ട് അവിടെ മുഴുവന്‍ പുക കെട്ടിക്കിടക്കുകയാണ്. ഞാന്‍ ബാത്‌റൂമില്‍ കയറാനായി വാതിലിനരികില്‍ വന്നു.
ഈ സമയത്ത് ഇപ്പോള്‍ വിഡിയോ ഇട്ട വ്യക്തിയുടെ ഭര്‍ത്താവ് എന്നോട് മദ്യപിക്കാനും സിഗരറ്റ് വലിക്കാനും നിര്‍ബന്ധിച്ചു. ഞാന്‍ അത് നിരസിച്ചിട്ടും അദ്ദേഹം വിട്ടില്ല എന്നെ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. ഞാന്‍ വലിക്കില്ല കുടിക്കില്ല, എന്ന് പറഞ്ഞു, എനിക്ക് ഒന്ന് ബാത്റൂമില്‍ പോയിവന്നാല്‍ മതി എന്ന അവസ്ഥയില്‍ ആയിരുന്നു ഞാന്‍. ആ വ്യക്തി എന്റെ കയ്യില്‍ കടന്നു പിടിക്കുകയും സിഗരറ്റ് എന്റെ ചുണ്ടോട് അടുപ്പിക്കാന്‍ പോകുന്നതുപോലെ വരികയും ചെയ്തു. എനിക്ക് പ്രതികരിക്കാന്‍ പോലും കഴിയുന്നതിനു മുന്‍പ് അയാള്‍ പെട്ടെന്ന് എന്നെ കിസ് ചെയ്തു. ഞാന്‍ ആകെ പാനിക്ക് ആയിപ്പോയി. ഞാന്‍ അന്ന് കുറച്ചുകൂടി ചെറുപ്പമാണ്, പുതുമുഖമാണ്, ഇന്നത്തെ അവസ്ഥയാണെങ്കില്‍ ഞാന്‍ രൂക്ഷമായി പ്രതികരിച്ചേനേ, പക്ഷേ അപ്പോള്‍ എന്ത് പറയണം എന്നറിയാന്‍ പറ്റാത്ത അവസ്ഥയായിപ്പോയി.
നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളില്‍ നിന്ന് മോശമായ ഒരു പെരുമാറ്റം പെട്ടെന്ന് ഉണ്ടാകുമ്പോള്‍ ആരും ഒന്ന് പതറിപ്പോകും. ഞാനും അക്ഷരാര്‍ത്ഥത്തില്‍ ഷോക്കായിപ്പോയി. അയാളുടെ പെരുമാറ്റം കണ്ടപ്പോള്‍ കള്ളു കുടിച്ചിട്ടാണ് എന്നാണു എനിക്ക് തോന്നിയത്. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്ന ഞാന്‍ നേരെ എന്റെ സുഹൃത്തിന്റെ അടുത്തേക്ക് നീങ്ങി. അതേസമയം തന്നെ ഈ സ്ത്രീ ബാത്‌റൂമില്‍ കയറി വാതില്‍ അടച്ചിരുന്നു. കണ്ണാടിയിലൂടെ അവര്‍ എല്ലാം കാണുന്നുണ്ടായിരുന്നു, അവരുടെ ഭര്‍ത്താവ് എന്നോട് മോശമായി പെരുമാറുന്നത് അവര്‍ വ്യക്തമായി കണ്ടു. എന്നിട്ടും അപ്പോഴൊന്നും അവര്‍ പ്രതികരിച്ചില്ല എന്നിട്ട് ഇപ്പോള്‍ പറയുകയാണ് ബാത്‌റൂമിനുള്ളില്‍ വച്ച് കെട്ടിപ്പിടിച്ചെന്നും ഫ്രഞ്ച് കിസ്സ് ചെയ്തുവെന്നും. സത്യം പറയട്ടെ, ആ ബാത്‌റൂമിന്റെ വാതില്‍പ്പടി പോലും ഞാന്‍ ചവിട്ടിയിട്ടില്ല. അതിന്റെ അകത്തേക്ക് കടക്കാന്‍ പറ്റുന്ന ഒരു സാഹചര്യമേ അവിടെ ഉണ്ടായിരുന്നില്ല. ഞാന്‍ പുറത്താണ് നിന്നിരുന്നത്.
എല്ലാം കണ്ടുകൊണ്ട് അകത്ത് കയറി വാതിലടച്ച ആ സ്ത്രീ കുറച്ചു കഴിഞ്ഞ് പുറത്തു വന്നപ്പോള്‍ കണ്ട കാഴ്ച അതിശയിപ്പിക്കുന്നതായിരുന്നു. ഒന്നും സംഭവിക്കാത്ത മട്ടില്‍ ‘ഹായ്’ ഒക്കെ പറഞ്ഞ് ഡാന്‍സ് കളിച്ചും ചില്ല് ചെയ്തുമാണ് അവര്‍ വന്നത്. പക്ഷേ ആ മനുഷ്യന്‍ (ഭര്‍ത്താവ്) നേരെ തിരിച്ചായിരുന്നു. നനഞ്ഞ പടക്കം പോലെ, അല്ലെങ്കില്‍ വെള്ളത്തില്‍ മുക്കിയ കോഴിയെപ്പോലെ അയാള്‍ ആകെ സൈലന്റായിപ്പോയി. ആ ഒരു സാഹചര്യത്തില്‍ എനിക്ക് അവിടെ അധികനേരം നില്‍ക്കാന്‍ തോന്നിയില്ല. ഈ സംഭവത്തിന് ശേഷം അവര്‍ എന്നോട് ഒന്നും ചോദിക്കാനോ സംസാരിക്കാനോ വന്നതുമില്ല. ആകെ അസ്വസ്ഥത നിറഞ്ഞ ഒരു അനുഭവമായിരുന്നു അത്.
ഈ സംഭവത്തിന് ശേഷം ആകെ തകര്‍ന്നുപോയ എന്നെ കൂടെയുണ്ടായിരുന്ന ദീപ്തിയും ഹരിണിയുമാണ് ആശ്വസിപ്പിച്ചത്. അവരുടെ റൂമിന്റെ കീ എനിക്ക് തരികയും ഞങ്ങളൂടെ അവിടെ പോയി കിടക്കാന്‍ പറയുകയും ചെയ്തു. ഞാനും എന്റെ ഒപ്പമുണ്ടായിരുന്ന കുട്ടിയും ആ റൂമിലേക്ക് പോയി, ഞാന്‍ അവിടെ പോയി കിടന്ന് കരയുകയുമായിരുന്നു. ഇക്കാര്യം അന്ന് തന്നെ എന്റെ വീട്ടിലും അടുത്ത സുഹൃത്തുക്കളോടും ഞാന്‍ പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ ആ സ്ത്രീ വീഡിയോയില്‍ പറഞ്ഞത് പൂര്‍ണമായും തെറ്റായ രീതിയിലാണ്. എന്റെ പേരെടുത്ത് പറയാതെയെങ്കിലും എന്നെ ഉള്‍പ്പെടുത്തി കഥ പറയുന്നത് തെറ്റാണ്. അവര്‍ക്കും അവരുടെ ഭര്‍ത്താവിനും ഇടയില്‍ പ്രശ്‌നമുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ എന്നെ ഉള്‍പ്പെടുത്തേണ്ട കാര്യമില്ല. ഈ വfഡിയോ വന്നതിനു ശേഷം ഞാന്‍ ആ സ്ത്രീക്ക് മെസേജ് അയച്ചിട്ടും മറുപടി ലഭിച്ചിട്ടില്ല. ഷോ കോര്‍ഡിനേറ്ററിനോടും ഞാന്‍ ഈ കാര്യം പറഞ്ഞിട്ടുണ്ട്. കൂടാതെ ആ സമയത്ത് ഉണ്ടായിരുന്ന ജിഷിന്‍ ചേട്ടനും പ്രമോദ് ചേട്ടനും ഞാന്‍ വിളിച്ചപ്പോള്‍ പറഞ്ഞത് അവള്‍ക്ക് പ്രാന്താണ് അന്ന് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലല്ലോ എന്നാണു. ഈ വിഷയത്തില്‍ സാക്ഷികളും തെളിവുകളും എന്റെ കൈവശമുണ്ട്. എനിക്ക് ആരെയും കുറ്റപ്പെടുത്താനുള്ള ഉദ്ദേശമില്ല. എന്നാല്‍ ഞാന്‍ പങ്കെടുത്തിട്ടില്ലാത്ത ഒരു കാര്യത്തില്‍ എന്നെ തെറ്റായി ചിത്രീകരിക്കുന്നത് കൊണ്ടാണ് ഞാന്‍ ഇത് തുറന്ന് പറയുന്നത്.
അവിടെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ അവരുടെ ഇഷ്ടപ്രകാരം എന്ത് ചെയ്താലും അത് അവരുടെ കാര്യമാണ്. പക്ഷേ അതില്‍ പങ്കെടുത്തിട്ടില്ലാത്ത ഒരാളെ തെറ്റായി ഉള്‍പ്പെടുത്തുന്നത് ശരിയല്ല. എനിക്ക് ഈ വിഷയത്തില്‍ കൂടുതല്‍ വിവാദങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ല. പക്ഷേ എന്റെ ഭാഗം സത്യമായി പറയേണ്ടതിനാലാണ് ഞാന്‍ ഇത് തുറന്ന് പറഞ്ഞത്.’
An actress involved in the recent controversy surrounding Bigg Boss star Firoz Khan has directly refuted allegations made by his ex-wife, Sajna Noor. The actress clarified that Sajna’s claims about a “French kiss inside a bathroom” were false, stating she never entered the bathroom and was instead forcefully kissed by Firoz outside. She described the incident as harassment and accused Sajna of twisting the truth to gain sympathy during her divorce.


