EntertainmentKeralaNews

‘ജീവിതത്തിന്റെ വഴികളില്‍ വീണുപോയിട്ടുണ്ട്, വിഷമങ്ങളെ മറികടക്കാന്‍ ചെയ്യുന്നത് ഇതെല്ലാം’; മനസ്സുതുറന്ന് നടി

കൊച്ചി: നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് പ്രിയങ്ക നായര്‍. വെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ പ്രിയങ്ക നായര്‍ അഭിനയിച്ചിരുന്നു. ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്ത വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും നടിക്ക് ലഭിച്ചിരുന്നു.

നായികയായും സഹനടിയായുമൊക്കെയാണ് പ്രിയങ്ക നായര്‍ സിനിമയില്‍ തിളങ്ങിയത്. സമീപകാലത്ത് ഇറങ്ങിയ നിരവധി ചിത്രങ്ങളില്‍ പ്രിയങ്ക പ്രധാന വേഷത്തിലെത്തിയിരുന്നു. അന്താക്ഷരി, ട്വല്‍ത്ത് മാന്‍, ജനഗണമന എന്നീ ചിത്രങ്ങളിലെ പ്രിയങ്കയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു.
തന്റെ അഭിനയജീവിതത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് ഇപ്പോള്‍ പ്രിയങ്ക. ആദ്യ ചിത്രമായ വെയിലിനെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും വാചാലയാവുകയാണ് താരം.

തന്റെ ആദ്യ ചിത്രമായ വെയിലിനെക്കുറിച്ച് പ്രിയങ്ക ഓര്‍ക്കുന്നത് ഇങ്ങനെയാണ്. ‘ ഞാന്‍ വളരെ ചെറിയ കുട്ടി ആയിരുന്നപ്പോഴാണ് വെയില്‍ ചെയ്തത്. സംവിധായകന്‍ വസന്തബാലനെയും പശുപതി സാറിനെയും ഞാന്‍ ഒരുപാടു ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഒരുപാടു ഇന്റിമേറ്റ് സീനുകള്‍ ഉള്ള സിനിമയായിരുന്നു അത്. ചെയ്യാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു.
പക്ഷേ സിനിമ അഭിനയിക്കാന്‍ പോയാല്‍ നമുക്ക് വരുന്ന കഥാപാത്രം എന്തായാലും അത് നൂറുശതമാനം ആത്മാര്‍ഥതയോടെ ചെയ്യണം. ആ കഥാപാത്രത്തിന് അത്തരം അഭിനയം ആവശ്യമായിരുന്നു. സംവിധായകന്‍ അത് എന്നെ ബോധ്യപ്പെടുത്തിതന്നു. പിന്നെ കുഴപ്പമൊന്നുമുണ്ടായില്ല. പക്ഷേ ആ സിനിമ നേടിത്തന്ന സ്വീകാര്യത വളരെ വലുതായിരുന്നു. ഇന്നും തമിഴില്‍ പോകുമ്പോള്‍ വെയിലിലെ കഥാപാത്രത്തിലൂടെ ഞാന്‍ അറിയപ്പെടാറുണ്ട്.

എന്റെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ ഞാന്‍ വളരെ കരുതലോടെയാണ് കൈകാര്യം ചെയ്യുന്നത്. ഒരു മനുഷ്യന് തെറ്റെന്ന് തോന്നുന്ന തീരുമാനം എടുക്കാറില്ല. അത് അപ്പോഴത്തെ നമ്മുടെ ശരികളാണ്. അത് ശരിയായിരുന്നില്ല എന്ന് തോന്നുമ്പോഴാണ് തിരുത്തുന്നത്. പിന്നെ അത് നമ്മള്‍ ആവര്‍ത്തിക്കില്ല. എന്റെ വിഷമങ്ങളും എന്റെ മനസ്സിലെ മുറിവുകളും ഞാന്‍ യാത്ര ചെയ്തും പഠിച്ചും പുസ്തകങ്ങള്‍ വായിച്ചുമാണ് മറികടക്കുന്നത്.

അനുഭവങ്ങള്‍ ചിലരെ തളര്‍ത്തും, ചിലരെ ശക്തരാക്കും. ജീവിതത്തിന്റെ കടന്നുപോയ വഴികളില്‍ ഞാന്‍ വീണിട്ടുണ്ട്. അവിടെ നിന്ന് ശക്തയായി ഉയര്‍ത്തെഴുന്നേറ്റിട്ടുമുണ്ട്. തകര്‍ച്ചയില്‍ വീണു കിടക്കാതെ മുന്നോട്ടു പോവുക എന്നുള്ളതാണ് പ്രധാനം. ഇപ്പോള്‍ ഞാന്‍ എന്റെ കരിയറില്‍ ആണ് ഫോക്കസ് ചെയ്തിരിക്കുന്നത്. എന്റെ ഡിപ്രഷന്‍ മറികടക്കാന്‍ ഞാന്‍ യാത്രകള്‍ ചെയ്യും.’ പ്രിയങ്ക നായര്‍ പറയുന്നു.

ഞാന്‍ ഒരുപാട് യാത്ര ചെയ്യുന്ന ആളാണ്. അഗസ്ത്യാര്‍കൂടത്തില്‍ പോയിട്ടുണ്ട്. അടുത്തിടെ വരയാട്മൊട്ടയില്‍ പോയിരുന്നു. അങ്ങനെ ചെറുതും വലുതുമായ ഒരുപാട് യാത്രകള്‍ ചെയ്യാറുണ്ട്. എന്റെ സുഹൃത്ത് ധന്യ ചേച്ചി, അജയ്, ഹേമന്ത് എന്റെ ജിം മേറ്റ്സ് തുടങ്ങി കുറെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് പോകാറുള്ളത്.

അഗസ്ത്യാര്‍കൂടം, വരയാട്മൊട്ട ഹെവി ട്രെക്കിങ് ആണ്. 12 മണിക്കൂര്‍ കയറ്റവും ഇറക്കവുമായി ഒരേ നടപ്പാണ്. ഒന്നും പ്ലാന്‍ ചെയ്തു പോകുന്നതല്ല, നില്‍ക്കുന്ന നില്‍പ്പില്‍ ഒരു തോന്നല്‍ വരും, അങ്ങ് പോകും. തിരിച്ചു വന്നു കഴിയുമ്പോള്‍ പിന്നീട് നടക്കാന്‍ കഴിയില്ല, കാലും തുടയുമൊക്കെ ഉടഞ്ഞു പോകുന്നതുപോലെ വേദനിക്കും. ഒരാഴ്ച എടുക്കും പിന്നീട് നോര്‍മല്‍ ആകാന്‍.

പലരും ചോദിക്കാറുണ്ട് ഒരു സിനിമാതാരം ആയ ഞാന്‍ ഇങ്ങനെ വെയിലും മഴയും കൊണ്ട് യാത്ര ചെയ്താല്‍ സ്‌കിന്‍ മോശമാകില്ലേ എന്നൊക്കെ. സണ്‍ സ്‌ക്രീന്‍ തേച്ച് ക്യാപ് ഒക്കെ വച്ച് ശ്രദ്ധിച്ചാണ് പോകുന്നത് എന്നാലും ടാന്‍ ആകും. എന്നുകരുതി എന്റെ സന്തോഷം കളയാന്‍ പറ്റുമോ.

എന്റെ പ്രണയം യാത്രകളോടാണ്. യാത്രകളില്‍നിന്ന് കിട്ടുന്ന ഊര്‍ജം വളരെ വലുതാണ്. യാത്രയ്ക്ക് വേണ്ടി അഭിനയവും അഭിനയത്തിന് വേണ്ടി യാത്രയും ഉപേക്ഷിക്കാന്‍ കഴിയില്ല. കടലും കാടും എന്നെ എപ്പോഴും മാടിവിളിച്ചുകൊണ്ടിരിക്കും. അതുപോലെ തന്നെ ഓടുന്നത് ഇഷ്ടമാണ്. വര്‍ക്ഔട്ട് ചെയ്യാന്‍ വേണ്ടി ഞാന്‍ ഓടുകയാണ് ചെയ്യുന്നത്. ഇതെല്ലാം ചേര്‍ന്നതാണ് ഞാന്‍.

ഇനി ഹിമാലയത്തില്‍ പോകണം എന്ന് ആഗ്രഹമുണ്ട്. ഒട്ടും ചൂഷണം ചെയ്യാത്ത കുറച്ചു സുഹൃത്തുക്കള്‍, അപ്പു, എന്റെ കുടുംബം, കുറച്ച് വായന, എഴുത്ത്, സിനിമ, യാത്രകള്‍ ഇതൊക്കെയാണ് എന്റെ ജീവിതം. ഇപ്പോഴുള്ള ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയാണ്.’പ്രിയങ്ക നായര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button