കൊച്ചി:മലയാളികൾക്കിന്നും മറക്കാൻ സാധിക്കാത്ത ചിത്രമാണ് തന്മാത്ര . മോഹൻലാലിൻറെ അഭിനയത്തിലൂടെയും ബ്ലെസിയുടെ സംവിധാനത്തിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ട തൻമാത്രയിലെ നായികയായിരുന്നു മീര വാസുദേവ്. തെന്നിന്ത്യയിലും ബോളിവുഡിലുമൊക്കെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും മീരയുടെ കരിയറിലെ മികച്ച വേഷമായിരുന്നു തൻമാത്രയിലേത്.
തന്മാത്ര വലിയ വിജയമായിരുന്നെങ്കിലും മികച്ച വേഷങ്ങൾ പിന്നീട് മീരയെ തേടിയെത്തിയില്ല. ഇപ്പോഴിതാ, ഇന്ത്യൻ സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ മീ ടു ആരോപണങ്ങളെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മീര വാസുദേവ്. സിനിമാരംഗത്തെ പലർക്കും വഴങ്ങിക്കൊടുത്ത ശേഷം പറഞ്ഞു നടക്കുന്നത് മര്യാദയല്ലെന്നാണ് മീ ടൂ വിനെ കുറിച്ച് മീര അഭിപ്രായപ്പെടുന്നത്.
‘നമ്മൾ സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ ആരും ചൂഷണം ചെയ്യില്ല. ബോൾഡായി സംസാരിക്കുന്നതാണ് എന്‍റെ രീതി. വീട്ടുകാർ അങ്ങനെയാണ് എന്നെ വളർത്തിയത്. ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതികരിക്കുകയാണ് എന്‍റെ രീതി’- മീര വാസുദേവ് അഭിപ്രായപ്പെടുന്നു.
വളരെ ബോൾഡായി ഇടപെടുന്നതുകൊണ്ട് മോശം അനുഭവങ്ങളൊന്നും തനിക്ക് ഉണ്ടായിട്ടില്ലെന്ന് മീര വാസുദേവ് പറയുന്നു. പലർക്കും വഴങ്ങിക്കൊടുത്ത ശേഷം അത് പറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യം അതായിരുന്നു എന്ന് പറയുന്നതിലും കാര്യമില്ല. പറയാതിരിക്കുന്നതാണ് മാന്യത. സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സമ്മതിച്ചതിനുശേഷം നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല. എനിക്കത് പറ്റില്ല. മറ്റാരെയെങ്കിലും വിളിച്ച് അഭിനയിപ്പിച്ചോളൂ എന്ന് പറയണം.
തന്മാത്രയ്ക്കു ശേഷം വലിയ അവസരങ്ങൾ സിനിമയിൽ ലഭിച്ചില്ലെങ്കിലും പിൻമാറാൻ മീര ഒരുക്കമായിരുന്നില്ല. അഭിനയരംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് അവർ നടത്തി. എന്നാൽ അത് ബിഗ് സ്ക്രീനിലേക്ക് ആയിരുന്നില്ല. മിനി സ്ക്രീനിൽ ഇന്ന് കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമാണ് മീര വാസുദേവ്. കുടുംബവിളക്ക് എന്ന ഒറ്റ സീരിയലിലൂടെയാണ് മീര ഇപ്പോൾ പ്രേക്ഷകരുടെ മനംകവർന്നത്. ജനപ്രീതിയിൽ ഏറെ മുന്നിലായ കുടുംബവിളക്ക് ടെലിവിഷൻ റേറ്റിങ്ങിലും ഒന്നാമതാണ്.
തൻമാത്രയ്ക്ക് ശേഷം ഒരുവൻ, ഏകാന്തം, വാൽമീകം, പച്ചമരണത്തണലിൽ, കാക്കി, ഗുൽമോഹർ തുടങ്ങിയ സിനിമകളിലും മീര വാസുദേവ് അഭിനയിച്ചിരുന്നു. എന്നാൽ ഈ സിനിമകളിലൊന്നും ശ്രദ്ധിക്കപ്പെടുന്ന വേഷം ലഭിക്കാതിരുന്നത് മീരയുടെ കരിയറിനെ സാരമായി ബാധിച്ചു.