കൊച്ചി:ആക്ഷന്‍ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ് മഞ്ജുവാണി. രണ്ട് സീനുകളില്‍ മാത്രമാണ് താരം എത്തിയതെങ്കിലും മഞ്ജുവാണിയെ മലയാളി പ്രേക്ഷകര്‍ മറക്കാനിടയില്ല. ആകെ മൂന്ന് സിനിമകളില്‍ മാത്രമാണ് മഞ്ജു അഭിനയിച്ചത്. എന്നാല്‍ 55 ഓളം സിനിമകളില്‍ നിന്നും ഓഫര്‍ വന്നിരുന്നുവെങ്കിലും നിരസിക്കേണ്ടി വന്നുവെന്നാണ് മഞ്ജു പറയുന്നത്. നടി ചിത്രയുടെ വിയോഗത്തെ തുടര്‍ന്ന് പങ്കുവച്ച പോസ്റ്റിലാണ് മലയാള സിനിമയില്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടതിനെ കുറിച്ച് മഞ്ജു പറയുന്നത്.
മഞ്ജുവാണിയുടെ കുറിപ്പ്:
സൗന്ദര്യവും കഴിവുമുണ്ടായിരുന്ന ചിത്രയുടെ വാക്കുകള്‍ സങ്കടകരവും ചിന്തനീയവുമാണ്. ഒരു ക്യാരക്റ്റര്‍ അഭിനയിച്ച് ഫലിപ്പിച്ചാല്‍ പിന്നീട് തേടി വരുന്ന അവസരങ്ങളെല്ലാം ആ ക്യാരക്റ്റര്‍ പോലെയോ അല്ലെങ്കില്‍ അതിന്റെ ചുവട് പിടിച്ചുള്ളതോ ആയിരിക്കും. മറിച്ച് ചിന്തിക്കുന്ന സംവിധായകര്‍ വളരെ ചുരുക്കം പേര്‍ മാത്രം. എന്ത് കൊണ്ടങ്ങനെ ?
ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം ഞാന്‍ മറ്റ് രണ്ട് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളു. അവ രണ്ടും ഒന്നിനൊന്ന് വേറിട്ട ക്യാരക്റ്റേര്‍സുമായിരുന്നു. എന്നാല്‍ ആക്ഷന്‍ ഹീറോ ബിജുവില്‍ ഞാന്‍ ചെയ്ത ഉഡായിപ്പ് കാമുകി (ഒരുത്തന്റെ ഭാര്യയായും, ഒരുവളുടെ അമ്മയായുമിരിക്കേ, മറ്റൊരുത്തന്റെ കാമുകിയായി ഇരിക്കുന്ന ഒരുവള്‍) എന്ന ആ ക്യാരക്റ്റര്‍ പോലത്തെ 55ഓളം സിനിമകളാണ് എനിക്ക് പിന്നീട് വേണ്ട എന്ന് വെക്കേണ്ടി വന്നിട്ടുള്ളത്.
ഗസ്റ്റ് റോള്‍ ആണെങ്കില്‍ പോലും ആന അലറോടലറല്‍ എന്ന സിനിമയില്‍ വ്യത്യസ്തമായ ഒരു ക്യാരക്റ്റര്‍ തന്ന ദിലീപ് മേനോന്‍, ആക്ഷന്‍ ഹീറോ ബിജു ഇറങ്ങിയ ഉടനെ നിനക്ക് ഞാനൊരു വ്യത്യസ്തമായ ക്യാരക്റ്ററാണ് തരാനുദ്ദേശിക്കുന്നത്’ എന്ന് പറഞ്ഞ് ഒരു കുപ്രസിദ്ധ പയ്യനെന്ന സിനിമയിലെ മാലിനി എന്ന കഥാപാത്രം തന്ന മധുപാല്‍ ചേട്ടനോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. സിനിമാ മേഖലയിലെ വലിയ പല മാറ്റങ്ങളേക്കുറിച്ചും സംസാരിക്കുമ്പോള്‍ ഈയൊരു കാര്യം കൂടി പരിഗണിക്കുകയും, മാറ്റത്തിനു വിധേയമാകേണ്ടതുമാണ്.
നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തിയത്.’ ഇത് സിനിമയുടെ ഒരു പൊതു സ്വഭാവമല്ലെ ….? മീശ മാധവനിലെ സരസു എന്ന കഥാപാത്രം ചെയ്ത നടി ഒരിക്കൽ പറയുക ഉണ്ടായി മീശ മാധവനു ശേഷം വന്ന charactors എല്ലാo അതുപോലെ ആയതിനാൽ എല്ലാം വേണ്ടന്നു വെച്ചു … അത് കൊണ്ടിപ്പോൾ അവർക്ക് അവസരങ്ങളും കുറവ് …. type ചെയ്യപ്പെടാതെ നോക്കേണ്ടത് actors തന്നെയാണ് ….. ലെന യൊക്കെ ഈ കാര്യത്തിൽ വിജയിച്ച നടിയാണ്’, എന്നായിരുന്നു ഒരാൾ കുറിച്ചത്.
നടൻ ഇന്ദ്രൻസിന്റെ കാര്യവും ചിലര് ചൂണ്ടിക്കാട്ടി. ‘ഏതൊരു അഭിനേതാവ് ഒരു വേഷം ചെയ്തു വിജയിപ്പിച്ചാൽ പിന്നേ അത്തരം റോളുകൾക്ക് മാത്രമേ അയാളെ വിളിക്കൂ. അഭിനേതാവ് വേണം എന്ന് വിചാരിച്ചിട്ടല്ല, ഇൻഡസ്ട്രി അയാളെ ടൈപ്പ് കാസ്റ്റ് ചെയ്യുകയാണ്. നിർബന്ധിക്കുകയാണ്.
അതുകൊണ്ടാണ് ഇന്ദ്രൻസ് ഇക്കാലമത്രയും മലയാള സിനിമയിൽ നിന്നിട്ടും ഈ സായാഹ്ന കാലത്ത് മാത്രം നമുക്ക് അദ്ദേഹത്തിന്റെ കഴിവ് കാണാൻ കഴിഞ്ഞത്. അതുവരെ ബോഡി ഷെയിമിങ്ങിനു വിധിക്കപ്പെട്ട കഥാപാത്രങ്ങളായി അദ്ദേഹം ഒതുക്കപ്പെട്ടു.
ഒരാൾ… ഒരാൾ പോലും ഒരു സംവിധായകനോ എഴുത്തുകാരനോ പോലും ഇന്ദ്രൻസിന്റെ ഉള്ളിലെ പ്രതിഭയുടെ നിഴലാട്ടം ഇത്രയും കാലം വരെ കണ്ടറിയാൻ പറ്റിയില്ല എന്നതാണ് ഇൻഡസ്ട്രിയും പ്രേക്ഷകനും നേരിടേണ്ടി വരുന്ന ഗതികേട്’ മറ്റൊരാൾ കുറിച്ചു.
തെസ്നി ഖാൻ നല്ല നടിയാണ് ഇത്രയുംവർഷത്തെ കരിയറിൽ എടുത്തു പറയാവുന്ന നല്ല റോളുകൾ അവർക്ക് കൊടുത്തുട്ടില്ല എപ്പോഴും ചെറിയ കോമഡി റോളുകളിൽ മാത്രം ഒതുക്കി നിർത്തുന്നു
ആന അലറലോടലറലിൽ നല്ലൊരു വേഷം ചെയ്തു അതു കഴിഞ്ഞു കൊച്ചുണ്ണിയിൽ അമ്മവേഷവും കിട്ടി അതും നന്നായി ചെയ്തു എന്നിട്ടും കോമഡി റോൾസിൽ തന്നെ cast ചെയ്യുന്നു’..എന്നായിരുന്നു മറ്റൊരു കമന്റ്.
ഹിറ്റ് അടിച്ചു നിൽക്കുമ്പോൾ നോ പറയാനും വേണം നിലപാടെന്നായിരുന്നു മറ്റൊരു കമന്റ്. സിനിമയിൽ ഹിറ്റ് ആയാൽ ആദ്യം പഠിക്കേണ്ട കാര്യം സെലെക്ഷൻ ചെയ്യുന്നതിലെ no പറച്ചിൽ ആണ്. അതു ആകും ഏറ്റവും ബുദ്ധിമുട്ട് ഏറിയതും. നമ്മുക്ക് ഏത് വേണ്ട ഏത് വേണം എന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെ ആയിരിക്കണമെന്നും ഇയാൾ കുറിച്ചു.
അപ്രതീക്ഷിതമായിട്ടായിരുന്നു നടി ചിത്രയുടെ വിയോഗം. ഓണം നാളിൽ ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം.വിവിധാ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ച ചിത്ര മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു. 2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന സിനിമയായിരുന്നു ചിത്ര ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.
ചിത്രയുടെ മരണത്തോടെ അവരുടെ പല പഴയകാല അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നുണ്ട്. അഭിമുഖങ്ങളിൽ തന്റെ മലയാളത്തോടുള്ള ഇഷ്ടത്തെ കുറിച്ച് നടി വാചാലയാകുന്നുണ്ടെങ്കിലും സിനിമയിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിനെ കുറിച്ച് അവർ തുറന്ന് പറഞ്ഞിരുന്നു.
മോഹന്‍ലാല്‍ ചിത്രമായ ദേവാസുരത്തില്‍ വേശ്യയായി അഭിനയിച്ചതോടെ പിന്നെ തന്നെ തേടി അത്തരം കഥാപാത്രങ്ങൾ മാത്രമായിരുന്നു വന്നിരുന്നതെന്നായിരുന്നു നടി പറഞ്ഞത്.
ആ കഥാപാത്രം വന്നപ്പോൾ തുടക്കത്തില്‍ ഇത് ചെയ്യണോ എന്ന് ആലോചിച്ചെങ്കിലും അത് ചെയ്തു. എന്നാൽ പിന്നീട് വഴിപിഴച്ച സ്ത്രീകളുടെ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ചിത്രയെ ഓർക്കുന്ന സംവിധായകൻ ഉണ്ടായി എന്നായിരുന്നു താരം പറഞ്ഞത്.