EntertainmentKeralaNews

ജയന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് പറഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് മരിക്കുന്നത്: നടി മല്ലിക സുകുമാരന്‍

കൊച്ചി:നടന്മാരായ സുകുമാരന്‍, ജയന്‍, സോമന്‍ എന്നിങ്ങനെ മലയാള സിനിമയ്ക്ക് നഷ്ടമായത് ഒട്ടനവധി അതുല്യപ്രതിഭകളെയാണ്. കഥാപാത്രങ്ങളിലൂടെ ഇന്നും താരങ്ങള്‍ പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. അതേ സമയം ജയനെ കുറിച്ച് നടി മല്ലിക സുകുമാരന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണിപ്പോള്‍.

മല്ലികയുടെ ഭര്‍ത്താവും അന്തരിച്ച നടനുമായ സുകുമാരനൊപ്പം ജയന്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. വ്യക്തി ജീവിതത്തിലും ഇരുവരും തമ്മില്‍ നല്ല അടുപ്പമുണ്ടായിരുന്നു. മരിക്കുന്നതിന്റെ തൊട്ട് മുന്‍പ് ജയന്‍ വിവാഹം കഴിക്കാനുള്ള മുന്നൊരുക്കത്തിലാണെന്ന് തന്നോട് പറഞ്ഞിരുന്നതായിട്ടാണ് അഭിമുഖത്തിലൂടെ നടി പറയുന്നത്.

നടന്‍ ജയനും സുകുവേട്ടനും തമ്മില്‍ നല്ല അടുപ്പമായിരുന്നു. അവര്‍ എപ്പോഴും സംസാരിക്കുമായിരുന്നു. മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പാണ് അവസാനമായി ഞാന്‍ ജയനെ കാണുന്നത്. കോളിളക്കത്തിന്റെ ക്ലൈമാക്‌സില്‍ ഇവര്‍ രണ്ട് പേരും വേണം. ജയന്‍ സുകുവേട്ടനെ വിളിച്ചിട്ട് ഒരേ ട്രെയിനില്‍ പോകാമെന്നും രണ്ട് ദിവസത്തെ ഷൂട്ടിങ്ങേ ഉണ്ടാവൂ. എന്നിട്ട് തിരികെ പോരാമെന്നും പറഞ്ഞു.

ഇടിമുഴക്കം എന്ന സിനിമയുടെ ചിത്രീകരണത്തിന് സുകുവേട്ടനൊപ്പം ഞാനും പോയിരുന്നു. ഞങ്ങള്‍ താമസിക്കുന്നതിന്റെ തൊട്ടടുത്താണ് ജയനും താമസം. മല്ലികയൊക്കെ വന്നിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞതോടെ ജയന്‍ ഞങ്ങളെ കാണാന്‍ വന്നു.

തൊട്ടപ്പുറത്തെ മുറിയില്‍ നിന്നും ഇങ്ങോട്ടേക്ക് ജയന്‍ വന്നത് സഫാരി സ്യൂട്ടൊക്കെ ധരിച്ചായിരുന്നു. വന്ന ഉടനെ അന്ന് കുഞ്ഞായിരുന്ന ഇന്ദ്രജിത്തിനെ ജയന്‍ എടുത്തു. പെട്ടെന്ന് തന്നെ അവന്‍ അദ്ദേഹത്തിന്റെ ശരീരത്ത് മൂത്രമൊഴിച്ചു. നീ ഇങ്ങനെയുള്ള വസ്ത്രം ധരിച്ച് വന്നിട്ട് കുഞ്ഞിന് പോലും ഇഷ്ടപ്പെട്ടില്ല, അതാണ് അവന്‍ മൂത്രമൊഴിച്ചതെന്ന് പറഞ്ഞ് സുകുവേട്ടന്‍ കളിയാക്കുകയും ചെയ്തു.

ഇതിന് ശേഷം എനിക്കൊരു വിശേഷം പറയാനുണ്ട്, ജനുവരിയില്‍ മിക്കവാറും എന്റെ വിവാഹമാണ്. മൂന്ന് ദിവസം മുന്‍പേ അങ്ങോട്ട് വരണമെന്നും പറഞ്ഞിരുന്നു. ഇങ്ങനെ മസില്‍ കാണിച്ച് നടന്നിട്ട് കാര്യമില്ല. ഇനിയൊരു വിവാഹമൊക്കെ കഴിക്കണമെന്ന് പുള്ളി പറഞ്ഞപ്പോള്‍ ഞങ്ങളും അത് ശരിയാണ്. കല്യാണം കഴിക്കാന്‍ പറഞ്ഞു. അന്ന് ജയന്‍ കെട്ടാനിരുന്ന കുട്ടിയുടെ പേര് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല. സുകുവേട്ടന്‍ മരിക്കുന്നത് വരെ ഞങ്ങള്‍ അതിനെ പറ്റി പറയുമായിരുന്നു.

അങ്ങനെ കല്യാണത്തിന്റെ കാര്യം പറഞ്ഞിട്ട് പോയതിന്റെ പിറ്റേന്ന് കേള്‍ക്കുന്നത് ജയന്റെ വിയോഗ വാര്‍ത്തയാണ്. അന്ന് അപകടം നടക്കുന്നതിന്റെ മുന്‍പ് ബൈക്കില്‍ ഇരുവരും ഒരുമിച്ചുള്ള സീനുണ്ട്. ഹെലികോപ്ടറില്‍ പിടുത്തം കിട്ടിയാല്‍ അതൊരു വശത്തേക്ക് ചെരിയാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ നിന്റെ തലയില്‍ ഇടിക്കും. അതുകൊണ്ട് ഞാന്‍ പിടിച്ച ഉടനെ നീ മുന്നോട്ട് പോകണമെന്ന് സുകുമാരനോട് ജയന്‍ പറഞ്ഞിരുന്നു.

അങ്ങനെ സുകുവേട്ടന്‍ ഒരു നൂറ് മീറ്റര്‍ മുന്നോട്ട് പോയപ്പോള്‍ തന്നെ വലിയൊരു ശബ്ദം കേട്ടു. നോക്കുമ്പോള്‍ എന്തൊക്കെയോ കത്തുന്നുണ്ട്. ജയന്റെ ജീവിതരീതിയും ആരോഗ്യവുമൊക്കെ കൊണ്ടാവും പൈപ്പ് പൊട്ടിയത് പോലെ തലയില്‍ നിന്നും രക്തം ഒഴുകുന്നുണ്ടെങ്കിലും അപകടം ഉണ്ടായ ഉടനെ അദ്ദേഹം എഴുന്നേറ്റ് നിന്നു. പക്ഷേ മുഖത്തിന്റെ നിറമൊക്കെ മാറി വരാന്‍ തുടങ്ങി. അങ്ങനെ വേഗം ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം പുള്ളി പോയി കഴിഞ്ഞിരുന്നെന്നാണ് മല്ലിക പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker