മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഇന്ദുലേഖ. ഇതിനോടകം തന്നെ എഴുപത്തഞ്ചോളം സീരിയലുകളിലും 15 സിനിമകളിലും അഭിനയിച്ച താരം തന്റെ കുടുംബ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികളെയാണ് നേരിടുന്നത്. ആറു വര്‍ഷം മുമ്പാണ് ആരോഗ്യപ്രശ്നങ്ങള്‍ മൂലം ഇന്ദുലേഖയുടെ ഭര്‍ത്താവ് ശങ്കരന്‍കുട്ടി മരിക്കുന്നത്. ഭര്‍ത്താവിന്റെ മരണത്തോടെ തളര്‍ന്നുപോയ തന്നെ മോട്ടിവേറ്റ് ചെയ്ത് തിരികെ കൊണ്ടുവന്നത് സുഹൃത്തുക്കളാണെന്ന് ഇന്ദുലേഖ പറയുന്നു.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഉണ്ണിമായ എന്നൊരു മകളാണ് ഇന്ദുലേഖയ്ക്കുള്ളത്. ”പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് നമ്മള്‍ ഗ്ലാമര്‍ ലോകത്താണ്, സന്തോഷം മാത്രമുള്ള ആളുകളാണ് നമ്മളെന്നാണ് ആളുകളുടെ ധാരണ. ആറു വര്‍ഷം മുന്‍പ് ഭര്‍ത്താവ് ആരോഗ്യപ്രശ്നങ്ങളുമായി ആശുപ്രതിയില്‍ അഡ്മിറ്റ് ആയപ്പോള്‍ ഞാന്‍ ദേവി മഹാത്മ്യം സീരിയലില്‍ ദേവിയായി അഭിനയിച്ചു വരികയാണ്. സീരിയലില്‍ നിന്നു അധികം ബ്രേക്ക് എടുത്ത് മാറി നില്‍ക്കാന്‍ പറ്റാത്ത സമയം. ഞാന്‍ പോയില്ലെങ്കില്‍ സീരിയലിന്റെ ടെലികാസ്റ്റ് മുടങ്ങും.
ഒടുവില്‍ ഭര്‍ത്താവിന്റെ കാര്യങ്ങള്‍ നോക്കാന്‍ ഒരു നഴ്സിനെ ഏല്‍പ്പിച്ച് ഷൂട്ടിംഗിനു പോവേണ്ടി വന്നു. അന്ന് എന്നെയും എന്റെ സാഹചര്യങ്ങളെയും നേരിട്ട് അറിയാവുന്ന ചിലര്‍, ഭര്‍ത്താവ് വയ്യാതെ കിടക്കുമ്പോഴും മേയ്ക്കപ്പ് ഇട്ട് അഭിനയിക്കാന്‍ പോയിരിക്കുന്നു എന്നു പറഞ്ഞ് കുറ്റപ്പെടുത്തി. ജീവിതത്തില്‍ തളര്‍ന്നു പോയ ഒരവസരമാണത്. പിന്നീട് ഭര്‍ത്താവിന്റെ മരണത്തോടെ തളര്‍ന്നുപോയ എന്നെ മോട്ടിവേറ്റ് ചെയ്ത് തിരികെ കൊണ്ടു വന്നത് സുഹൃത്തുക്കളാണ്. ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീ എങ്ങനെ നടക്കണം, എന്തൊക്കെ ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. അത് മാറ്റി നിര്‍ത്തിയിട്ട് വേണം നമുക്ക് ജീവിച്ച് പോകാന്‍.
നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ വേണ്ടപ്പെട്ടവരെയും വീട്ടുകാരെയും മാത്രം ബോധിപ്പിച്ചാല്‍ മതിയെന്ന് വിശ്വസിച്ച് മുന്നോട്ട് പോവുകയാണ് ഇപ്പോള്‍. വീട്ടുകാരും മകളുമാണ് എല്ലാ കാര്യങ്ങളിലും സപ്പോര്‍ട്ട് തരുന്നത്. അഭിനയത്തിലും കോസ്റ്റ്യൂമിലുമെല്ലാം മകള്‍ അഭിപ്രായങ്ങള്‍ പറയും. സ്വപ്നം കണ്ട് എത്തിപ്പെട്ടതല്ല അഭിനയത്തില്‍, യാദൃശ്ചികമായി സംഭവിച്ചതാണ് ” ഇന്ദുലേഖ പറയുന്നു.