തൃശൂര്‍: നടി ഗൗതമിയുടെ സ്വത്തു തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതികളെ കുന്നംകുളത്തുനിന്നും പിടികൂടി. പ്രതികളായ സി.അളഗപ്പന്‍, ഭാര്യ നാച്ചിയമ്മാള്‍, മറ്റു രണ്ടു കുടുംബാംഗങ്ങള്‍ എന്നിവരാണ് പിടിയിലായത്. കുന്നംകുളം ചൂണ്ടലിലെ വാടകവീട്ടില്‍ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നെന്നാണു വിവരം. ചെന്നൈ ക്രൈംബ്രാഞ്ചാണ് ഇവരെ പിടികൂടിയത്. മുഖ്യപ്രതി അളഗപ്പന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇവര്‍ക്കെതിരെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
25 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്നാണ് ഗൗതമിയുടെ പരാതി. മകളുടെ പേരിലേക്കു സ്വത്തു വകകള്‍ മാറ്റാനും മറ്റും സഹായം തേടിയിരുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റ് അഴകപ്പനും ഭാര്യയും ചേര്‍ന്നാണു തട്ടിപ്പു നടത്തിയതെന്നും ചെന്നൈ കമ്മിഷണര്‍ ഓഫിസില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
ശ്രീപെരുംപുത്തൂരിനടുത്ത് 25 കോടി രൂപ വിലയുള്ള ഭൂമി വില്‍ക്കാന്‍ അഴകപ്പന് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി. ആ സമയത്ത് അദ്ദേഹം ചില പേപ്പറുകളില്‍ ഒപ്പിടുവിച്ചു. ഈ ബോണ്ടുകള്‍ ദുരുപയോഗം ചെയ്യില്ലെന്നും ഉറപ്പ് നല്‍കി. എന്നാല്‍, ഒപ്പ് വ്യാജമായി ഇട്ട് അഴകപ്പനും ഭാര്യയും സ്ഥലം തട്ടിയെടുത്തതായും ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ പാര്‍ട്ടി പിന്തുണച്ചില്ലെന്ന് പറഞ്ഞ് ഗൗതമി ബിജെപിയില്‍നിന്ന് രാജിവച്ചിരുന്നു. ബിജെപി പ്രവര്‍ത്തകന്‍ കൂടിയായ പ്രതിയെ ഉന്നതര്‍ ചേര്‍ന്നു സംരക്ഷിക്കുകയാണെന്നും സഹായം ആവശ്യപ്പെട്ടെങ്കിലും ആരും പിന്തുണച്ചില്ലെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണു ഗൗതമി പാര്‍ട്ടിയില്‍നിന്നു രാജിവച്ചത്. നടി രാജിവച്ചതിനു പിന്നാലെയാണ് അളഗപ്പന്‍, ഭാര്യ, മകന്‍, മരുമകള്‍ എന്നിവര്‍ ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ വഞ്ചന, ഭൂമി കയ്യേറ്റം തുടങ്ങിയ 5 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.