കൊച്ചി:ബാലതാരമായി എത്തി പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് എസ്തർ അനിൽ. ദൃശ്യം എന്ന ഒറ്റ സിനിമ മതി എസ്തറിനെ പ്രേക്ഷകർ ഓർക്കാൻ. ഒമ്പത് വയസ് മാത്രം പ്രായമുള്ളപ്പോൾ സിനിമയിലെത്തിയ താരം ഇന്ന് നായികനടിയായി തിളങ്ങുകയാണ്. ദൃശ്യമാണ് എസ്തറിന്റെ കരിയറിൽ വഴിത്തിരിവായത്. അതിനു ശേഷം എസ്തറിന്റെ ലുക്കിലും അഭിനയത്തിലും വന്ന മാറ്റങ്ങൾ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടുകയും സൈബർ ആക്രമങ്ങൾക്ക് ഇരയാവുകയും ചെയ്തിട്ടുണ്ട് താരം.
വ്യക്തിസ്വാതന്ത്ര്യത്തെ പോലും ഹനിക്കുന്ന തരത്തിലുള്ള കമന്റുകൾക്ക് എതിരെയും ബോഡി ഷെയ്മിങ്ങിനെതിരെയുമൊക്കെ എസ്തര്‍ രംഗത്തെത്തിയിട്ടുണ്ട്. താരത്തിന്റെ ചിത്രങ്ങളെല്ലാം അതിവേഗം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ എസ്തറിന്റെ വീട്ടു വിശേഷങ്ങളാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. കൊച്ചിയിലാണ് ഇപ്പോള്‍ താമസമെങ്കിലും എസ്തറിന്റെ സ്വന്തം വീട് വയനാട്ടിലാണ്. ഷൂട്ടിങ് ഒന്നും ഇല്ലാത്ത സമയത്ത് എസ്തര്‍ ആ വീട്ടിലാണ് താമസം.
ഒരുപാട് പ്രത്യേകതകളുള്ള ഒരു വീടാണ് വയനാട്ടിലേത്. ബിഹൈൻഡ്വുഡ്‌സ് ചാനലിന്റെ സെലിബ്രിറ്റി ഹോം ടൂറിലാണ് എസ്തറിന്റെ വീടിന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുന്നത്. എസ്തറിന്റെ അനിയനും നടനുമായ എറിക്കാണ് വീട് പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. ചുറ്റും കാടും, പല തരം ചെടികളും ഉള്ള ഒരു വീടാണ് എസ്തറിന്റേത്. ഒറ്റ നോട്ടത്തില്‍ ഒരു ഹോംസ്‌റ്റേ സെറ്റപ് ആണ് എന്ന് തോന്നും. വാസ്തവത്തില്‍ അത് അങ്ങനെ തന്നെയാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് എസ്തറിന്റെ അച്ഛന്‍ അവിടെ ഹോംസ്‌റ്റേ നടത്തിയിരുന്നു. രണ്ട് മൂന്ന് ഹട്ട് ആയിട്ടായിരുന്നു. എന്നാല്‍ അത് പിന്നീട് തീ പിടിച്ച് നശിച്ചു. അതിന് ശേഷം എസ്തറിന് സിനിമയില്‍ അവസരങ്ങൾ കിട്ടി തുടങ്ങിയതോടെ കുടുംബം കൊച്ചിയിലേക്ക് മാറി. ആ സമയം വയനാട്ടിലെ വീട് ഒന്ന് റിനോവേറ്റ് ചെയ്തെടുക്കുകയായിരുന്നു.
ഇപ്പോള്‍ വീട്ടില്‍ എസ്തറും കുടുംബവും താമസിക്കുന്നുണ്ട്. അതുപോലെ തന്നെ ഹോംസ്‌റ്റേയും ഉണ്ട്. കുടുംബത്തോടെ എങ്ങോട്ടെങ്കിലും പോവുമ്പോഴോ, ഗസ്റ്റുകള്‍ അന്വേഷിച്ചു വരുമ്പോഴോ, വീട് അവര്‍ക്ക് വിട്ടുകൊടുത്ത് എസ്തറും കുടുംബവും കൊച്ചിയിലേക്ക് മാറും.
ഒരേ സമയം വീടും, ടൂറിസ്റ്റ് പ്ലേസും ആണ് എസ്തറിന്റെ വീട്. ഒരു വന്‍ ലക്ഷ്വറി വ്യൂസിന് അപ്പുറമുള്ള നാച്വറല്‍ ഭംഗിയാണ് എസ്തറിന്റെ കുടുംബത്തിന്റെ വീട് കം ഹോംസ്‌റ്റേയ്ക്ക് ഉള്ളത്. എസ്തര്‍ ജനിച്ചതും വളര്‍ന്നതും എല്ലാം ഈ വീട്ടിലാണ്. എസ്തര്‍ ജനിച്ച സമയത്തൊന്നും ഈ വീട്ടില്‍ കറണ്ട് ഉണ്ടായിരുന്നില്ലെന്ന് അച്ഛൻ പറയുന്നുണ്ട്. ഇരുപത്തിനാല് വര്‍ഷം മുന്‍പ് ഒരു ലക്ഷത്തിനാല്‍പതിനായിരം രൂപയ്ക്ക് നിര്‍മിച്ച വീടാണ് ഇത്. അഞ്ച് വര്‍ഷം കഴിഞ്ഞാണ് കറണ്ട് കണക്ഷന്‍ കിട്ടുന്നത്.
അന്ന് ഏറ്റവും ചെലവ് കുറഞ്ഞ് വീട് നിര്‍മിച്ചു എന്ന് പറഞ്ഞ് മനോരമയുടെ വീട് എന്ന ഷോയിലൊക്കെ വീടിന്റെ കാഴ്ചകൾ വന്നിരുന്നു. അങ്ങനെ വന്ന ഒരു പരിപാടിയിൽ എസ്തറിനെ കണ്ട് ഇഷ്ടപ്പെട്ടാണ് ആദ്യ സിനിമയിലേക്ക് വിളിക്കുന്നതെന്നും അച്ഛൻ പറയുന്നു. അടുത്തിടെയാണ് ഇവർ ഹോം സ്റ്റേ വീണ്ടും ആരംഭിച്ചത്. അതിന്റെ വിശേഷം എസ്തർ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചിരുന്നു.