കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്നവരെ കുടുക്കാന്‍ ദിലീപിന്റെ പി ആര്‍ ടീം ആള്‍മാറാട്ട വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് വേണ്ടി മാധ്യമപ്രവര്‍ത്തകരും ചലച്ചിത്ര പ്രവര്‍ത്തകരുടേതുമടക്കം പേര് ഉള്‍പ്പെടുത്തി വ്യാജ മെസേജുകള്‍ നിര്‍മ്മിച്ചുവെന്ന് ആലപ്പി അഷ്റഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍. ദിലീപിനെ പൂട്ടണം എന്ന പേരില്‍ തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ തന്റെ പേര് ദുരുപയോഗം ചെയ്തതാണെന്ന് പ്രമോദ് രാമന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അറിയപ്പെടുന്ന പേരുകള്‍ ഉപയോഗിച്ചാല്‍ ഏതോ തരത്തിലുള്ള വിശ്വാസ്യത നേടിയെടുക്കാന്‍ പറ്റുമെന്ന് വിചാരിച്ചതിന്റെ ഭാഗമായിട്ട് ചെയ്തതായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ചാനലിനോടാണ് പ്രമോദ് രാമന്‍ ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോര്‍ട്ടര്‍ ടി വി എം ഡി എം വി നികേഷ് കുമാറിന്റെ പേര് ഉപയോഗിച്ചു. വേറെയും ചില മാധ്യമപ്രവര്‍ത്തകരുടെ പേരുകള്‍ ഉപയോഗിച്ചിട്ടുണ്ട്. സിനിമ താരങ്ങളുടെയും ഡി ജി പിയുടെയും പേര് ഉപയോഗിച്ചിട്ടുണ്ട്.
ഇതെല്ലാം ഉപയോഗിച്ച് വാട്‌സാപ്പ് ഗ്രൂപ്പാണെന്ന് തോന്നിക്കുന്ന തോന്നിപ്പിക്കുന്ന തരത്തിലുള്ളൊരു സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കുകയാണ് ചെയ്തിട്ടുള്ളത്. താന്‍ മനസിലാക്കിയിട്ടുള്ളത് അതാണെന്ന് പ്രമോദ് രാമന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയത്. ആഷിക് അബു,ബൈജു കൊട്ടാരക്കര, നികേഷ് കുമാര്‍, സന്ധ്യ ഐ പി എസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ജു വാര്യര്‍ , പ്രമോദ് രാമന്‍, വേണു, ടി ബി മിനി, സ്മൃതി എന്നിവരുടെ പേരുകളും ഗ്രൂപ്പിലുണ്ടെന്ന് ആലപ്പി അഷ്‌റഫ് പറഞ്ഞിരുന്നു.
ഈ ഗ്രൂപ്പിന്റെ നാല് സ്‌ക്രീന്‍ ഷോട്ടുകളാണ് തന്നെ കാണിച്ചു തന്നത് എന്നാണ് ആലപ്പി അഷ്‌റഫ് പറഞ്ഞത്. ഒരു ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്നും, വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്റെ ഫോണിലേക്ക് വന്നതാണ് ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ എന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആലപ്പി അഷ്‌റഫ് വ്യക്തമാക്കി.
അന്വേഷണത്തിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത അനുപിന്റെ ഫോണിലെ വിവരങ്ങള്‍ പുനര്‍ജീവിപ്പിച്ചെടുത്ത കൂട്ടത്തില്‍ കിട്ടിയതാണിവ.അതിന്റെ സത്യാവസ്ഥ അറിയാനാണ് എന്നെ വിളിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സന്ധ്യ ഐ പി എസിന്റെ പേരു കൂടി ഉള്‍പ്പെട്ടത് കൊണ്ട് അനേഷണ ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനായെന്നും അദ്ദേഹം പറയുന്നു.
പി ആര്‍ വര്‍ക്കേഴ്‌സിന്റെ പല നമ്പറുകള്‍. മേല്‍പറഞ്ഞ പേരുകളില്‍ സേവ് ചെയ്താണ് ഗ്രൂപ്പിന് രൂപം നലകിയതത്രേ. പേരുകള്‍ ചേര്‍ന്ന് വരുന്ന മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകളെടുത്തായിരുന്നു അവരുടെ പ്രചരണം . ഇതാണ്‌പോലീസിന്റെ പ്രാഥമിക നിഗമനം.
പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാനായ് എന്തൊക്കെ കുപ്രചരണങ്ങളാണ് ഇക്കൂട്ടര്‍ കാട്ടികൂട്ടുന്നത്. ഞാന്‍ മനസാ വാചാ കര്‍മ്മണ അറിയാത്ത സംഭവമാണന്ന് മൊഴി കൊടുത്തു. അപകീര്‍ത്തിക്ക് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് – ആലപ്പി അഷ്‌റഫ് വ്യക്തമാക്കി.