കൊച്ചി:ഡബ്ബിംഗ് മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ കഴിഞ്ഞ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരു കാലത്ത് മലയാളത്തിലെ മുൻനിര നായികമാരിൽ മിക്കവർക്കും ഭാഗ്യലക്ഷ്മിയാണ് ഡബ് ചെയ്തിരുന്നത്. ഉർവശി, രേവതി, ശോഭന തുടങ്ങിയ നടിമാരുടെ കരിയർ ബെസ്റ്റ് സിനിമകളെടുത്താൽ അവ ഡബ് ചെയ്തിരിക്കുന്നത് ഭാഗ്യലക്ഷ്മിയാണ്. ഭാഗ്യലക്ഷ്മിയുടെ ജീവിതം പലർക്കും പ്രചോദനമായിട്ടുണ്ട്. മാതാപിതാക്കളില്ലാത്ത ബാല്യ കാലം, വിവാഹ ബന്ധം വേർപിരിഞ്ഞത്, സിനിമാ ലോകത്തുണ്ടായ വിവാദങ്ങൾ തുടങ്ങിയവയെല്ലാം അഭിമുഖീകരിക്കാൻ ഭാഗ്യലക്ഷ്മിക്ക് സാധിച്ചു.
ജീവിതത്തിൽ വിഷമഘട്ടങ്ങൾ അഭിമുഖീകരിച്ച സമയത്ത് താൻ ആശ്വാസം കണ്ടെത്തിയതിനെക്കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പത്ത് പതിനേഴ് വർഷം മുമ്പ് ഒരുപാട് ഡിപ്രഷൻ ജീവിതത്തിൽ ഉണ്ടായ സ്റ്റേജുണ്ടായിരുന്നു. അന്ന് ഡയറി എഴുതുന്ന സ്വഭാവം ഉണ്ട്. വല്ലാതെ മാനസിക പ്രശ്നം വന്നപ്പോൾ ഒരു സൈക്യാട്രിസ്റ്റിന് അടുത്ത് പോകാം എന്ന തോന്നൽ വന്നു. പോയപ്പോൾ അത് വേണ്ടിയിരുന്നില്ല എന്ന് തോന്നിയെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
പിന്നെ സ്വയം ഇരുന്ന് ആലോചിച്ചു. ഒരുപാട് സുഹൃത്തുക്കളുണ്ട്. പക്ഷെ എല്ലാ സുഹൃത്തുക്കളോടും എല്ലാം പറയാൻ നമുക്ക് പറ്റില്ല. പരിമിതിയുണ്ട്. ദൈവത്തിനോട് പറയാം. ദൈവത്തിന് കത്തയക്കാൻ തുടങ്ങി. ഒരു ഡയറിയെടുത്ത് ശ്രീകൃഷ്ണന് എഴുതും. മറുപടി എഴുതുന്നതും ഞാൻ തന്നെയാണ്. അതൊരു സെൽഫ് കൗൺസിലിംഗ് ആണ്. എന്റെയുള്ളിൽ തന്നെ ഉത്തരമുണ്ട്. എന്നെ ഞാൻ കുറ്റപ്പെടുത്തും, ആശ്വസിപ്പിക്കും, പുകഴ്ത്തും. എല്ലാത്തിനും അവനവന്റെയുള്ളിൽ പരിഹാരമുണ്ട്.
അമ്മയും അച്ഛനും സഹോദരങ്ങളുമുള്ള പെൺകുട്ടിക്ക് പ്രശ്നം വന്നാൽ ഓടി വീട്ടിൽ പോകും. ഞാനെവിടെ പോകും. നമുക്ക് പോകാൻ ഒരിടം ഇല്ല. അപ്പോൾ നമ്മൾ തന്നെ പരിഹാരം കാണും. അങ്ങനെെ എഴുതിയത് തനിക്ക് ആത്മധൈര്യം കിട്ടാൻ സഹായിച്ചെന്നും ഭാഗ്യലക്ഷ്മി അന്ന് വ്യക്തമാക്കി. താൻ പുസ്തകം എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഭാഗ്യലക്ഷ്മി സംസാരിച്ചു. ജീവിതത്തിൽ ഒരാൾ അനുഭവിക്കേണ്ട എല്ലാ ഘട്ടങ്ങളിലൂടെയും കടന്ന് പോയ ആളാണ് ഞാൻ.
എന്റെ മനസിലുള്ളത് മുഴുവൻ പേപ്പറിലേക്ക് പകർത്തുന്നു എന്നതിൽ ആശ്വാസമുണ്ട്. നമ്മുടെ നാട്ടിൽ എന്തെങ്കിലും പ്രശ്നം വന്നാൽ ആത്മഹത്യ ചെയ്യുക, വീട് വിട്ട് ഇറങ്ങിപ്പോകുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ട്. കുറേ പേർക്ക് ഒന്ന് പറഞ്ഞ് കൊടുത്താൽ നന്നായിരിക്കും എന്ന് തോന്നി. ജീവിതത്തിൽ ഒന്നിലും തളരേണ്ട ആവശ്യം ഇല്ല. എല്ലാത്തിനും പരിഹാരം ഉണ്ടെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. മുമ്പൊരിക്കൽ അമൃത ടിവിയിൽ സംസാരിക്കവെയാണ് ഭാഗ്യലക്ഷ്മി ഇക്കാര്യങ്ങൾ സംസാരിച്ചത്.