KeralaNews

‘വി.ഐ.പി’യെ തിരിച്ചറിഞ്ഞു?; കേസ് അന്വേഷണത്തില്‍ നിന്നു ഡി.ജി.പി സന്ധ്യയെ മാറ്റിനിര്‍ത്തണമെന്ന് മന്ത്രിയെ വിളിച്ച് ആവശ്യപ്പെട്ടെന്നും വെളിപ്പെടുത്തല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തില്‍ നിന്നും ഡിജിപി ബി സന്ധ്യയെ മാറ്റിനിര്‍ത്തണമെന്ന് നടന്‍ ദിലീപിന്റെ വീട്ടിലെത്തിയ ‘വി.ഐ.പി’ ഒരു മന്ത്രിയെ നേരിട്ടു വിളിച്ച് ആവശ്യപ്പെട്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയിലാണ് ബാലചന്ദ്രകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ എന്തുചെയ്യണമെന്ന് നമ്മള്‍ തീരുമാനിക്കു’മെന്ന് വിഐപി പറഞ്ഞതായും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം വിഐപി ആരാണെന്ന് ബാലചന്ദ്രകുമാര്‍ ഇന്നലെയും വെളിപ്പെടുത്തിയില്ല. ഗള്‍ഫില്‍ നിന്നും നേരെ ദിലീപിന്റെ വീട്ടിലെത്തിയ വിഐപി, നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് പ്രതിയായ ദിലീപിന് കൈമാറിയതായി ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍ കാണാം എന്നു പറഞ്ഞ് തന്നെ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപ് ക്ഷണിച്ചതായും ബാലചന്ദ്രകുമാര്‍ പറഞ്ഞിട്ടുണ്ട്.

ബാലചന്ദ്രകുമാര്‍ സിനിമാ ചര്‍ച്ചയ്ക്കു വേണ്ടി ദിലീപിന്റെ വീട്ടിലെത്തിയതായി പറയുന്ന ദിവസം ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയവരുടെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ബാലചന്ദ്രകുമാറിനെ കാണിച്ചിരുന്നു. വിഐപിയെ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞതായാണ് സൂചന. ഈ വിഐപിയുടെ സാന്നിധ്യത്തിലാണ് കമ്മീഷണറായിരുന്ന എവി ജോര്‍ജ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് എഫ്ഐആര്‍ വ്യക്തമാക്കുന്നത്.

മന്ത്രിമാരും പോലീസ് ഉന്നതരുമായും വിഐപിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താമെന്ന് പ്രതികളോട് പറഞ്ഞത് വിഐപിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അടിക്കടി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാറുള്ള ഇയാളുടെ ബിസിനസ് ഇടപാടുകളും ദുരൂഹമാണ്. ഗൂഢാലോചനാക്കേസിലെ ആദ്യ അറസ്റ്റ് ‘വിഐപി’യുടെത് ആകാനും സാധ്യതയേറെയാണ്.

നടിയെ ആക്രമിക്കപ്പട്ട കേസില്‍ പ്രതിയായ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഓഡിയോ റെക്കോര്‍ഡ് ഉള്‍പ്പടെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയതെന്ന് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.ശബ്ദരേഖ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ദീലിപ് ഒരിടത്തും പറഞ്ഞിട്ടില്ല.

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍പോലും അക്കാര്യം പറഞ്ഞിട്ടില്ല. അതില്‍ ദീലീപിന്റെ സഹോദരന്റെയും അളിയന്റെയും കാവ്യയുടെയും സംഭാഷണമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഇതിലെ ശബ്ദം ദീലീപിന്റെതാണെന്ന് തെളിയിക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട പത്തിലധികം ശബ്ദരേഖകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button