കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ഇന്നലെ ഹാജരാകാനാണ് അനൂപിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റണമെന്ന അനൂപിന്റെ ആവശ്യം അന്വേഷണസംഘം അംഗീകരിക്കുകയായിരുന്നു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
കേസില്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജിനെ ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യം ചെയ്തിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് സുരാജ്. അനൂപിനെയും സുരാജിനെയും ചോദ്യം ചെയ്തതിന്റെ മൊഴികളുടെ അടിസ്ഥാനത്തില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
അതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ പ്രതിഭാഗം അഭിഭാഷന്‍ അഡ്വ. രാമന്‍പിള്ളയ്ക്ക് മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നല്‍കി. സാക്ഷിയായ ജിന്‍സന്‍ എന്നയാളെക്കൊണ്ട് പ്രതി ദിലീപിന് അനുകൂലമായി മൊഴി മാറ്റിപ്പറയാന്‍ കൊല്ലം സ്വദേശിയായ നാസര്‍ സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്.
ഇതിന്റെ അന്വേഷണ ആവശ്യത്തിലേക്ക് മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാണ് രാമന്‍പിള്ളയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ് അമ്മിണിക്കുട്ടനാണ് നോട്ടീസ് അയച്ചത്. എന്നാല്‍ അന്വേഷണസംഘത്തിന്റെ നോട്ടീസ് നിയമപ്രകാരം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി അഡ്വ. രാമന്‍പിള്ള മറുപടി നല്‍കി.
എങ്കില്‍പ്പോലും മുന്‍കൂട്ടി പറഞ്ഞ് ഉറപ്പിച്ച ദിവസം അന്വേഷണ ഉദ്യോഗസ്ഥന് നേരില്‍ കണ്ടു സംസാരിക്കണമെങ്കില്‍ അതിന് തയ്യാറാണെന്നും അഡ്വ. രാമന്‍പിള്ള അറിയിച്ചിട്ടുണ്ട്. രാമന്‍പിള്ളയ്ക്ക് നോട്ടീസ് നല്‍കിയതിനെതിരെ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കാന്‍ കേരള ഹൈക്കോര്‍ട്ട്സ് അഡ്വക്കേറ്റ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ, നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യം പകര്‍ത്തിയെന്ന കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ ആക്രമിക്കപ്പെട്ട നടിയെയും കക്ഷിചേര്‍ത്തിട്ടുണ്ട്. കോടതി നടപടികള്‍ ചോദ്യം ചെയ്യാന്‍ ദിലീപിന് അവകാശമില്ലെന്നും നടി ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.