കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ (Actress Attack Case) അസാധാരണ പ്രതിസന്ധി. കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ (Special Prosecutor) അഡ്വക്കേറ്റ് വി എൻ അനിൽ കുമാർ രാജിവെച്ചു. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടർ രാജി വെക്കുന്നത്. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് നേരത്തെയും പ്രോസിക്യൂട്ടർ രാജി വെച്ചിരുന്നത്. രാജിക്കത്ത് കൈമാറി.
നേരത്തെ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. സാക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ലെന്നും കോടതി പ്രതികൂലമായി നിലപാടെടുക്കുന്നുവെന്നതടക്കം വളരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂട്ടർ ആരോപിക്കുന്നത്. ഈ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിചാരണ കോടതിയുടെ നടപടികളിൽ പ്രതിഷേധിച്ച് ഇന്ന് പ്രോസിക്യൂട്ടർ കോടതിയിൽ നിന്നും ഇറങ്ങിപ്പോയ സാഹചര്യവുമുണ്ടായിരുന്നു.
അതേ സമയം നടിയെ ആക്രമിച്ച കേസിലെ വിചാരണ നിർത്തിവെക്കണമെന്ന് എന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. തുടർ അന്വേഷണം നടക്കുന്നതിനാൽ വിചാരണ നിർത്തി വെക്കണം എന്നാണ് ആവശ്യം. ഇക്കാര്യം നാളെ കോടതി പരിഗണിക്കും.
ദിലീപിന് എതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരെ തുടർ അന്വേഷണം ആവശ്യപ്പെട് പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ദിലീപിന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നായിരുന്നു വെളിപ്പെടുത്തൽ. കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ മുഖ്യപ്രതി സുനിൽ കുമാർ ദിലീപിന് കൈമാറിയിട്ടുണ്ടോ എന്നും അന്വേഷിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. നെടുമ്പാശേരി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യക സംഘത്തിലെ ഡിവൈഎസ്പി ബൈജു പൗലോസ് ആണ് അപേക്ഷ നൽകിയത്. പ്രോസിക്യൂഷൻ്റെ അപേക്ഷയിൽ വിചാരണ കോടതി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.