നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി നടിയും ഹൈക്കോടതിയില്‍. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന പ്രോസിക്യൂഷന്റെ അടക്കം ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടിയുടെ പുതിയ നീക്കം.
വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നെന്ന് ഹർജിയിൽ ആരോപിക്കുന്നു.വിസ്താരം നടക്കുമ്പോൾ പ്രതിഭാഗത്തുനിന്ന് മാനസികമായി വിഷമിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ഉണ്ടായിട്ടും കോടതി ഇടപെട്ടില്ലെന്നും ഹർജിയിൽ പറയുന്നു. എന്നാൽ കോടതിയിൽ നിന്നും ഇടപെടലുണ്ടായിട്ടില്ലെന്നും ഹർജിയിൽ നടി ചൂണ്ടിക്കാട്ടുന്നു. പ്രതികൾക്ക് അനുകൂലമായ നിലപാടാണ് കോടതി സ്വീകരിക്കുന്നതെന്നും നടി ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.മൊഴി രേഖപ്പെടുത്തിയതിൽ കോടതിയ്ക്ക് വീഴ്ച്ച ഉണ്ടായതായും ആക്ഷേപമുണ്ട്. അശ്ലീല കഥകൾ കേൾക്കാൻ പുരുഷാഭിഭാകരെ പ്രതിഭാഗം കൂടുതൽ കൊണ്ടുവരുന്നു. ഇൻ-ക്യാമറ നടപടികളായിട്ടും പ്രതിഭാഗം അഭിഭാഷകരുടെ എണ്ണം നിയന്ത്രിക്കാൻ തയ്യാറായില്ല.
പ്രതിഭാഗം അഭിഭാഷകൻ മോശമായി പെരുമാറിയപ്പോൾ വിചാരണ കോടതി ഇടപെട്ടില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. തന്നെ ദിലീപിന്റെ അഭിഭാഷകന് അധിക്ഷേപിച്ച് ചോദ്യങ്ങള് ചോദിച്ചപ്പോള് കോടതി ഇടപെട്ടില്ല, പല പ്രധാന വസ്തുതകളും കോടതി രേഖപ്പെടുത്തിയില്ലെന്നും നടി ഹർജിയിൽ പറയുന്നു.ഫെയ്സ്ബുക്കില് പോസ്റ്റിട്ടതിന് കോടതി അധിക്ഷേപിച്ചെന്ന് കേസിലെ 7-ാം സാക്ഷിയായ നടി തന്നോട് പറഞ്ഞതായും നടി പറയുന്നു. കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ വിചാരണാ നടപടികൾ മാറ്റിവെയ്ക്കണമെന്ന് പ്രോസിക്യൂഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചത് വേദനാജനകമാണെന്നും വിചാരണാ കോടതിയിൽ നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.
വിചാരണ കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ എം സുരേശന്‍ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. കേസില്‍ ഇതുവരെ 182 സാക്ഷികളെയാണ് വിസ്തരിച്ചത്. താരങ്ങളും അമ്മയുടെ ഭാരവാഹികളുമായ ഇടവേള ബാബു, സിദ്ദീഖ് എന്നിവരും നടിമാരായ ബിന്ദു പണിക്കര്‍, ഭാമ എന്നിവരും കേസില്‍ കൂറുമാറിയിരുന്നു. കഴിഞ്ഞതവണ സാക്ഷി വിസ്താരത്തിന് പ്രോസിക്യൂഷന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കേസിന്റെ വിചാരണ അനിശ്ചിതമായി നീണ്ടിരുന്നു.