നടിയെ ആക്രമിച്ച കേസ്; കൊച്ചിയിലെ റെക്കോര്‍ഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുതിയ വഴിയിലൂടെ. കൊച്ചിയിലെ ഒരു റിക്കോര്‍ഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പുതിയ നീക്കം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പള്‍സര്‍ സുനി നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ നടന്‍ ദിലീപ് കൊച്ചിയിലെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ ഇരുന്ന് കണ്ടെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി.
ദൃശ്യങ്ങള്‍ക്കൊപ്പമുള്ള ശബ്ദം സ്വന്തം ടാബില്‍ റെക്കോര്‍ഡ് ചെയ്തത് ബാലചന്ദ്ര കുമാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. രഹസ്യമൊഴിയില്‍ പൊലീസ് നിയമോപദേശം തേടി.

പള്‍സര്‍സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് തന്റെ മുന്നിലിരുന്ന് കണ്ടിരുന്നു. ഈ ദൃശ്യങ്ങളുടെ ഒറിജിനല്‍ ശബ്ദത്തിന് വ്യക്തത കുറവായിരുന്നു. അതിനാല്‍ ദൃശ്യങ്ങളുടെ ശബ്ദം സ്റ്റുഡിയോയില്‍ കൊണ്ടുപോയി യഥാര്‍ത്ഥ ശബ്ദത്തിന്റെ 20 ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു. തുടര്‍ന്നാണ് ദൃശ്യങ്ങള്‍ കണ്ടതെന്നും ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍ കാണണോയെന്ന് ചോദിച്ച് ദൃശ്യങ്ങള്‍ കാണാന്‍ തന്നെയും ദിലീപ് ക്ഷണിച്ചിരുന്നു. ഭയവും സങ്കടവും തോന്നിയതു കൊണ്ടാണ് ദൃശ്യങ്ങള്‍ കാണാന്‍ തയ്യാറാകാതിരുന്നത്. ദിലീപിനോട് കടുത്ത അമര്‍ഷം തോന്നിയിരുന്നു. ഇതേ തുടര്‍ന്നാണ് ടാബില്‍ ഇതിന്റെ ദൃശ്യങ്ങള്‍ക്കൊപ്പമുള്ള ശബ്ദം പകര്‍ത്തിയതെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. ഈ ശബ്ദത്തിന്റെ പകര്‍പ്പ് ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ ജീവന് ജയിലിനുള്ളില്‍ ഭീഷണിയുണ്ടെന്ന പരാതിയെ തുടര്‍ന്ന് സുനിലിന്റെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം നിയമോപദേശം തേടി. നിയമോപദേശം ലഭിച്ച ശേഷം കോടതിയെ സമീപിക്കും. സുനി 2018ല്‍ അമ്മയ്ക്ക് എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഭീഷണിയെന്ന് പരാതിയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News