കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് പീഡന ദൃശ്യം ചോര്‍ന്നെന്ന വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച നടി ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്നും ദൃശ്യം ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും കത്തില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഷ്ട്രപതിക്കും മുഖ്യമന്ത്രി പിണറായി വിജയനും മനുഷ്യാവകാശ കമ്മിഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കത്തിന്റെ കോപ്പി കൈമാറിയിട്ടുണ്ട്. അടിയന്തര നടപടി വേണമെന്നും കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും നടി പറഞ്ഞു.
2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണ കോടതിയില്‍ സ്ഥിരീകരിച്ചത്. സംസ്ഥാന ഫോറന്‍സിക് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കോടതിയിലേക്ക് ദൃശ്യങ്ങളെത്തിച്ച സമയത്തിന് മുമ്പ് വീഡിയോ ഫയലില്‍ ചില സാങ്കേതിക മാറ്റങ്ങള്‍ സംഭവിച്ചതായും ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതായും നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ദൃശ്യങ്ങള്‍ ചോര്‍ന്ന വിവരം കണ്ടെത്തിയത്.
ദൃശ്യങ്ങള്‍ കോടതിയുടെ കസ്റ്റഡിയിലിരുന്ന ഘട്ടത്തിലാണ് ചോര്‍ന്നതായി ഇപ്പോള്‍ ആരോപിക്കപ്പെടുന്നതും വാര്‍ത്തകള്‍ പുറത്തു വരുന്നതും. സ്വാഭാവികമായും ഇനി കോടതിയൂടെ അനുമതിയോടെ മാത്രമേ അന്വേഷണത്തിലേക്ക് കടക്കാനാകൂ എന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയിലെ ഉത്തരവ് തിങ്കാളാഴ്ച രാവിലെ 10.15 ന് പ്രഖ്യാപിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഭാഗത്തിന് വിഷയത്തില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ശനിയാഴ്ച 12 മണിക്കുള്ളില്‍ കോടതിയില്‍ പറയാനും നിര്‍ദേശമുണ്ട്. പ്രോസിക്യൂഷന്‍ ഉന്നയിച്ച വിഷയങ്ങളെ കുറിച്ച് പഠിക്കാന്‍ ഇനിയും സമയം വേണമെന്ന് പ്രതിഭാഗം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.