രാഷ്ട്രീയത്തിലേക്കില്ല, ശ്രദ്ധ അഭിനയത്തിൽ മാത്രം; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി അനുശ്രീ; സോഷ്യൽ മീഡിയയിലെ പോസ്റ്ററുകൾ തന്റെ അറിവോടെയല്ലെന്നും താരം

കൊച്ചി: സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ പ്രചാരണങ്ങളിൽ വ്യക്തത വരുത്തി നടി അനുശ്രീ. താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അഭിനയത്തിലാണ് തന്റെ ശ്രദ്ധയെന്നും താരം വ്യക്തമാക്കി. അമ്പലങ്ങളിലെ പരിപാടികളിൽ പങ്കെടുക്കുന്നതിനെ പലരും പല രീതിയിൽ വ്യാഖ്യാനിക്കുന്നതാണെന്നും താരം കൂട്ടിച്ചേർത്തു.

“ഇത്തവണ എന്നല്ല, ഒരിക്കലും ഞാൻ രാഷ്ട്രീയത്തിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല. അതിനെക്കുറിച്ച് വല്ലതും അറിയണ്ടേ? എന്തെങ്കിലും അറിഞ്ഞിട്ട് വേണ്ടേ നമ്മൾ ഇറങ്ങാൻ. അറിയുന്ന പണി ചെയ്യുക എന്നതാണ് എന്റെ നയം. ഇപ്പോൾ അത്യാവശ്യം സിനിമകളൊക്കെ ചെയ്യുന്നുണ്ട്. അത് ഭംഗിയായി കൊണ്ടുപോകാനാണ് ആഗ്രഹം. സോഷ്യൽ മീഡിയയിൽ പല പോസ്റ്ററുകളും ഞാൻ കണ്ടു, പക്ഷേ അതൊന്നും എന്റെ അറിവോടെയല്ല. മനസാവാചാ കർമണാ അറിയാത്ത കാര്യങ്ങളാണവ,” അനുശ്രീ പറഞ്ഞു.

ലാൽ ജോസിന്റെ ‘ഡയമണ്ട് നെക്‌ലെയ്‌സി’ലൂടെ വെള്ളിത്തിരയിലെത്തിയ അനുശ്രീ, മഹേഷിന്റെ പ്രതികാരം, ചന്ദ്രേട്ടൻ എവിടെയാ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി മനസ്സ് കീഴടക്കിയ താരമാണ്. നാട്ടിൻപുറത്തുകാരിയുടെ ലളിത ജീവിതവും നാടൻ വസ്ത്രധാരണവും താരത്തെ ആരാധകർക്ക് പ്രിയങ്കരിയാക്കി.

ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘പ്രേംപാറ്റ’യാണ് അനുശ്രീയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. സൈജു കുറുപ്പ്, ജോമോൻ ജ്യോതിർ എന്നിവർക്കൊപ്പം പ്രധാന വേഷത്തിലാണ് അനുശ്രീ എത്തുന്നത്. കോഴിക്കോട് ചിത്രീകരണം ആരംഭിച്ച സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ലിജീഷ് കുമാറാണ്. സിദ്ദിഖ്, രാജേഷ് മാധവൻ, ജുനൈസ്, സഞ്ജു ശിവറാം എന്നിവർക്കൊപ്പം അന്തരിച്ച നടൻ ഇന്നസെന്റിന്റെ കൊച്ചുമകൻ ഇന്നസെന്റ് സോണറ്റും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്.

Actress Anusree has addressed rumors about her political entry, clarifying that she has no plans to join politics and is solely focused on her acting career. She stated that her participation in temple festivals is often misinterpreted and lacks any political motive. Anusree urged social media users not to give political colors to her personal beliefs and public appearances.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News