‘അവിഹിതമുണ്ടെന്ന് കഥകള്‍ പ്രചരിപ്പിക്കുന്നു; തന്നെ മത തീവ്രവാദിയാക്കാന്‍ നിരന്തര ശ്രമം നടത്തി; താന്‍ ആളുകളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി പറഞ്ഞ് പരത്തി; ടിനി ടോമിനെതിരെ ആഞ്ഞടിച്ചു അന്‍സിബ ഹസന്‍

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ നിന്ന് നടി അന്‍സിബ ഹസന്‍ രാജിവച്ചിട്ട് കുറച്ചുമാസമായി. അന്‍സിബ എന്തിനാണ് രാജിവെച്ചതെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ താരസംഘടനയില്‍ ആരും തയ്യാറായിരുന്നില്ല. ഇപ്പോഴിതാ അന്‍സിബ ഹസന്‍ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നു. നടന്‍ ടിനി ടോമിനെതിരെ ആഞ്ഞടിച്ചാണ് അന്‍സിബ ഹസന്‍ പ്രതികരിച്ചത്.

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടിവില്‍ നിന്ന് താന്‍ രാജിവയ്ക്കാന്‍ കാരണം ടിനി ടോം ആണെന്നാണ് അന്‍സിബയുടെ വെളിപ്പെടുത്തല്‍. തനിക്കെതിരെ നടന്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും അന്‍സിബ ആരോപിച്ചു. താന്‍ ആരോട് സംസാരിച്ചാലും അവരെ ചേര്‍ത്ത് ടിനി ടോം അവിഹിതക്കഥകള്‍ സൃഷ്ടിക്കുമായിരുന്നുവെന്ന് അന്‍സിബ മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ മത തീവ്രവാദിയാക്കാന്‍ നിരന്തര ശ്രമം നടത്തി. താന്‍ ആളുകളെ മതം മാറ്റാന്‍ ശ്രമിക്കുന്നതായി പറഞ്ഞ് പരത്തി. താന്‍ മാനസികമായി ആകെ തകര്‍ന്നുവെന്നും ഇത്രയും കാലം ഒന്നും പറയാതിരുന്നത് സിനിമയില്‍ നിന്ന് പുറത്താകുമെന്ന് ഭയന്നാണെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.

എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി വന്നത് മുതല്‍ തനിക്ക് എതിരെ ആരോപണങ്ങള്‍ തുടങ്ങിയതാണെന്ന് അന്‍സിബ പറഞ്ഞു. ഒരു കമ്മിറ്റി ആകുമ്പോള്‍ എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ ഒന്നാകില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് വ്യക്തിപരമായി എടുക്കുന്നുവെന്നും അന്‍സിബ പറഞ്ഞു. ഒരു പെണ്ണിനെ മോശക്കാരിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവള്‍ക്ക് അവിഹിതമുണ്ടെന്ന് പറയലാണ്. ഒരു പെണ്ണിനെ തകര്‍ക്കാന്‍ എളുപ്പം അവിഹിതമാണല്ലോ. അത് പോട്ടെന്ന് വെച്ചു. ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറെ ഉള്‍പ്പെടെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു. ഇത്രയൊക്കെ പറയുന്ന ആളുടെ കൂടെ എങ്ങനെ ജോലി ചെയ്യും. അറപ്പ് തോന്നും’, അന്‍സിബ പറഞ്ഞു.

നീന കുറുപ്പ് ഉള്‍പ്പെടെയുള്ള നടിമാര്‍ക്ക് ടിനി ടോമിന്റെ അപവാദപ്രചാരണം ഏല്‍ക്കേണ്ടിവന്നിട്ടുണ്ടെന്നും അന്‍സിബ പറഞ്ഞു. ടിനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. ‘അമ്മ’ എക്‌സിക്യൂട്ടീവില്‍ നിന്ന് രാജി വച്ചതിന്റെ യഥാര്‍ഥ കാരണം ആളുകള്‍ അറിയണം എന്നതുകൊണ്ടാണ് വെളിപ്പെടുത്തല്‍ എന്നും നടി കൂട്ടിച്ചേര്‍ത്തു.

‘അമ്മ’യിലെ തൊഴില്‍പീഡന പരാതികള്‍ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട ടിനി ടോം അന്‍സിബയുടെ രാജി വ്യക്തിപരമാണെന്ന് പറഞ്ഞിരുന്നു. ‘അമ്മ’ ട്രഷറര്‍ ഉണ്ണി ശിവപാല്‍, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ എന്നിവര്‍ക്കെതിരെ ഓഫീസ് മാനേജറായിരുന്ന യുവതി ഗുരുതരമായ ആരോപണങ്ങളാണ് ഉന്നിയിച്ചിരുന്നത്. ട്രഷറര്‍ മോശമായി പെരുമാറിയെന്നും ഇത് ജനറല്‍ സെക്രട്ടറിയോട് പരാതിപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പിന്നാലെ തന്നെ പിരിച്ചുവിട്ടുവെന്നുമായിരുന്നു ജീവനക്കാരിയുടെ ആരോപണം. ഇതുമായി ചേര്‍ത്ത്, ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അന്‍സിബയുടെ രാജി ഏറെ ചര്‍ച്ചയായിരുന്നു.

താരസംഘടനയുടെ സംഘടനയുടെ ജോയിന്റ് സെക്രട്ടറി ആയിരുന്നു അന്‍സിബ. ഫെബ്രുവരി 21-ഓടെ തന്നെ അന്‍സിബ രാജിക്കത്ത് നല്‍കിയിരുന്നതായാണ് നേരത്തെ ശ്വേത മേനോന്‍ പറഞ്ഞത്. തൊഴില്‍പരമായ തിരക്കുകള്‍ ഉള്ളതിനാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് ഈ തീരുമാനമെന്ന് അന്‍സിബ അറിയിച്ചതായി ശ്വേത മേനോന്‍ പറഞ്ഞു. ശ്വേത മേനോന്‍ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇലക്ഷനില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സ്ഥാനാര്‍ഥി അന്‍സിബ ഹസന്‍ ആയിരുന്നു. ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കാണ് അന്‍സിബ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. നടി കുക്കു പരമേശ്വരന്‍ ആണ് ജനറല്‍ സെക്രട്ടറി.

Actress Ansiba Hassan has made shocking revelations behind her resignation from the executive committee of the actors’ association ‘AMMA’, heavily lashing out at actor Tini Tom. Ansiba alleged that Tini Tom continuously character assassinated her by spreading malicious rumors and linked her illegitimately with anyone she spoke to. She further revealed that he tried to paint her as a religious extremist by falsely claiming she was attempting to convert people, and stated she remained silent until now due to the fear of being ousted from the film industry.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News