‘ദിവ്യജലം’ തളിച്ചു, പിന്നെ കടന്നുപിടിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ നടി

'ദിവ്യജലം' തളിച്ചു, പിന്നെ കടന്നുപിടിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ ഇന്ത്യന്‍ വംശജയായ മലേഷ്യന്‍ നടി

ക്വലാലംപുര്‍: ക്ഷേത്ര പൂജാരിക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടിയും ടെലിവിഷന്‍ അവതാരകയുമായ ഇന്ത്യന്‍ വംശജ രംഗത്ത്. മലേഷ്യയിലെ ഒരു ക്ഷേത്രത്തിലെ പൂജാരിക്കെതിരെയാണ്‌ ലിഷാല്ലിനി കണാരന്‍ എന്ന നടി രംഗത്തെത്തിയിരിക്കുന്നത്. അനുഗ്രഹം നല്‍കാനെന്ന വ്യാജേനയാണ് ഇന്ത്യക്കാരനായ പൂജാരി തനിക്കെതിരെ അതിക്രമം നടത്തിയതെന്ന് ലിഷാല്ലിനി കണാരന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തി.

ഒരുമാസം മുന്‍പാണ് സംഭവം നടന്നതെന്ന് നടി പോസ്റ്റില്‍ പറയുന്നു. ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്ന ‘ദിവ്യജലം’ എന്ന വ്യാജേന ഏതോ ദ്രാവകം തന്റെ ശരീരത്തിലേക്ക് തളിച്ച ശേഷം സഭ്യമല്ലാത്ത വിധത്തില്‍ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് ലിഷാല്ലിനിയുടെ വെളിപ്പെടുത്തല്‍. സെപാങ്ങിലെ മാരിയമ്മന്‍ ക്ഷേത്രത്തില്‍വെച്ചായിരുന്നു സംഭവമെന്ന് നടി പറയുന്നു.

ക്ഷേത്ര പൂജാരിയുടെ അഭാവത്തില്‍ താത്കാലികമായി പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കാനായി എത്തിയ പൂജാരിക്കെതിരെയാണ്‌ നടിയുടെ ആരോപണം എന്ന് സെപാങ് പോലീസ് മേധാവി നോര്‍ഹിസാം ബഹാമന്‍ പറഞ്ഞു. നടിയെ മുഖത്തും ശരീരത്തിലും ദിവ്യജലം തളിച്ച ശേഷം അതിക്രമം നടത്തുകയാണ് ആരോപണവിധേയന്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അന്വേഷണ ഉദ്യോഗസ്ഥനെതിരെയും നടി ആരോപണം ഉന്നയിച്ചു. തനിക്കെതിരെ നടന്ന അതിക്രമത്തെ കുറിച്ച് പരസ്യപ്പെടുത്തരുതെന്ന് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ 21 നാണ് സംഭവമെന്നും അമ്മ ഇന്ത്യയിലേക്ക് പോയതിനാല്‍ അന്നേദിവസം തനിച്ചാണ് ക്ഷേത്രത്തിലേക്ക് പോയതെന്നും ലിഷാല്ലിനി പറഞ്ഞു. ക്ഷേത്രദര്‍ശനത്തിനിടെ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ക്ഷേത്രത്തിലെ പൂജാരിയാണ്‌ നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്നും അതിനാല്‍ത്തന്നെ പൂജാരിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. താന്‍ പ്രാര്‍ഥനയിലായിരുന്ന സമയത്ത് പൂജാരി സമീപത്തെത്തുകയും ‘ദിവ്യജലം’ തളിക്കുകയും പൂജിച്ച ചരട് നല്‍കുകയും ചെയ്തു. പ്രാര്‍ഥനയ്ക്ക് ശേഷം ചെന്നുകാണാന്‍ പൂജാരി ആവശ്യപ്പെട്ടതായും നടി കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രദര്‍ശനത്തിനെത്തിയ മറ്റുള്ളവര്‍ പോയ ശേഷം പൂജാരിയുടെ ഓഫീസിലേക്ക് ചെല്ലാനാവശ്യപ്പെടുകയും ചെയ്തു. അവിടെ എത്തിയ ഉടനെ രൂക്ഷഗന്ധമുള്ള ദ്രാവകം തന്റെ ശരീരത്തില്‍ തളിക്കുകയും അത് വീണതോടെ കണ്ണുകള്‍ നീറുകയും ആ അവസരത്തില്‍ തന്റെ മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം അഴിച്ചു മാറ്റാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അതിനു വിസമ്മതിച്ചതോടെ പൂജാരി ദേഷ്യപ്പെടുകയും ശേഷം പുറകില്‍ വന്ന് മേല്‍വസ്ത്രത്തിനുള്ളിലേക്ക് കൈകടത്തുകയും ശരീരത്തില്‍ ബലമായി പിടിക്കാന്‍ തുടങ്ങുകയും ചെയ്തു. വഴങ്ങിക്കൊടുത്താല്‍ അനുഗ്രഹം ലഭിക്കുമെന്ന് അയാള്‍ പറഞ്ഞതായും നടി കൂട്ടിച്ചേര്‍ത്തു.

അന്നേരം തനിക്ക് ചലിക്കാനോ ശബ്ദമുയര്‍ത്താനോ സാധിച്ചില്ലെന്നും അതെന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും അവര്‍ പറഞ്ഞു. ക്ഷേത്രത്തിനുള്ളില്‍വെച്ച് നടന്നതുകൊണ്ടായിരിക്കാം തനിക്ക് പ്രതികരിക്കാനാകാത്തതെന്നും ലിഷാല്ലിനി കൂട്ടിച്ചേര്‍ത്തു.തനിക്കുണ്ടായ ദുരനുഭവത്തിന്റെ ഞെട്ടലില്‍നിന്ന് പുറത്തു കടക്കാന്‍ ദിവസങ്ങളെടുത്തതായും ജൂലായ് നാലിന് പോലീസില്‍ പരാതി നല്‍കിയതായും അവര്‍ പോസ്റ്റില്‍ പറയുന്നു.

ആരോ വിവരം പൂജാരിയെ അറിയിച്ചതായും അയാള്‍ നാടുവിട്ടതായും അവര്‍ പറഞ്ഞു.പൂജാരിക്ക്‌ വേണ്ടി മലേഷ്യന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം. 2021 ലെ മിസ് ഗ്രാന്‍ഡ് മലേഷ്യ പട്ടം നേടിയ താരം കൂടിയാണ് ലിഷാല്ലിനി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News