25.9 C
Kottayam
Tuesday, May 21, 2024

നടിമാർക്ക് അല്ല, നടന്മാർക്കാണ് നമ്മളോട് അസൂയ; അവരിൽനിന്നേ അങ്ങനെയുള്ള പെരുമാറ്റം ഉണ്ടായിട്ടുള്ളൂ: നിത്യ മേനോൻ

Must read

കൊച്ചി:തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നിൽക്കുന്ന നടിയാണ് നിത്യാ മേനോൻ. മലയാളത്തിൽ ഉൾപ്പെടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ വളരെ സജീവമായ നിത്യ കന്നടയിലും ഹിന്ദിയിലുമെല്ലാം ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും തന്റെ സ്വാഭാവിക അഭിനയം കൊണ്ടുമാണ് നിത്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്.

ബാല താരമായിട്ടാണ് നിത്യ മേനോൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. 1998 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഹനുമാൻ എന്ന ഇംഗ്ലീഷ് ഭാഷ ചിത്രത്തിൽ നടി തബുവിന്റെ ഇളയ സഹോദരി ആയിട്ടാണ് നിത്യ അഭിനയിച്ചത്. കേവലം പത്ത് വയസ് മാത്രമായിരുന്നു അന്ന് നിത്യയുടെ പ്രായം. പിന്നീട് 2006 ൽ കന്നഡ ചിത്രമായ 7′ ഓ ക്ലോക്കിലൂടെ സഹനടിയായ നിത്യ, 2008 ൽ പുറത്തിറങ്ങിയ ആകാശ ഗോപുരം എന്ന മലയാള സിനിമയിലൂടെ നായികയാവുകയായിരുന്നു.

അവിടെ നിന്നങ്ങോട്ട് നിത്യ നിരവധി വേഷങ്ങളാണ് വിവിധ ഭാഷകളിലായി അവതരിപ്പിച്ചത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലെയും ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ നിത്യക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ ബാച്ചിലർ പാർട്ടി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്‌സ്, 100 ഡേയ്സ് ഓഫ് ലവ് തുടങ്ങിയ ചിത്രങ്ങളാണ് നിത്യയുടെ കരിയറിൽ ബിഗ് ബ്രെക്കായി മാറിയത്.

അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ ആണ് നിത്യയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സോണി ലിവിൽ സ്ട്രീം ചെയ്യുന്ന ചിത്രത്തിൽ നിത്യക്ക് പുറമെ പാർവതി തിരുവോത്ത്, നാദിയ മൊയ്തു പത്മപ്രിയ, അർച്ചന പത്മിനി, സയനോര ഫിലിപ്പ് തുടങ്ങിയ താരങ്ങളും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ നിത്യ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

സ്ത്രീകളെ കുറിച്ച് പൊതുവെ പറഞ്ഞുനടക്കുന്ന പല ധാരണകളും അബദ്ധം നിറഞ്ഞതാണെന്നാണ് നിത്യ പറയുന്നത്. ഒരേ മേഖലയിലുള്ള സ്ത്രീകൾ തമ്മിൽ വലിയ അസൂയയാണ് എന്ന തരത്തിലുള്ള പറച്ചിൽ അത്തരത്തിലുള്ള ഒന്നാണെന്ന് നിത്യ പറയുന്നു. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. പുരുഷ താരങ്ങളാണ് മാത്രമാണ് തന്നോട് അസൂയയോടെ പെരുമാറിയിട്ടുള്ളതെന്നും നിത്യ പറഞ്ഞു. പാർവതി തിരുവോത്ത് ഉൾപ്പടെയുള്ളവർ അഭിമുഖത്തിൽ ഉണ്ടായിരുന്നു.

‘പുരുഷ താരങ്ങളിൽ നിന്ന് മാത്രമാണ് അസൂയ നിറഞ്ഞ പെരുമാറ്റമുണ്ടായതായി എനിക്ക് തോന്നിയിട്ടുള്ളത്. മറ്റു നടിമാരിൽ നിന്ന് ഒരിക്കലും എനിക്ക് അങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ല. നമ്മൾ എപ്പോഴും വളരെ സ്നേഹത്തോടെയാണ് ഇടപെടാറുള്ളത്. പരസ്പരം അംഗീകരിച്ചും അഭിനന്ദിച്ചുമാണ് സ്ത്രീകളായ ആർട്ടിസ്റ്റുകൾ മുന്നോട്ടു പോകുന്നത്’,

‘ഞാൻ നിന്റെ സിനിമ കണ്ടിരുന്നു, ഗംഭീരമായിട്ടുണ്ട് എന്നൊക്കെ പല നടിമാരും മറ്റു നടിമാരോട് വളരെ എളുപ്പത്തിൽ പറയാറുണ്ട്. ഉദാഹരണത്തിന്, തിരുച്ചിത്രമ്പലത്തിൽ റാഷി ഖന്നയും പ്രിയയും ഉണ്ടായിരുന്നു. അവരൊക്കെ വളരെ നല്ല രീതിയിലാണ് എന്നോട് ഇടപെട്ടത്. എന്നോട് നല്ല സ്നേഹവുമായിരുന്നു. എന്നോടൊപ്പം വർക്ക് ചെയ്ത എല്ലാ സ്ത്രീകളും അങ്ങനെയുള്ളവരായിരുന്നു. നമ്മളോട് അൽപം വെല്ലുവിളി നിറഞ്ഞ രീതിയിലും അസൂയയോടെയും പെരുമാറിയിട്ടുള്ളത് പുരുഷ താരങ്ങളാണ്’, നിത്യ മേനോൻ പറഞ്ഞു.

നിത്യയുടെ അഭിപ്രായത്തോട് താൻ യോജിക്കുന്നുവെന്ന്പർവതിയും പറയുന്നുണ്ട്. ‘നമ്മൾ സ്ത്രീകൾ സമാനമായ നിരവധി അനുഭവങ്ങളിലൂടെ കടന്നുപോയവരാണ്. അതിനെ ഓരോന്നിനെയും നേരിട്ടതും അതിജീവിച്ചതുമായ രീതികൾ വ്യത്യസ്തമായിരിക്കാം, എന്നാൽ അനുഭവങ്ങളിൽ സാമ്യതയുണ്ടാകും. വുമൺ ഇൻ സിനിമ കളക്ടീവിനെ കുറിച്ച് ഇവിടേ പറഞ്ഞേ മതിയാകു. അങ്ങനെ ഒരു കൂട്ടായ്മ ഉണ്ടായി വന്നതിന് ശേഷം ഞങ്ങൾ എല്ലാവരും പരസ്പരം ഷെയർ ചെയ്യാനും ഒന്നിച്ചു വളരാനുമാണ് ശ്രമിച്ചിട്ടുള്ളത്’,

‘നീ ഇങ്ങനെ ആണല്ലേ ചെയ്യുന്നത് അത് നന്നായിട്ടുണ്ടല്ലോ എന്ന് നമ്മൾ പരസ്‌പരം പറയാറുണ്ട്. എന്നാൽ ആർക്കും തന്നെ ഞാൻ ഇങ്ങനെ ചെയ്താൽ അവളേക്കാൾ മുമ്പിലെത്താം എന്ന ചിന്ത ഉണ്ടാവാറില്ല. ഒരാൾ പോലും അങ്ങനെ ഒരു മനോഭാവം കാണിക്കാറില്ല,’ പാർവതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week