ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് സിനിമാതാരം വിവേകിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന വടപളനിയിലെ എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഇതു സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടു.
ഇന്ന് രാവിലെ 11 മണിയോടെയാണ് അബോധാവസ്ഥയിലായിരുന്ന അദ്ദേഹത്തെ ഉറ്റ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുന്നത്. കൊറോണറി ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും ചെയ്‌തെന്നും ഇസിഎംഒ (ECMO) യില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ഗുരുതരാവസ്ഥയില്‍ തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും. ‘അക്യൂട്ട് കൊറോണറി സിന്‍ഡ്രോ’മിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചതെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഇതിനു കാരണം കൊവിഡ് വാക്‌സിനേഷന്‍ ആവണമെന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് വിവേക് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ആശുപത്രിയില്‍ എത്തിച്ചതിനു ശേഷം നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെയാണ് തനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്ന വിവരം വിവേക് വീട്ടുകാരെ അറിയിച്ചത്. ഭാര്യയും മകളും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.
ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ശരീരത്തിന്റെ പുറത്തുനിന്ന് യന്ത്രസഹായത്തോടെ നിര്‍വ്വഹിക്കുന്ന സംവിധാനമാണ് എക്‌സ്ട്രാ കോര്‍പ്പറല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്‍ എന്ന ഇസിഎംഒ. രോഗിയുടെ ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം അനുവദിക്കാന്‍ വേണ്ടിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്താറ്.