കോഴിക്കോട്:കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഒമ്പത് മാസങ്ങള്‍ക്ക് മുമ്പാണ് നടന്‍ വിനോദ് കോവൂര്‍ ഡ്രൈവിങ്ങ് ലൈസന്‍സ് പുതുക്കാന്‍ നല്‍കിയത്.പിന്നാലെ വിവാദങ്ങളും.നിയമക്കുരുക്കുകള്‍ തീര്‍ത്ത് വീണ്ടും ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയിരിക്കുകയാണ് വിനോദ്.
2019ല്‍ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞെങ്കിലും ഒരു വര്‍ഷത്തിനുശേഷമാണ് ഇക്കാര്യം വിനോദ് ശ്രദ്ധിച്ചത്. കാലാവധി കഴിഞ്ഞ ഒരു വര്‍ഷത്തോളമായതിനാല്‍ റോഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കി മാത്രമേ ലൈസന്‍സ് പുതുക്കാന്‍ സാധിക്കൂ. അതുകൊണ്ട് തന്നെ നാട്ടിലുള്ള ഒരു ഡ്രൈവിങ്ങ് സ്‌കൂളിനെ ഇതിനായി സമീപിക്കുകയായിരുന്നു വിനോദ്. വീണ്ടും ടെസ്റ്റുകള്‍ എടുക്കണമെന്ന് അറിയിക്കുകയും ഫീസ് ഇനത്തില്‍ 6300 രൂപ ഇവര്‍ വാങ്ങിക്കുകയും ചെയ്തു. നാടകീയ സംഭവങ്ങളാണ് പിന്നീടുണ്ടായത്.
വാഹനവകുപ്പിന്റെ സാരഥി വെബ്സൈറ്റ് വഴിയാണ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കുക. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് സാരഥി വെബ്സൈറ്റില്‍ കയറി ഔദ്യോഗിക നടപടികള്‍ ചെയ്യുന്നതിന് നല്‍കിയിട്ടുള്ള ഒരു യൂസര്‍ നെയിമും പാസ്‌വേഡും ചോര്‍ത്തിയെടുത്ത് ലൈസന്‍സ് പുതുക്കാനാണ് ഡ്രൈവിങ്ങ് സ്‌കൂളുകാര്‍ ശ്രമിച്ചത്. തന്റെ യൂസര്‍നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ച് ആരോ നാല് തവണ സൈറ്റില്‍ ലോഗിന്‍ ചെയ്തിട്ടുണ്ടെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ ഫോണിലേക്ക് ഒരു മെസേജ് വന്നു. ഉടനെതന്നെ അദ്ദേഹം സൈബര്‍സെല്ലിലും മോട്ടോര്‍വാഹനവകുപ്പിലും എന്‍ഐസിയിലും പരാതി നല്‍കി. പിറ്റേദിവസം നടത്തിയ പരിശോധനയില്‍ കോവൂരിലെ സ്ഥാപനത്തിലെ കംപ്യൂട്ടറില്‍നിന്നാണ് ലോഗിന്‍ ചെയ്തതെന്നു കണ്ടെത്തുകയായിരുന്നു.
സ്ഥാപനം റെയ്ഡ് ചെയ്ത് നടത്തിയ പരിശോധനയില്‍ ഏതാനും ഡ്രൈവിങ് ലൈസന്‍സുകളുടെ പുതുക്കല്‍ നടത്തിയതായി കണ്ടെത്തി. ഇതില്‍ വിനോദ് കോവൂരിന്റെ ലൈസന്‍സും ഉള്‍പ്പെട്ടിരുന്നു. ഇതോടെ നടന്റേത് അടക്കമുള്ളവരുടെ ലൈസന്‍സ് റദ്ദായി.
വകുപ്പിനും മന്ത്രിക്കും പലതവണ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് വാഹനപരീക്ഷയ്ക്ക് അനുമതി ലഭിച്ചത്. ഇതനുസരിച്ച് ഇരുചക്രവാഹനത്തിന്റെയും നാലുചക്രവാഹനത്തിന്റെ പരീക്ഷ നടത്തി. അടുത്തുതന്നെ ലൈസന്‍സ് കയ്യില്‍കിട്ടുമെന്ന സന്തോഷത്തിലാണ് വിനോദ് കോവൂര്‍.