KeralaNews

നടൻ വിനായകന്റെ ചേട്ടന്റെ ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് പൊലീസിന്റെ കസ്റ്റഡിയിൽ; പകപോക്കുന്നെന്ന് വിക്രമൻ

കൊച്ചി: നടൻ വിനായകന്റെ ചേട്ടനും ഓട്ടോറിക്ഷാ തൊഴിലാളിയുമായ വിക്രമന്റെ ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപണം. വല്ലാർപാടം ഹാൾട്ടിങ് സ്റ്റേഷൻ പെർമിറ്റുള്ള ഓട്ടോറിക്ഷ കൊച്ചി നഗരത്തിൽ സർവീസ് നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

ഐപിസി 283ാം വകുപ്പും, മോട്ടോർ വാഹന നിയമം 192 എ (1) വകുപ്പും ചുമത്തിയാണ് എഫ്ഐആർ. ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് വെസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലാണ്. നീ നടൻ വിനായകന്റെ ചേട്ടനല്ലേ എന്ന് ചോദിച്ചായിരുന്നു പൊലീസ് നടപടിയെന്ന് വിക്രമൻ ആരോപിച്ചു. എന്നാൽ വിക്രമൻ വളരെ മോശമായാണ് പെരുമാറിയതെന്ന് പറഞ്ഞ പൊലീസുകാർ, നടൻ വിനായകന്റെ ജേഷ്ഠനാണ് അദ്ദേഹമെന്ന് അറിഞ്ഞത് പിന്നീടാണെന്നും പറഞ്ഞു.

വിക്രമൻ പറയുന്നത് ഇങ്ങനെ

‘തന്റെ ഭാര്യയുടെ പേരിലുള്ളതാണ് KL-07-CN-8099 നമ്പർ സിഎൻജി ഓട്ടോറിക്ഷ. ഈ ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. ഇന്നലെ പകൽ 11.25 ഓടെ എംജി റോഡ് മെട്രോ സ്റ്റേഷന് സമീപത്ത് വച്ചാണ് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. പിഴയടച്ച് വിടാവുന്ന കുറ്റത്തിന് മുൻവൈരാഗ്യത്തോടെ പൊലീസ് ഇടപെടുകയായിരുന്നു. മുളവുകാട് പഞ്ചായത്തിലെ വല്ലാർപാടത്ത് ഹാൾട്ടിങ് സ്റ്റേഷനുള്ള ഓട്ടോറിക്ഷയ്ക്ക് കൊച്ചി നഗരത്തിലേക്ക് സർവീസ് നടത്തുന്നതിന് നിയമപരമായി യാതൊരു തടസവുമില്ല. 

യാത്രക്കാരുമായി എംജി റോഡ് മെട്രോ സ്റ്റേഷനിലേക്ക് വന്നതായിരുന്നു. യാത്രക്കാരെ ഇറക്കിയതിന് പിന്നാലെയാണ് പൊലീസെത്തിയത്. നീ വിനായകന്റെ ചേട്ടനല്ലേയെന്ന് ചോദിച്ച പൊലീസുകാർ ഒരു 15 ദിവസം വണ്ടി സ്റ്റേഷനിൽ കിടക്കട്ടെ എന്ന് പറഞ്ഞ് വാഹനം പിടിച്ചുവെക്കുകയായിരുന്നു. കമ്മട്ടിപാടത്താണ് എന്റെ വീട്. യൂണിയന്‍ ബാങ്കില്‍ നിന്ന് ലോണെടുത്താണ് ഭാര്യയുടെ പേരിൽ സിഎൻജി ഓട്ടോറിക്ഷ വാങ്ങിയത്. നാല് വശത്തും റെയിൽവെ ട്രാക്കായതിനാൽ ഓട്ടോറിക്ഷ വീട്ടിൽ കൊണ്ടുപോകാനും കഴിയില്ല. അതിനിടെയാണ് പൊലീസ് സഹോദരനോടുള്ള പക തീർക്കാൻ തന്നെയും കരുവാക്കുന്നത്’ – വിക്രമൻ പറഞ്ഞു.

പൊലീസ് പറയുന്നത് ഇങ്ങനെ

വിക്രമനെതിരെ ചുമത്തിയ കേസ് സ്വാഭാവിക നടപടിക്രമമെന്ന് കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് പൊലീസ്, ഇദ്ദേഹം വളരെ മോശമായാണ് പൊലീസുകാരോട് പെരുമാറിയതെന്നും ആരോപിച്ചു. എംസി റോഡ് മെട്രോ സ്റ്റേഷൻ റോഡ് തിരക്കേറിയ പാതയാണെന്നും ഇന്നലെ പട്രോളിംഗ് സംഘം അതുവഴി പോയപ്പോൾ അവിടെ നാല് ഓട്ടോറിക്ഷകൾ ഉണ്ടായിരുന്നുവെന്നും സിഐ ഹണി പറഞ്ഞു. നാല് ഓട്ടോറിക്ഷകൾക്കും പിഴയടക്കാൻ ചലാൻ നൽകി.

എന്നാൽ ഈ ഒരു ഓട്ടോറിക്ഷാ തൊഴിലാളി മാത്രം അതിന് തയ്യാറായില്ല, പൊലീസിനോട് തട്ടിക്കയറി. അതുകൊണ്ടാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധമായി വാഹനം പാർക്ക് ചെയ്തതിനും പെർമിറ്റില്ലാത്ത സ്ഥലത്ത് സർവീസ് നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പട്രോളിങ് സമയത്ത് കസ്റ്റഡിയിലെടുക്കുമ്പോൾ വിക്രമൻ വിനായകന്റെ ചേട്ടനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ്  എസ്ഐ വിനോദ് പറഞ്ഞു. എംജി റോഡ് മെട്രോ സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷകൾ ഇവിടെ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിക്രമൻ വളരെ മോശമായി സംസാരിച്ചു.

താനാരാണെന്ന് അറിയില്ലെന്നും നിന്നെയൊക്കെ കാണിച്ച് തരാമെന്നും വിക്രമൻ പറഞ്ഞുവെന്നും പിഴയടക്കാൻ തയ്യാറാകാത്തത് കൊണ്ടാണ് വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുവന്നതെന്നും വിനോദ് പറഞ്ഞു. പിന്നീട് ഓട്ടോറിക്ഷ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിക്രമൻ നടൻ വിനായകന്റെ ചേട്ടനാണെന്ന് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button