കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ഉമ്മന്‍ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച് നടന്‍ വിനായകന്‍.ആരാണ് ഉമ്മന്‍ചാണ്ടി,ഉമ്മന്‍ചാണ്ടി ചത്തു,എന്തിനാണ് മൂന്ന് ദിവസം അവധി എന്നാണ് ഫേസ്ബുക്ക് ലൈവിലെത്തി വിനായകന്‍ ചോദിയ്ക്കുന്നത്.
ആരാണ് ഈ ഉമ്മന്‍ചാണ്ടി,എന്തിനാടോ മൂന്നു ദിവസമൊക്കെ,നിര്‍ത്തിയിട്ട് പോ..പത്രക്കാരോടാണ് പറയുന്നത്.ഉമ്മന്‍ചാണ്ടി ചത്തു അതിന് ഞങ്ങള്‍ എന്തുചെയ്യണം.എന്റെ അഛനും നിങ്ങളുടെ അഛനും ചത്തു.അതിനിപ്പം ഞങ്ങളെന്തു ചെയ്യണം.നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിയ്ക്കില്ലെന്നും വിനായകന്‍ പറഞ്ഞു.
മലയാളികൾ ഏറെ നെഞ്ചിലേറ്റിയ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗം താങ്ങാനാവാതെ നിൽക്കുകയാണ് കേരളക്കര. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുള്ള ആളുകളാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം കാണാൻ എത്തുന്നത്. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട സമയം മുതൽ അദ്ദേഹത്തെ കാണാൻ എംസി റോഡിന്റെ ഇരു സൈഡുകളിലും ആളുകൾ നിറഞ്ഞ് നിന്നിരുന്നു. വാർത്ത ചാനലുകളിൽ ഇതിന്റെ സംപ്രേക്ഷണവും ഉണ്ടായിരുന്നു.
ഇത്തരം വീഡിയോ ചെയ്തു പൊങ്കാല മേടിക്കാതെ ഉറങ്ങാതിരിക്കാൻ പറ്റില്ലേയെന്നും നിരവധി പേരാണ് വിനായകനോട് ചോദിക്കുന്നത്. ഇങ്ങനെയൊരു വീഡിയോ ചെയ്ത വിനായകന് എതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. മുൻമുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടിക്ക് എതിരെ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഇത്തരമൊരു ആക്ഷേപം നടത്തിയ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്യണമെന്നുള്ള ആവശ്യവും ഉയരുന്നുണ്ട്. വിമർശനം ഉയർന്നത്തോടെ വിനായകൻ വീഡിയോ ഡിലീറ്റ് ചെയ്തു.
ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമയക്കണക്കുകളെല്ലാം തെറ്റിച്ച് മുന്നോട്ട്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് തിരുനക്കര മൈതാനത്ത് എത്തേണ്ടിയിരുന്ന വിലാപയാത്ര, 23 മണിക്കൂർ പിന്നിട്ടിട്ടും കോട്ടയം ജില്ലയിലേക്ക് പ്രവേശിച്ചതേയുള്ളൂ. ഇപ്പോൾ പെരുന്നയിലാണ് വിലാപയാത്ര എത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട് ജനസാഗരമായി എംസി റോഡ് മാറി.
സമാനതകളില്ലാത്ത അന്ത്യയാത്രയാണ് രാഷ്ട്രീയ കേരളം ഉമ്മൻചാണ്ടിക്ക് നൽകിയത്. ഇനി ഇങ്ങനെയൊരു നേതാവുണ്ടാകില്ലെന്ന് പറഞ്ഞ്, കണ്ണീരണിഞ്ഞ്, പലവിധ രീതിയിൽ ജീവിതത്തെ സ്പർശിച്ച കഥകൾ പങ്കുവച്ച്, ജനം തെരുവിൽ കാത്ത് നിൽക്കുകയാണ് ഇപ്പോഴും. വെയിലും മഴയും അവഗണിച്ച്, രാവെന്നോ പകലെന്നോ ഇല്ലാതെ, അവസാനമായി പ്രിയനേതാവിനെ കാണാനുള്ള ശ്രമത്തിലാണ് എല്ലാവരും.
ഇന്നലെ രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്ന് തുടങ്ങിയ യാത്ര. 22 മണിക്കൂർ പിന്നിട്ടപ്പോൾ എത്തിയത് 124 കിലോമീറ്റർ ഇപ്പുറം തിരുവല്ലയിലായിരുന്നു. കൊട്ടാരക്കരയിലും അടൂരും ചെങ്ങന്നൂരും, ജനസാഗരം ഇരമ്പിയെത്തി. വാഹന വ്യൂഹത്തിന് മുന്നോട്ട് പോകാൻ കഴിയാത്ത വിധം ജനം തിങ്ങിനിറഞ്ഞു. നേതാക്കൾ ഏറെ പണിപ്പെട്ടാണ് വിലാപയാത്രയ്ക്ക് വഴിയൊരുക്കിയത്.
ഉമ്മൻചാണ്ടിയുടെ വിലാപയാത്രയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്ര, പൊതുദർശനം, സംസ്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് അവധിയെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി അറിയിച്ചു. ഉമ്മൻചാണ്ടിയോടുള്ള ആദര സൂചകമായി, കോട്ടയം നഗരത്തിലെ മുഴുവൻ കടകളും ഇന്ന് അടച്ചിടുമെന്ന് കോട്ടയം മെർച്ചന്റ്സ് അസോസിയേഷനും അറിയിച്ചു. ഹോട്ടലുകൾ, ബേക്കറികൾ, മെഡിക്കൽ സ്റ്റോറികൾ എന്നിവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളാണ് അടച്ചിടുക.