ചെന്നൈ:തന്റെ പേര് ഉപയോഗിച്ച് പാർട്ടി രൂപീകരിക്കുന്നതിൽ നിന്നും യോഗം ചേരുന്നത് അടക്കമുള്ള കാര്യങ്ങളിൽനിന്നും മാതാപിതാക്കൾ അടക്കമുള്ളവരെ തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് നടൻ വിജയ്.
അച്ഛൻ എസ്.എ.ചന്ദ്രശേഖർ,അമ്മ ശോഭ ശേഖർ,ആരാധക സംഘടനയിൽ ഉണ്ടായിരുന്ന എക്സിക്യൂട്ടീവ് മെമ്പർമാർ എന്നിവരടക്കം 11 പേർക്കെതിരെയാണ് വിജയ് കോടതിയെ സമീപിച്ചിരിക്കുന്നത്.ഹർജി പരിഗണിയ്ക്കുന്നത് മദ്രാസ് ഹൈക്കോടതി സെപ്റ്റംബർ 27 ലേക്ക് മാറ്റി.
വിജയ്യുടെ പേരിൽ പുതിയ പാർട്ടി ആരംഭിക്കുന്നതായി അദ്ദേഹത്തിന്റെ ബന്ധു പത്മനാഭൻ പ്രഖ്യാപിച്ചിരുന്നു. ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ മുന്നേറ്റ്രം’ എന്ന പേരിലാണ് പാർട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്.വിജയുടെ അച്ഛൻ എസ്.എ ചന്ദ്രശേഖറും,അമ്മ ശോഭയുമാണ് പാർട്ടിയുടെ ട്രഷറർമാർ.തുടർന്ന് വിജയ് ഇരുവർക്കുമെതിരെ രംഗത്ത് വന്നിരുന്നു.തന്റെ പേരോ ചിത്രമോ ഉപയോഗിച്ച് പാർട്ടി രൂപീകരിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു നടന്റെ നിലപാട്.
അതേസമയം തമിഴ്നാട്ടിൽ അടുത്തമാസം നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആരാധകരുടെ സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന് വിജയ് അനുമതി നൽകി.ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയൻ,ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പുകളാണ് ഒക്ടോബർ ആറ്, ഒമ്പത് തീയതികളിൽ നടക്കുന്നത്.അംഗങ്ങൾ സ്വതന്ത്രരായിട്ടായിരിക്കും മത്സരിക്കുക. വിജയ് പ്രചാരണരംഗത്തുണ്ടാകില്ലെന്നാണ് വിവരം. തന്റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കാൻ വിജയ് സമ്മതിച്ചിട്ടുണ്ടെങ്കിലും അംഗങ്ങൾ സ്വന്തംനിലയിൽ എന്നവിധം മത്സരിക്കണമെന്നാണ് നിർദേശം.